ആരോപണം നിഷേധിച്ച് അംബിക
ചെന്നൈ : നടി അംബികയ്‌ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതി നൽകി സഹോദരിയും നടിയുമായ രാധ. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി രാധ പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടിരൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
താൻ വീട്ടിൽ സൂക്ഷിച്ച ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തിയാണ് പണം പിൻവലിക്കാൻ ശ്രമിച്ചത്. സ്റ്റുഡിയോ നടത്തിപ്പുകൾക്കായുള്ള ദൈനംദിന ചെലവുകൾക്കായാണ് ചെക്കുകൾ ഒപ്പിട്ടു വെച്ചിരുന്നത്. 46 കോടി രൂപ പിൻവലിക്കാനായിരുന്നു ശ്രമം. എന്നാൽ, ബാങ്കിൽനിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടൻ ഇടപാടു നിർത്തിവെക്കാൻ നിർദേശം നൽകി. അംബികയും സഹോദരനും ചേർന്ന് ഗൂഢാലോചനയിലൂടെ പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്നും രാധ ആരോപിച്ചു. ‘എ.ആർ.എസ്. ഗാർഡൻ’ എന്ന തന്റെ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കാണ് തട്ടിയെടുത്തത്.
2025 ജനുവരിയിൽ എ.ആർ.എസ്. ഗാർഡൻ സ്റ്റുഡിയോയുടെ പേര് ‘ആർ.ആർ. ഗാർഡൻസ്’ എന്നാക്കിയപ്പോൾ ബാങ്കിൽനിന്ന് പുതിയ ചെക്ക് ബുക്ക് ലഭിച്ചതോടെ പഴയത് ഉപയോഗിക്കുന്നത് നിർത്തി. അതിനിടയിലാണ് 17-ന് അഞ്ച് ചെക്കുകൾ പണമാക്കാനായി അംബികയുടെപേരിൽ ബാങ്കിലിട്ട വിവരം അറിയുന്നത്. അംബികയുമായി താൻ യാതൊരുവിധ സാമ്പത്തിക ഇടപാടുകളിലും ഏർപ്പെട്ടിട്ടില്ല. ചെക്കുകളിൽ തുക എഴുതിച്ചേർത്തത് സഹോദരൻ മല്ലികാർജുനനാണെന്നും നിയമവിരുദ്ധമായ സാമ്പത്തികനേട്ടത്തിനായി അവർ രണ്ടുപേരും ഒരുമിച്ചു തനിക്കെതിരേ നീങ്ങിയെന്നും അന്വേഷണം നടത്തി ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സഹോദരി രാധയുടെ ചെക്ക് തട്ടിപ്പ് ആരോപണം അംബിക തള്ളി. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തർക്കപരിഹാരത്തിനായി രാധ ചെക്കുകൾ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു.
Published: 22 Sept 2026, 01:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented