അഞ്ചൽ :അഞ്ചൽ ചന്തയുടെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ജോലികൾ വേഗത്തിലാക്കാൻ സി. അജയപ്രസാദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിരുന്നു. നിർമാണം തുടങ്ങി ഒരു വർഷത്തിനകം പണി പൂർത്തീകരിച്ച് ചന്ത ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഒരു വർഷം കഴിഞ്ഞിട്ടും നിർമാണപ്രവർത്തനങ്ങൾ തീരാത്തതിനാലാണ് എം.എൽ.എ., ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. അജയൻ, കോൺട്രാക്ടർ, ഉദ്യോഗസ്ഥർ എന്നിവർ ചന്തയിലെത്തി നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയത്.
സെപ്റ്റംബർ 30-ന് എല്ലാ പണിയും പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചന്തയിലെ സ്റ്റാളുകളുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ ചന്തയ്ക്കുള്ളിൽ പ്രവേശിക്കുന്ന റോഡുകളും ഗതാഗതയോഗ്യമാക്കേണ്ടതുണ്ട്. നവീകരണം ദ്രുതഗതിയിൽ നടക്കുന്നുണ്ടെങ്കിലും ഉദ്ഘാടനം വൈകാനാണ് സാധ്യത. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ത നവീകരിക്കുന്നതിനായി 4,72,31,402 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 504.60 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്.
നിർമാണം നീണ്ടുപോകുന്നതിനാൽ കൂടുതൽ കഷ്ടപ്പെടുന്നത് വ്യാപാരികളാണ്. 28 മീൻ സ്റ്റാളുകൾ, ഏഴ് ഇറച്ചിക്കടകൾ, 14 ഉണക്കമീൻ സ്റ്റാളുകൾ, 11 കടകൾ, തയ്യാറെടുപ്പുമുറി, ശീതീകരിച്ച മുറി, സാധനങ്ങൾ കയറ്റിവിടാനുള്ള സൗകര്യം, 101 കച്ചവടക്കാരെ ഉൾക്കൊള്ളാവുന്ന ഷെഡ് എന്നിവ നിർമിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശൗചാലയസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഒക്‌ടോബറിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ.
Published: 22 Sept 2026, 01:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented