പൂതക്കുളം : പൂതക്കുളം പഞ്ചായത്തിലെ മരാമത്തു പാതകൾ തകർന്നത് അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. മുക്കട-പ്രിയദർശിനി, ചക്കവിള-കോട്ടുവൻകോണം, പ്ലാവിൻമൂട്-ഊന്നിൻമൂട്, പൂതക്കുളം-ഇടയാടി, ബ്ലോക്കുമരം-ഊന്നിൻമൂട്, മാവിൻമൂട്-കലയ്‌ക്കോട്-നെല്ലേറ്റിൽ, ഐശ്വര്യ സ്‌കൂൾ-മാടൻനട തുടങ്ങി പ്രധാന റോഡുകളെല്ലാം നവീകരിച്ചിട്ട്‌ വർഷങ്ങളായി.

To advertise here,

മഴപെയ്താൽ ചെളിക്കുളവും വേനലിൽ പൊടിശല്യവുമാണ് യാത്രക്കാർ നേരിടുന്ന വെല്ലുവിളി. ഇരുചക്രവാഹനയാത്രികരടക്കം അപകടത്തിൽപ്പെടുന്നതും പതിവാണ്‌.

പാതനവീകരണം മുൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഫ്‌ളക്‌സുകൾ നിരന്നതല്ലാതെ പണി നടന്നില്ല. ജില്ലാപഞ്ചായത്തിനു കീഴിലുള്ള റോഡാണ് എം.എൽ.എ.ഫണ്ട്‌ ഉപയോഗിച്ച് നന്നാക്കാൻ തുടങ്ങിയത്. എം.എൽ.എ. മാറിയതിനാൽ ഇനി ഈ ഫണ്ട് എങ്ങനെ വിനിയോഗിക്കുമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്‌.

ജനങ്ങളോടുള്ള വെല്ലുവിളി

പൂതക്കുളം : പൂതക്കുളത്തെ റോഡുകൾ നന്നാക്കാൻ നടപടി സ്വീകരിക്കാത്തത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ കോൺഗ്രസ് പൂതക്കുളം മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. മുക്കട-പ്രിയദർശിനി റോഡ്‌ ശോച്യാവസ്ഥയിലായിട്ട്‌ വർഷങ്ങളായി.

കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ് കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. നോർത്ത്‌ മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, നൗഷാദ്, ബിന്ദു, ജാസ്മി, ബീന തുടങ്ങിയവർ സംസാരിച്ചു.