കൊല്ലം : കായിക അടിസ്ഥാനസൗകര്യവികസനത്തിന് പണം ചെലവഴിക്കുമ്പോൾ അവ കായികതാരങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാനാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ജില്ലയിൽ നടക്കുന്ന സ്റ്റേഡിയം നിർമാണങ്ങളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. നിർമാണപ്രവർത്തനങ്ങൾ സമയബദ്ധമായി പൂർത്തിയാക്കി കായികതാരങ്ങൾക്ക് പ്രയോജനപ്പെടുത്തുന്ന വിധത്തിൽ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകണമെന്നും മന്ത്രി നിർദേശിച്ചു.

To advertise here,

ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്റ്റേഡിയം, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

80 ശതമാനത്തിലേറെ നിർമാണം പൂർത്തിയായ ഒളിമ്പ്യൻ സുരേഷ്‌ബാബു ഇൻഡോർ സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്ന് സന്ദർശനശേഷം ചേർന്ന അവലോകനയോഗത്തിൽ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും നിലവിലുണ്ടെങ്കിലും പരിശീലനത്തിന് മാത്രമായി ഉപയോഗിക്കാനാകുന്ന സാഹചര്യമാണ്. സ്റ്റേഡിയം പൂർണതോതിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥർ, കോർപ്പറേഷൻ, കായിക വിദഗ്ധർ, ജനപ്രതിനിധികൾ എന്നിവരുടെ യോഗം വിളിക്കാനും മന്ത്രി നിർദേശിച്ചു. മയ്യനാട് പഞ്ചായത്തിലെ നിർദിഷ്ട കാവടിവയൽ സ്റ്റേഡിയത്തിന്റെ നിർമാണം ഉടൻ ആരംഭിക്കണമെന്നും മന്ത്രി നിർദേശിച്ചു. .

ഇരവിപുരം എം.എൽ.എ. വിഷ്ണു മോഹൻ, മേയർ എ.കെ. ഹഫീസ്, കൗൺസിലർമാരായ കെ. കൃഷ്ണകുമാർ, ടി. ഷൈനി, മയ്യനാട് പഞ്ചായത്ത് അംഗം വിപിൻ ജോസ്, കിറ്റ്കോ എം.ഡി. ബി.എസ്. രാജേഷ്, കിഫ്ബി സീനിയർ പ്രോജക്ട് മാനേജർ അഭിലാഷ് വിജയൻ, ജില്ലാ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ തുടങ്ങിയവരും പങ്കെടുത്തു.