സംഭവം പത്തനംതിട്ട-ഗവി-കുമളി കെ.എസ്.ആർ.ടി.സി. ബസിൽ
വണ്ടിപ്പെരിയാർ : പത്തനംതിട്ട-ഗവി-കുമളി കെ.എസ്.ആർ.ടി.സി. ബസിൽ കുട്ടിയടക്കമുള്ള യാത്രക്കാർക്ക് വനപാതയിൽ പെരുന്തേനീച്ചയുടെ കുത്തേറ്റു.
പരിക്കേറ്റ വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള 17 പേർക്ക് വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യകേന്ദ്രം, പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകി.
ഗവി സ്വദേശിയായ നാരായണൻ (46) പത്തനംതിട്ട സ്വദേശികളായ ബേബി ജോർജ് (46), സന്തോഷ് (48), ദീപ്തി (46), ചന്ദ്രലേഖ (46), സെലീന (48), കാസർകോട് സ്വദേശീകളായ ലേഖ (44), തുളസിദാസ് (23), അഫ്സൽ (45), ശ്യം സുന്ദർ (23), കസ്തൂരി (46), റിമ്പോൾ (48), പച്ചക്കാനം സ്വദേശികളായ മൻറോ മെണ്ടൽ(33), ഒ.എൽ. പത്ര (5), കൊടുവള്ളി സ്വദേശിനി ആസിയ (42), കോഴിക്കോട് സ്വദേശി അജിൻ (43) എന്നിവർക്കാണ് പരിക്കേറ്റത്. മറ്റ് ചിലർക്കുകൂടി കുത്തേറ്റെങ്കിലും സാരമുള്ളതല്ല.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. രാവിലെ അഞ്ചരയ്ക്ക് പത്തനംതിട്ടയിൽനിന്ന് ഗവി വഴി കുമളിയിലേയ്ക്ക് യാത്ര തിരിച്ച ബസിൽ ജീവനക്കാർ ഉൾപ്പെടെ 58 യാത്രക്കാരുണ്ടായിരുന്നു.
ഗവി കഴിഞ്ഞ് വണ്ടിപ്പെരിയാർ വള്ളക്കടവിന് സമീപം കോഴിക്കാനത്തുവെച്ച് എതിരേവന്ന കാറിന് സൈഡ് കൊടുക്കുമ്പോൾ പെരുന്തേനീച്ചക്കൂടിൽ ബസ് തട്ടി.
ഇതോടെ ഇവ ബസിനുള്ളിലേക്ക് ഇരച്ചുകയറി യാത്രക്കാരെ കുത്തുകയായിരുന്നു. യാത്രക്കാർ ഷട്ടറുകൾ അടച്ചെങ്കിലും രക്ഷയുണ്ടായില്ല.
ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരെ പിന്നാലെയെത്തി കുത്തി. പലരും കാട്ടിലൊളിച്ചാണ് രക്ഷപ്പെട്ടത്.
പിന്നീടും പെരുന്തേനീച്ചകൾ ബസിൽ ഉണ്ടായിരുന്നതിനാൽ യാത്രക്കാർക്ക് കയറാനായില്ല.
വിവരമറിയാൻ താമസിച്ചു
മൊബൈൽ ഫോണിന് റേഞ്ചില്ലാത്തതിനാൽ സംഭവം പുറംലോകത്ത് അറിയിക്കാൻ താമസിച്ചു.
തേനീച്ചയുടെ കുത്തുകൊണ്ട് അവശനായെങ്കിലും ബസ് ഡ്രൈവർ റസാഖ് അതുവഴിവന്ന മിനിലോറിയിൽ കയറി വള്ളക്കടവ് ഫോറസ്റ്റ് ചെക്ക്പോസ്റ്റിൽ എത്തിയാണ് വിവരം പറഞ്ഞത്.
ഉടനെ ജെ. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകർ ബസിലും ജീപ്പിലുമായി സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പരിക്കേറ്റവരെ പ്രാഥമികചികിത്സ നൽകി വിട്ടയച്ചു.
Published: 22 Sept 2026, 01:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented