കോട്ടയം :കോട്ടയം-ചുങ്കം-മെഡിക്കൽ കോളേജ് റൂട്ടിൽ രണ്ട് ദിവസങ്ങളിലായി നിരവധി ആളുകളെ കടിച്ച പേവിഷബാധ സംശയിക്കുന്ന പെൺ തെരുവുനായയെ പിടികൂടി കോടിമതയിലെ നിരീക്ഷണകേന്ദ്രത്തിലെ കൂട്ടിലാക്കി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആർപ്പൂക്കര അമ്പലക്കവലയിൽനിന്നാണ് നായയെ പിടികൂടിയത്. കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാറിന്റെ നിർദേശാനുസരണമാണ് നായയെ നഗരസഭയുടെ കോടിമതയിലെ എ.ബി.സി. ഷെൽട്ടറിലെത്തിച്ചത്.

To advertise here,

ആർപ്പൂക്കര അമ്പലക്കവലയിലെ ബേക്കറിയുടെ മുൻപിൽ പേവിഷബാധ സംശയിക്കുന്ന നായ ഒരാളെ കടിക്കാൻ ശ്രമിച്ചിരുന്നു. ബേക്കറിക്ക്‌ മുൻപിൽ കിടന്ന വളർത്തുനായ ഇതുകണ്ട് അവിടെ നിന്നയാളെ സംരക്ഷിക്കാൻ ഒാടിയെത്തി. ഇതോടെ പേവിഷബാധ സംശയിക്കുന്ന നായ, വളർത്തുനായയെ കടിച്ചു. ഇത് കണ്ടെത്തിയ ഡോഗ് ക്യാച്ചർ ജയകുമാറും, കോട്ടയം സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് കൈയ്യോടെ പേവിഷബാധ സംശയിക്കുന്ന നായയെ അവിടെ വെച്ച് പിടികൂടി. കടിയേറ്റ വളർത്തുനായയ്ക്ക് വാക്സിനെടുത്തു. ഇനി നാല് വാക്സിൻകൂടി കൊടുക്കേണ്ടതുണ്ട്.

വ്യാഴാഴ്ച വൈകീട്ട് അമ്പാടി, കുടയംപടി, ചുങ്കം ഭാഗങ്ങളിലായി 12 പേരെ പേവിഷബാധ സംശയിക്കുന്ന നായ കടിച്ചിരുന്നു. വെള്ളിയാഴ്ചരാവിലെ പനമ്പാലം അങ്ങാടിയിലും രണ്ടുപേരെ കടിച്ചു. അതിനുശേഷമാണ് ആർപ്പൂക്കര അമ്പലക്കവലയിലെത്തിയത്. സംഭവത്തെത്തുടർന്ന് ഡോഗ് ക്യാച്ചർ ജയകുമാറും, കോട്ടയം സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് വ്യാഴാഴ്ചരാത്രി മുതൽ കോട്ടയം-ചുങ്കം-മെഡിക്കൽ കോളേജ് റൂട്ടിൽ നായയെ തിരഞ്ഞിരുന്നു. നായയുടെ കടിയേറ്റ മറ്റ് നായ്ക്കൾ പ്രദേശത്ത് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നാട്ടുകാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

തെരുവുനായശല്യം നിയന്ത്രിക്കും

ഈ വർഷം തെരുവുനായ നിയന്ത്രണത്തിന് വിവിധ പദ്ധതികളിലായി ഏഴ് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ഭക്ഷണപായ്ക്കറ്റുകൾ വലിച്ചെറിയരുത്. ഇത് മെഡിക്കൽ കോളേജ് അധികൃതർ പൂർണമായും നിയന്ത്രിക്കണം.

-ആനന്ദ് പഞ്ഞിക്കാരൻ

ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ്‌