മാക്കേക്കടവ്-നേരേകടവ് പാലം

To advertise here,

പൂച്ചാക്കൽ : മാക്കേക്കടവ്-നേരേകടവ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതിനു മുൻപുള്ള അവസാനഘട്ട ജോലികളിലേക്ക്. വൈദ്യുതി കേബിളുകൾ വലിക്കുന്ന ജോലിയാണ് നിലവിൽ പുരോഗമിക്കുന്നത്. വൈദ്യുതി കേബിൾ വലിക്കുന്ന ജോലി അഞ്ചുദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി മോൻസ് ജോസഫ് നിർദേശിച്ചു. പരമാവധി ഏഴു ദിവസമേ ഇനി കെ.എസ്.ഇ.ബി.യുടെ ജോലികൾക്ക് എടുക്കാവൂ എന്നും മന്ത്രി പറഞ്ഞു.

അതിനുശേഷം മാത്രമേ ടാറിങ് തുടങ്ങാൻ കഴിയൂ. അല്ലെങ്കിൽ പൂർത്തീകരിച്ച റോഡിന്റെ ഭാഗം വീണ്ടും കുത്തിപ്പൊളിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് കെ.എസ്.ഇ.ബി.യുടെ ജോലികൾ തീർത്തിട്ട് ടാറിങ് മതി എന്നു തീരുമാനിച്ചത്.

പാലത്തിന്റെയും അനുബന്ധ പാതയുടെയും നിർമാണജോലികളിൽ ഇനി ടാറിങ് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ മാസം 30-നകം പാലത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും തീരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അത് സാധ്യമാകില്ല.

മാക്കേക്കടവ്-നേരേകടവ് പാലവും വൈക്കം-എറണാകുളം റോഡും ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗത്ത് വീതി കുറവാണ് എന്നത് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ ഉയരുന്ന വെല്ലുവിളിയാകും. ഈ റോഡിൽ ഏതാനും കലുങ്കുകളുമുണ്ട്. കലുങ്കുകളുടെ പുനർനിർമാണം ഉൾപ്പെടെയുള്ള റോഡ് വികസനത്തിന്റെ കാര്യത്തിന് മന്ത്രിതല യോഗം ചേരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും കൂടി ഉൾപ്പെടുത്തിയുള്ള ചർച്ചയും വേണ്ടിവന്നേക്കുമെന്ന് സൂചനയുണ്ട്. പാലം നിർമാണം എട്ടു വർഷക്കാലം സ്ഥലമേറ്റെടുപ്പ് തർക്കത്തെത്തുടർന്ന് നിലച്ചുപോയിരുന്നു. ആ സമയത്ത് പാലവുമായി ബന്ധിപ്പിച്ചുള്ള റോഡ് വികസനം സാധ്യമായില്ല. പാലം എങ്ങനെയും പൂർത്തിയാക്കുക എന്ന പ്രാഥമിക പരിഗണനയിൽ റോഡുവികസനം എത്തിയില്ല.

നേരേകടവ് മേഖലയിൽ തോടുകളുടെ സംരക്ഷണത്തിനോടൊപ്പം റോഡിനു വീതികൂട്ടൽ നടത്തേണ്ടതുണ്ട്. 800 മീറ്റർ നീളവും ഇരുവശങ്ങളിലും നടപ്പാത ഉൾ​പ്പെടെ 11 മീറ്റർ വീതിയുമാണ് മാക്കേക്കടവ്-നേരേകടവ് പാലത്തിനുള്ളത്. ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതും തുറവൂർ-പമ്പ പാതയുടെ ഭാഗവുമാണ് ഈ പാലം. പാതയുടെ ഭാഗമായുള്ള ആദ്യ പാലമായ തുറവൂർ-തൈക്കാട്ടുശ്ശേരി പാലം ഉദ്ഘാടനം ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞു.

മാക്കേക്കടവ്-നേരേകടവ് പാലം ഗതാഗതത്തിനു തുറന്നുകൊടുക്കുന്നതോടെ തുറവൂരിൽനിന്ന്‌ കോട്ടയം ജില്ല വഴി ഒരു പുതിയ പാത തെളിയും. ശബരിമല തീർഥാടകർക്കുൾപ്പെടെ ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ തണ്ണീർമുക്കം ബണ്ട് വഴി ചുറ്റിത്തിരിഞ്ഞാണ് വൈക്കം, കോട്ടയം പ്രദേശങ്ങളിലെത്തുന്നത്.