പുനലൂർ : നടപ്പലകകൾ ദ്രവിച്ചും ചിതലരിച്ചും ഗർഡറുകൾ തുരുമ്പിച്ചും അപകടനിലയിലായ പുനലൂർ തൂക്കുപാലം പുനരുദ്ധരിക്കാൻ 74 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുരാവസ്തുവകുപ്പ് അധികൃതർ അറിയിച്ചു. ഉടൻതന്നെ സാങ്കേതികാനുമതിയും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇതുകൂടി ലഭിച്ചാൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പുനരുദ്ധാരണപ്രവൃത്തി ആരംഭിക്കുമെന്നും അധികൃതർ പറഞ്ഞു.

To advertise here,

വകുപ്പിന്റെ സംരക്ഷിതസ്മാരകമായ പാലത്തിന്റെ സമഗ്രമായ പുനരുദ്ധാരണത്തിന് തയ്യാറാക്കിയ അടങ്കലിനാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. മൂന്നുമാസംമുൻപ് അസിസ്റ്റന്റ് എൻജിനിയറുടെ നേതൃത്വത്തിൽ പാലം പരിശോധിച്ചാണ് അടങ്കൽ തയ്യാറാക്കിയത്.

നിലവിലെ മുഴുവൻ നടപ്പലകകളും ഇളക്കിനീക്കി പാലം പുനരുദ്ധരിക്കാനാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു. പലകകൾക്ക് അടിയിലുള്ള ഉരുക്ക് ഗർഡറുകളിലെ തുരുമ്പുനീക്കി പൂർണമായും അറ്റകുറ്റപ്പണി നടത്തും. നിലവിലെ പലകകളിൽ ഉപയോഗയോഗ്യമായതു മാത്രമേ പുനഃസ്ഥാപിക്കൂ. ദ്രവിച്ചവയ്ക്കു പകരം പുതിയ പലക ഉപയോഗിക്കും.

പാലത്തിന്റെ പുനരുദ്ധാരണത്തിനായി വനത്തിൽനിന്ന് 2015-ൽ ശേഖരിച്ചു സംസ്കരിച്ച കമ്പകമരപ്പലകൾ ആവശ്യാനുസരണം സൂക്ഷിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രത്യേകരീതിയിൽ സംസ്കരിച്ച് ജലാംശംനീക്കി എട്ട്, ആറ് ഇഞ്ച് വീതിയിൽ അറത്തുസൂക്ഷിച്ചിരിക്കുന്ന പലകകളാണിത്.

 

പലകകളും ഗർഡറുകളും തമ്മിൽ ബന്ധിപ്പിക്കുന്ന കൊളുത്തുകൾ പൂർണമായുംമാറ്റി പുതിയ കൊളുത്തുകൾ സ്ഥാപിക്കും. നടപ്പലകകൾ ബന്ധിപ്പിച്ചിട്ടുള്ള ഉരുക്ക് ഗർഡറുകളിലും അറ്റകുറ്റപ്പണി നടത്തും. കിഴക്കേ കവാടത്തിലെ ഗേറ്റ് ഉയർത്തും. തെളിയാത്ത അലങ്കാരവിളക്കുകൾ മാറ്റിസ്ഥാപിക്കും. പ്രവൃത്തിക്കായി നാലുമാസത്തോളം പാലം അടച്ചിടേണ്ടിവരുമെന്ന് അധികൃതർ സൂചിപ്പിച്ചു.

 

വർഷങ്ങളായി തകർന്നുകിടന്നിരുന്ന പാലം 1.35 കോടി രൂപ മുടക്കി 2015-ലാണ് പുരാവസ്തുവകുപ്പ് സമഗ്രമായി പുനരുദ്ധരിച്ചത്. എന്നാൽ പത്തുവർഷം പിന്നിട്ടപ്പോഴേയ്ക്കും പലകകളിൽ പലതും നശിച്ചു. പിന്നീട് 2018-ലും 2023-ലും പാലം പുനരുദ്ധരിച്ചെങ്കിലും കേടുവന്ന പലകകൾ പൂർണമായി മാറ്റിസ്ഥാപിച്ചിരുന്നില്ല.