അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നു
കറുകച്ചാൽ : കവലകളിലെ ഉയരവിളക്കുകൾ നോക്കുകുത്തികളായി. ഉയരവിളക്കുകൾ തോരണംകെട്ടാനും ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കാനുമുള്ള ഇരുമ്പുതൂണുകളായി മാറുന്നു.
ഉയരവിളക്ക് തെളിയാത്തതിനാൽ നെത്തല്ലൂരും കറുകച്ചാൽ സെൻട്രൽ ജങ്ഷനും ദേവഗിരിയിയുമൊക്കെ കൂരിരുട്ടിലായിട്ട് കാലങ്ങളായി. അറ്റകുറ്റപ്പണികൾക്ക് ചെലവ് അധികമായതിനാൽ പഞ്ചായത്തുകൾ പലതും ഉപേക്ഷിച്ചു.
സ്ഥാപിച്ച കാലംമുതൽ എന്നും തകരാറിലാണ് സെൻട്രൽ ജങ്ഷനിലെ ഉയരവിളക്ക്. ഗാരന്റി കാലാവധി കഴിഞ്ഞതുമുതൽ കേടായി. പലപ്പോഴായി പതിനായിരങ്ങൾ മുടക്കി പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തി.
നന്നാക്കി മാസങ്ങൾക്കകം കേടാകും. വർഷങ്ങളോളം ഉപേക്ഷിച്ചിട്ട വിളക്ക് ഒന്നരവർഷം മുൻപ് നന്നാക്കിയിരുന്നു. വീണ്ടും തകരാറിലായതോടെ പഞ്ചായത്ത് പൂർണമായി ഉപേക്ഷിച്ചു. ചരമ അറിയിപ്പുകളും ഫ്ളക്സ്ബോർഡുകളും സ്ഥാപിക്കുന്നത് ഇതിന്റെ ചുവട്ടിലാണ്.
ആകെ തെളിഞ്ഞത് എട്ടുമാസം
നെത്തല്ലൂർ കവലയുടെ നടുക്ക് സ്ഥാപിച്ച വിളക്ക് കേടായിട്ട് മൂന്നരവർഷം കഴിഞ്ഞു. കഷ്ടിച്ച് എട്ടുമാസം മാത്രമാണ് വിളക്ക് തെളിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. ഈ വിളക്ക് ഒരിക്കൽപോലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കൊടിതോരങ്ങൾ കെട്ടാനും പോസ്റ്ററുകൾ പതിക്കാനുമുള്ള ഇരുമ്പുതൂണായി മാറിയിരിക്കുകയാണിപ്പോൾ. കടകൾ അടയ്ക്കുന്നതോടെ കവല കൂരിരുട്ടിലാണ്.
ദേവഗിരിയിലേത് ഉപേക്ഷിച്ചു
പഴയ സോളാർ വിളക്ക് കേടായപ്പോൾ 2018-ലാണ് ദേവഗിരി കവലയിൽ എം.എൽ.എ.ഫണ്ടുപയോഗിച്ച് പുതിയ വിളക്ക് സ്ഥാപിച്ചത്. കുറച്ചുകാലം തെളിഞ്ഞു. ആദ്യം നന്നാക്കിയെങ്കിലും തുടർച്ചയായി കേടായതോടെ പഞ്ചായത്ത് ഉപേക്ഷിച്ചു. വൈദ്യുത കണക്ഷനുള്ളതിനാൽ തൂണിൽനിന്ന് സമീപത്തെ കെട്ടിടത്തിലേക്ക് വൈദ്യുതി പ്രവഹിക്കുമായിരുന്നു. നാട്ടുകാർ അറിയിച്ചതോടെ ഇതും വിേച്ഛദിച്ചു. പണമില്ലാത്തതിനാൽ നന്നാക്കിയതുമില്ല.
ഇടയിരിക്കപ്പുഴ ആശുപത്രിക്ക് സമീപം തെളിഞ്ഞുകൊണ്ടിരുന്ന വിളക്കിന്റെ വയറിങ് റോഡ് പണിയുടെ ഭാഗമായാണ് ഇളക്കിമാറ്റിയത്. രണ്ടുവർഷം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചില്ല. വൈദ്യുതി കണക്ഷൻ ഇപ്പോഴുമുണ്ട്. തെളിയുന്നില്ലെങ്കിലും കൃത്യമായി വൈദ്യുതിബില്ല് പഞ്ചായത്ത് അടയ്ക്കുന്നുണ്ട്.
Published: 16 Oct 2026, 02:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented