ഓച്ചിറ : പരബ്രഹ്മക്ഷേത്രത്തിലെ 28-ാംഓണ കെട്ടുത്സവം അരികിലെത്തിയതോടെ ഓണാട്ടുകര പരബ്രഹ്മസ്തുതികളിൽ ലയിച്ചു. ബുധനാഴ്ച നടക്കുന്ന കെട്ടുത്സവത്തിൽ പങ്കെടുക്കേണ്ട കെട്ടുകാളകളുടെ അവസാനവട്ട മിനുക്കുപണിയിലാണ് കാളകെട്ടുസമിതികൾ. കെട്ടുകാളകളുടെ എഴുന്നള്ളത്ത് ബുധനാഴ്ച രാവിലെമുതൽ നടക്കും.

To advertise here,

കുറുങ്ങപ്പള്ളി-കടത്തൂർ പരബ്രഹ്മ കാളകെട്ടുസമിതിയുടെ എഴുന്നള്ളത്ത് ശിങ്കാരിമേളം, കൈകൊട്ടിക്കളി എന്നിവയുടെ അകമ്പടിയോടെ രാവിലെ 11.30-ന് ആരംഭിക്കും. വലിയകുളങ്ങര ത്രിലോകനാഥൻ കാളകെട്ടുസമിതിയുടെ എഴുന്നള്ളത്ത് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. വരവിള മഞ്ഞാടിമുക്ക് പൗരസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഗാനമേള നടക്കും.

ബുധനാഴ്ച വിവിധ താളമേളങ്ങളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് രാവിലെ എട്ടിന് ആരംഭിക്കും. കുറുങ്ങപ്പള്ളി കടത്തൂർ മഹാത്മ പൗരസമിതിയുടെ നന്ദികേശ ശിരസ്സ് സമർപ്പണം ചൊവ്വാഴ്ച രാവിലെ 8.39-ന് നടക്കും. വൈകീട്ട് 5.30-ന് പൊങ്കാല, ഏഴിന് ഗാനമേള എന്നിവയുമുണ്ട്‌. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് എഴുന്നള്ളത്ത് തുടങ്ങും. ചങ്ങൻകുളങ്ങര പരബ്രഹ്മ കാളകെട്ടുസമിതിയുടെ എഴുന്നള്ളത്ത് രാവിലെ എട്ടിന് ആരംഭിക്കും.

ഓച്ചിറ കല്ലൂർമുക്ക് വടക്കുംനാഥൻ കാളകെട്ടുസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് 12-ന് ഗാനമേള, രാത്രി എട്ടിന് നാടൻപാട്ട് എന്നിവയും ബുധനാഴ്ച രാവിലെ 10.30-ന് എഴുന്നള്ളത്തും ഉണ്ടാകും. ക്ലാപ്പന കല്ലേശ്ശേരി ജങ്ഷൻ കതിരോൻ യുവജനസമിതിയുടെ എഴുന്നള്ളത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാവിലെ ഏഴിന് ആരംഭിക്കും. തഴവ കുരിശുംമൂട് ശിവശക്തി കാളകെട്ടുസമിതിയുടെ എഴുന്നള്ളത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി 7.30-ന് ഭക്തിഗാനസുധ, ബുധനാഴ്ച രാവിലെ എട്ടിന് കടുംപായസസദ്യ, തുടർന്ന് എഴുന്നള്ളത്ത് എന്നിവ നടക്കും. പ്രയാർ വടക്കുകര കാളകെട്ടുസമിതി​യുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് സോപാനസംഗീതം, ബുധനാഴ്ച രാവിലെ ആറിന് എഴുന്നള്ളത്ത് എന്നിവ നടക്കും.

അജന്ത ജങ്ഷൻ ഫ്രണ്ട്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കെട്ടുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഗാനമേള നടത്തും. ബുധനാഴ്ച രാവിലെ എഴുന്നള്ളത്ത് ആരംഭിക്കും. ഓച്ചിറ, മേമന തെക്ക് യുവജനസമിതിയുടെ കെട്ടുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കുത്തിയോട്ടച്ചുവടും പാട്ടും, 23-ന് എഴുന്നള്ളത്ത് എന്നിവയുണ്ടാകും. കൊറ്റമ്പള്ളി കരയുടെ എഴുന്നള്ളത്ത് ശിങ്കാരിമേളത്തിന്റെ അകമ്പടിയുടെ രാവിലെ 7.51-ന് തുടങ്ങും.