കൊട്ടാരക്കര : തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അതിവേഗം നിർമാണം പുരോഗമിച്ച ആർ.ബാലകൃഷ്ണപിള്ളസ്മാരക മന്ദിരനിർമാണം നിലച്ചു. കരാർകാലാവധി കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും മന്ദിരം പൂർത്തിയായില്ല. ബിൽ മാറുന്നതു സംബന്ധിച്ച ഫയൽനീക്കം തടസ്സപ്പെട്ടതാണ് പണി മുടങ്ങാൻ കാരണം.
ധനമന്ത്രിയായിരുന്ന കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്ത് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയാണ് ആർ.ബാലകൃഷ്ണപിള്ളസ്മാരകത്തിന് അനുവദിച്ചത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ ആദ്യവർഷം പ്രഖ്യാപിച്ച പദ്ധതി സ്ഥലം സംബന്ധിച്ച തർക്കങ്ങളും സ്മാരകമന്ദിര രൂപരേഖ തയ്യാറാക്കാൻ വൈകിയതുംമൂലം 2025 മേയിലാണ് കരാർ നൽകിയത്. ഭൂമികൈമാറ്റ നടപടികൾ നീണ്ടതിനാൽ വീണ്ടും നിർമാണം വൈകി.
തിരഞ്ഞെടുപ്പിനുമുൻപ് ഉദ്ഘാടനംചെയ്യുകയെന്ന ലക്ഷ്യത്തോടെ പിന്നീട് ദ്രുതഗതിയിൽ നിർമാണം നടത്തിയെങ്കിലും സാധിച്ചില്ല. രണ്ടുമാസമായി നിർമാണം നിലച്ചമട്ടാണ്. ചന്തമുക്കിൽ നഗരചത്വരത്തിന്റെ വശത്തായി സെമിനാർ ഹാളോടുകൂടിയ മന്ദിരമാണ് സ്‌മാരകമായി നിർമിക്കുന്നത്. ഹാൾ നിർമാണം, ഫർണിച്ചർ സ്ഥാപിക്കൽ, ശൗചാലയനിർമാണം തുടങ്ങിയവ ബാക്കിയാണ്.
ബിൽ മാറിനൽകിയാൽ വേഗത്തിൽ തുടർനിർമാണം പൂർത്തിയാകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതിനോടൊപ്പം കെ.എൻ.ബാലഗോപാലിന്റെ എം.എൽ.എ. ഫണ്ടിൽനിന്ന് അറുപതുലക്ഷം രൂപ അനുവദിച്ച് ആരംഭിച്ച നഗരസഭാചത്വരത്തിന്റെ പണിയും നിലച്ചു. തുറന്ന സ്റ്റേജ്, ഇരിപ്പിടങ്ങൾ, കവാടം, ചിത്രപ്പണികളോടുകൂടിയ ചുറ്റുമതിൽ എന്നിവ നിർമിക്കുന്നതായിരുന്നു പദ്ധതി. 60 ലക്ഷം രൂപയുടെ നിർമാണം പൂർത്തിയായി.
വാതിൽ സ്ഥാപിക്കൽ, ടൈൽ പാകൽ, ചായംപൂശൽ എന്നിവകൂടി നടത്താനുണ്ട്. ഇതിന് 20 ലക്ഷം രൂപകൂടി വേണം. എം.എൽ.എ. ഫണ്ടിൽനിന്ന് അധികത്തുക അനുവദിച്ചാൽ മാത്രമേ നഗരസഭാചത്വരവും പൂർണമാകൂ.
സ്മാരകം: കേരള കോൺഗ്രസ്(ബി) സമരത്തിലേക്ക്
:ആർ.ബാലകൃഷ്ണപിള്ളസ്മാരക നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടത്താൻ കേരള കോൺഗ്രസ്(ബി) മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പഴയ പുലമൺ-ചെങ്കോട്ട റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ നടത്താനും തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് പ്രഭാകരൻനായരുടെ അധ്യക്ഷതയിൽ പാർട്ടി ജില്ലാ പ്രസിഡന്റ് എ.ഷാജു, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കൃഷ്ണൻകുട്ടിനായർ, ലീനാ ഉമ്മൻ, ആൻസി, രജിത, മിനികുമാരി, മിനി റെജി തുടങ്ങിയവർ പ്രസംഗിച്ചു.
Published: 22 Sept 2026, 01:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented