ചെറായി : മുനമ്പം-അഴീക്കോട് പാലത്തി​ന്റെ കായലിലെ നിർമാണം ഈ വർഷം പൂർത്തിയാകും. കായലിലെ 12 ഗർഡറുകളിൽ പത്ത് ഗർഡറുകൾ സ്ഥാപിച്ചുകഴിഞ്ഞു. പതിനഞ്ചുദിവസം കഴിഞ്ഞാൽ അടുത്ത ഗർഡർകൂടി സ്ഥാപിക്കും. ഒരുമാസം കഴിഞ്ഞ് പന്ത്രണ്ടാമത്തെ ഗർഡർകൂടി സ്ഥാപിച്ചുകഴിഞ്ഞാൽ പാലത്തിന്റെ കായലിലെ പണി പൂർത്തിയാകും. തുടർന്ന് അപ്രോച്ച് റോഡുമായി ബന്ധിപ്പിക്കും.

To advertise here,

മുനമ്പം കരയിൽ അപ്രോച്ച് റോഡിന്റെ നാല് ഗർഡറുകൾ പൂർത്തീകരിക്കാനുണ്ട്. അതുകൂടി സ്ഥാപിച്ചാൽ നിർമാണം അവസാനഘട്ടത്തിലെത്തും. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തി ഒക്ടോബർ അവസാനത്തോടെ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.

2025-ൽ പൂർത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടപ്പിലായില്ല. തീരദേശ മേഖല ഏറെ പ്രതീക്ഷയോടെയാണ് മുനമ്പം-അഴീക്കോട് പാലത്തെ കാത്തിരിക്കുന്നത്.

അപ്രോച്ച് ഉൾപ്പെടെ 1123 മീറ്റർ നീളവും 15.7 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 2017 ഫെബ്രുവരി എട്ടിനാണ് വൈപ്പിൻ, കയ്പമംഗലം നിയമസഭാ മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലത്തിന് ഫണ്ട് വകയിരുത്തിയത്. സംസ്ഥാനത്ത് 69 പാലങ്ങൾ നിർമിക്കാൻ 2557 കോടി രൂപയാണ് കിഫ്ബി വകയിരുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ നിർമാണച്ചെലവ് മുനമ്പം-അഴീക്കോട് പാലത്തിനാണ്. 160 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം പൂർത്തിയാകുന്നതോടെ നൂറ്റാണ്ടുകളായി ഇരുകരകളായി നിന്ന ജില്ലകളെ പരസ്പരം ബന്ധിപ്പിക്കും. ഇതോടെ മുനമ്പം ഹാർബറിൽനിന്നുള്ള മത്സ്യങ്ങൾ വടക്കൻ മേഖലയിലേക്ക് കുറച്ചുകൂടി എളുപ്പത്തിൽ എത്തിക്കാം. തൃശ്ശൂർ ജില്ലക്കാർക്ക് എളുപ്പം എറണാകുളത്തേക്കും എത്താനാകും. പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചുകഴിയുമ്പോൾ വൈപ്പിൻ-പള്ളിപ്പുറം റോഡ് വഴിയുള്ള യാത്രക്കാരുടെ എണ്ണം വർധിക്കും. ഇതുവഴി എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്രയും, വടക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രയും എളുപ്പമാകും.