പാലാ : ജനറലാശുപത്രി ജങ്ഷനെയും ബൈപ്പാസിനെയും ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് വികസനം നിശ്ചിതസ്ഥലത്തുമാത്രമായി പരിമിതപ്പെടുത്തുന്നതിനെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്ത്. നിലവിൽ നവീകരണം ജനറൽ ആശുപത്രി അത്യാഹിതവിഭാഗം വരെയാണ്.
ഇത് ബൈപ്പാസിലേക്ക് എത്തുന്നവിധം ലിങ്ക് റോഡ് പൂർണമായും നവീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ജല അതോറിറ്റി ഓഫീസ്, ജലശുദ്ധീകരണശാല, പൊതുശ്മശാനം, ഗവ.ഹോമിയോ ആശുപത്രി, സെയ്ന്റ് ജോർജ് പുത്തൻപള്ളി തുടങ്ങി ഒട്ടേറെ ഇടങ്ങളിലേക്കുള്ള റോഡാണിത്. ആശുപത്രിയുടെ 2.72 സെന്റ് സ്ഥലവും പഴയ മോർച്ചറിയുടെ ഭാഗവും ഉൾപ്പെടെ 150 മീറ്റർ നീളത്തിൽ റോഡ് രണ്ടുകോടിയിലേറെ രൂപ മുടക്കിയാണ് നിലവിൽ വികസിപ്പിക്കുന്നത്.
അത്യാഹിതവിഭാഗം മുതൽ സമാന്തര റോഡുവരെ ഭൂമി ഏറ്റെടുക്കൽ നടത്തിയിട്ടില്ല. 12 വർഷം മുൻപ് 15 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് സ്ഥലം അളന്നു തിരിച്ച് കല്ലിട്ടിരുന്നു. പൊതുമരാമത്തുവകുപ്പ് റവന്യൂവകുപ്പിൽ തുക ലഭ്യമാക്കി തുടർ നടപടികൾ ആരംഭിക്കുകയുംചെയ്തിരുന്നു. പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല. ആശുപത്രി റോഡ് വശങ്ങളിലെ കൈയ്യേറ്റം ഒഴിപ്പിക്കുകയും ഇവർക്ക് ആശുപത്രിവക സ്ഥലത്ത് ബങ്കുകൾ സ്ഥാപിക്കാൻ അനുമതിനൽകുകയും ചെയ്യണമെന്ന് രാഷ്ട്രീയ ജനതാദൾ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും ആശുപത്രി മാനേജിങ് കമ്മിറ്റിയംഗവുമായ പീറ്റർ പന്തലാനി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ജോണി ഈഴാറകം അധ്യക്ഷതവഹിച്ചു. കോടിക്കണക്കിനു രൂപ മുടക്കി ആശുപത്രി വികസനം നടത്തുമ്പോൾ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും വളവുകൾ നിവർത്താനും അധികൃതർ തയ്യാറാകണമെന്ന് പാലാ പൗരാവകാശസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോയി കളരിക്കൽ അധ്യക്ഷതവഹിച്ചു.
ജനറലാശുപത്രി റോഡിൽ കൈയ്യേറ്റങ്ങൾ അനുവദിക്കില്ലെന്നും റോഡിന്റെ യഥാർഥ വീതി പൂർണമായി തിരിച്ചുപിടിക്കണമെന്നും ബി.ജെ.പി. മണ്ഡലം കമ്മിറ്റിയും മുനിസിപ്പൽ കമ്മിറ്റിയും ആവശ്യപ്പെട്ടു. റോഡിന്റെ അതിർത്തി അടിയന്തരമായി അളന്ന് കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പൊതുമരാമത്ത് അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി കുറിച്ചിയിൽ, ജനറൽ സെക്രട്ടറി സുനിൽ പഴയവീട്, ജിജോ മുഴയിൽ പി.സുനീഷ്, എം.ആർ.ബിനു എന്നിവർ പ്രസംഗിച്ചു.
Published: 26 Sept 2026, 02:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented