തുമ്പമൺഭാഗത്ത് റോഡിന്റെ അരികിൽ കുഴി
പന്തളം : മണ്ഡലകാലം ആരംഭിക്കാൻ 55 ദിവസം മാത്രം ബാക്കി. ശബരിമലയിലേക്കുള്ള പ്രധാനപാതയുടെ പുനരുദ്ധാരണം ഇനിയും ആരംഭിച്ചിട്ടില്ല. പന്തളത്തുനിന്ന് പത്തനംതിട്ട വഴി ശബരിമലയിലേക്കുള്ള പാതയുടെ തുമ്പമൺ ഭാഗത്താണ് പുനരുദ്ധാരണം അത്യാവശ്യമായുള്ളത്. മണ്ണാകടവിനും കടയ്ക്കാട് പാലത്തിനും ഇടയിൽ റോഡിന്റെ ഒരുഭാഗം വിണ്ടുകീറിയും മുട്ടത്തിനും പല്ലാവുഴി കവലയ്ക്കും ഇടയിലുള്ള ഭാഗത്ത് റോഡിനോടുചേർന്ന് മണ്ണ് ഒലിച്ചുപോയുമാണ് അപപകടാവസ്ഥയുള്ളത്.
കടയ്ക്കാട് പാലം മുതൽ മുട്ടം വായനശാല കവല വരെയുള്ള ഭാഗത്താണ് റോഡ് താഴ്ന്ന് വിള്ളലുണ്ടായിട്ടുള്ളത്. ഒരു കിലോമീറ്ററോളം ഭാഗത്ത് റോഡ് വിണ്ടുകീറിയിട്ടുണ്ട്. എട്ടുവർഷം മുമ്പ് മണ്ണിട്ടുയർത്തി നൂതന സാങ്കേതിക വിദ്യയുപയോഗിച്ച് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയ റോഡാണിത്. കിഴക്കൻ മേഖലകളിൽനിന്ന് പാറയും ക്വാറി ഉത്പന്നങ്ങളും കയറ്റിവരുന്ന വാഹനങ്ങളുടെ നിരന്തര സഞ്ചാരമാകാം റോഡിന്റെ ഒരുഭാഗം മാത്രം ഇടിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്ന കാലയളവിൽ മെറ്റലും മണ്ണും ഇട്ട് ഉയർത്തിയ ഭാഗത്താണ് പ്രശ്‌നം. ടാറിങ് ഇളകിപ്പോയ ചിലയിടങ്ങളിൽ പുനരുദ്ധാരണം നടത്തിയിട്ടുണ്ടെങ്കിലും മണ്ണാകടവിനും കടയ്ക്കാട് പാലത്തിനും ഇടയിൽ കുഴികൾ രൂപപ്പെട്ടത് നന്നാക്കിയിട്ടില്ല.
റോഡിനോടുചേർന്നുള്ള ഭാഗത്തെ മണ്ണ് ഒലിച്ചുപോയ ഭാഗത്ത് കുഴിയായി മാറിയിട്ടുണ്ട്. റോഡ് ടാറിങ് കഴിഞ്ഞ് തുറന്നുകൊടുത്തെങ്കിലും പലഭാഗത്തും ഓടപണി പകുതിയായി കിടക്കുന്നുമുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുമില്ല. 2015-ലാണ് റോഡിന്റെ പണി ആരംഭിച്ചത്. ടാറിങ് നടത്തിയെങ്കിലും പിന്നീടുള്ള പുനരുദ്ധാരണപ്പണികളൊന്നും നടത്തിയിട്ടില്ല. ഇടയ്ക്ക് കുഴിയുണ്ടായിരുന്നഭാഗം ശബരിമല സീസൺകാലത്ത് മാത്രമാണ് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡ് ഉയർത്തിയ ഭാഗത്ത് അരികിൽ ഓടയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും പലയിടത്തും ഇത് പണിയാതെയാണ് തുറന്നുകൊടുത്തത്. ഓടയില്ലാത്തതിനാൽ തുമ്പമൺ കവലമുതൽ ഉയരംകൂടിയ ഭാഗത്തുനിന്ന് നരിയാപുരം ഭാഗത്തേക്കുള്ള റോഡിലൂടെ വെള്ളം കുത്തിയൊഴുകുന്നുണ്ട്. ശക്തമായ ഒഴുക്കുകാരണം തുമ്പമൺ കവലയ്ക്കു സമീപമുള്ള ഭാഗത്ത് റോഡിന്റെ അരിക് അടർന്നുപോയിട്ടുണ്ട്. റോഡിന്റെ പല ഭാഗത്തും ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന സ്ഥലങ്ങളുണ്ട്.
Published: 22 Sept 2026, 01:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented