ഓച്ചിറ : ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ കെട്ടുത്സവത്തിൽ പങ്കെടുക്കുന്ന കെട്ടുകാളകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം ചെറുതും വലുതുമായ 154 കെട്ടുകാളകളാണ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്. വ്യാഴാഴ്ചവരെയുള്ള കണക്കുപ്രകാരം ഇക്കുറി 174 കെട്ടുകാളകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേർച്ച കെട്ടുകാളകളും ചെറുകാളകളുംകൂടി വരുമ്പോൾ എണ്ണം 200 കവിയും.
കൂറ്റൻ കെട്ടുകാളകൾ മുതൽ കൈവെള്ളയിൽ എഴുന്നള്ളിക്കാവുന്ന കെട്ടുകാളകൾവരെ പടനിലത്ത് നിരക്കും. തലപ്പൊക്കം കൂട്ടാനുള്ള മത്സരത്തിലാണ് മിക്ക കെട്ടുകാളസമിതികളും.
ഞക്കനാൽ വിശ്വപ്രജാപതി കാലഭൈരവൻ (72 അടി), ചങ്ങൻകുളങ്ങര യുവമന്ത്ര കാളകെട്ടുസമിതി (60 അടി), കായംകുളം ചിറക്കടകം യുവജനസമിതി (60 അടി), കൃഷ്ണപുരം മാമ്പ്രകന്നേൽ ഓണാട്ടുകതിരവൻ (56 അടി), പ്രയാർ വടക്ക് ശ്രീപത്മ കാളകെട്ടുസമിതി (55 അടി), ശ്രീത്രിക്കണ്ണൻ കാളകെട്ടുസമിതി (49 അടി), പായിക്കുഴി വലിയകുളങ്ങര പൗരസമിതി (48 അടി), കൃഷ്ണപുരം മുക്കട കരസമിതി (45 അടി) എന്നിങ്ങനെയാണ് പ്രമുഖ കെട്ടുകാളകളുടെ ഉയരക്കണക്ക്.
ഒരടി പൊക്കവും അരയടി വീതിയുമുള്ള ഞക്കനാൽ അർധനാരീശ്വരൻ കെട്ടുകാളവരെ ഇക്കുറി പടനിലത്ത് അണിനിരക്കും. ഒട്ടേറെ ചെറിയ നേർച്ചക്കാളകളും സ്വർണം, വെള്ളി, പഞ്ചലോഹം എന്നിവയിൽ പൊതിഞ്ഞ കെട്ടുകാളകളും നിരവധി ഫ്ലോട്ടുകളും അണിനിരക്കും.
കൃഷ്ണപുരം മാമ്പ്രകന്നേൽ ഓണാട്ടുകതിരവനായിരുന്നു കഴിഞ്ഞ വർഷംവരെ തലപ്പൊക്കത്തിൽ രണ്ടാംസ്ഥാനം അലങ്കരിച്ചിരുന്നത്. ചങ്ങൻകുളങ്ങര യുവമന്ത്ര കാളകെട്ടുസമിതി, കായംകുളം ചിറക്കടകം യുവജനസമിതി എന്നിവർ ഉയരം 60 അടിയായി ഉയർത്തി രണ്ടാംസ്ഥാനം കൈയടക്കി.
Published: 18 Sept 2026, 02:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented