കടുത്ത ചൂട്; കാലാവസ്ഥാമാറ്റത്തിൽ ആശങ്ക

To advertise here,

കൊല്ലം : ഓണവിളവെടുപ്പിനുശേഷം പുതുകൃഷിയിറക്കിയ കർഷകരെ കടുത്ത വേനൽച്ചൂട് വലയ്ക്കുന്നു. നെല്ലും വാഴയും പച്ചക്കറികളുമെല്ലാം കരിഞ്ഞുണങ്ങുന്നത് വലിയ ആശങ്കയാണ് കർഷകർക്കുണ്ടാക്കുന്നത്.

ഇടയ്ക്ക് മഴ പെയ്യുമെന്ന പ്രതീക്ഷയിൽ ധാരാളംപേർ പയറും പാവലും പടവലവും വാഴയുമെല്ലാം കൃഷിയിറക്കിയിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ മഴയുണ്ടായില്ലെന്ന് മാത്രമല്ല ചൂടേറുകയും ചെയ്തു. വേനലായതോടെ കിണറുകളിലും തോടുകളിലുമെല്ലാം ജലനിരപ്പും താണുതുടങ്ങി.

മഴ വൈകിയാൽ കുടിവെള്ളക്ഷാമമുണ്ടാകുമെന്ന ആശങ്കയിലാണ് പലരും. അതുകൊണ്ടുതന്നെ കൃഷിക്ക് വേണ്ടവിധം കിണർവെള്ളം ഉപയോഗിക്കാനുമാകുന്നില്ല. നെൽക്കൃഷിയും വലിയ പ്രതിസന്ധിയിലാണ്.

പാടം നിറയെ ആശങ്ക

ജില്ലയിലെ വലിയ പാടശേഖരങ്ങളിലൊന്നാണ് ഉമയനല്ലൂരിലുള്ളത്. കഴിഞ്ഞവർഷം ഇവിടെ 45 ഹെക്ടർ സ്ഥലത്താണ് കൃഷിയുണ്ടായിരുന്നത്. നഷ്ടം സഹിച്ചും മുടങ്ങാതെ നെൽക്കൃഷി നടത്തുന്ന കർഷകരാണ് ഇവിടെയുള്ളത്. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളിലെല്ലാം കൊയ്ത്തുകഴിഞ്ഞ് ഞാറ് നട്ടുതുടങ്ങിയിട്ടുണ്ട്. കനാലും തോടും തലക്കുളവും തടയണകളുമെല്ലാമുള്ള പ്രദേശമായിട്ടും പാടങ്ങളിൽ പലയിടങ്ങളിലും കൃഷിക്കുവേണ്ട വെള്ളമെത്തുന്നില്ല.

കൊയ്ത്തിന് നെല്ല് പാകമാകുന്നതുവരെ വയലുകളിൽ വെള്ളമുണ്ടാകണം. തുടർച്ചയായി മഴയുണ്ടായാൽ കാര്യമായ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കർഷരുടെ പക്ഷം. എന്നാൽ കൊടുംചൂടിൽ ഞാറ് കരിഞ്ഞുപോകുന്ന സ്ഥിതിയാണ് ചിലയിടങ്ങളിൽ. വിസ്തൃതമായ പാടശേഖരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം എല്ലായിടത്തും വെള്ളം എത്താൻ സംവിധാനമൊരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. കർഷകരെ സഹായിക്കാൻ നടപടിയെടുക്കുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

‘പ്രതിസന്ധി പരിഹരിക്കും’

ഉമയനല്ലൂർ ഏലായിലെ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ നബാർഡിന്റെ സഹായത്തോടെയുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്. ലാൻഡ് ഡിവലപ്‌മെന്റ് ബോർഡ് സ്ഥലം സന്ദർശിച്ചിട്ടുണ്ട്. പദ്ധതിരേഖയും അതിനുവേണ്ട അടങ്കൽത്തുകയും ബോർഡ് തയ്യാറാക്കും. ഈവർഷത്തെ കൃഷിക്കുവേണ്ട വെള്ളം എത്തിക്കാൻ നടപടിയെടുക്കും.

വിഷ്ണു മോഹൻ

എം.എൽ.എ.

‘പഞ്ചായത്ത്‌ സഹായം നൽകും’

ഉമയനല്ലൂർ ഏലായിലെ കർഷകർക്ക് വെള്ളമെത്തിക്കാൻ പഞ്ചായത്ത് സഹായം നൽകും. വെള്ളം എത്താത്തതു കാരണം കൃഷി കരിഞ്ഞുണങ്ങുന്ന സ്ഥിതിയുണ്ടാകില്ല. മോട്ടോറുകൾ സ്ഥാപിച്ച് ജലസേചനസൗകര്യമൊരുക്കാനാണ് ആലോചിക്കുന്നത്.

മുഹമ്മദ് റാഫി

മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ്

ഞാറുനടൽ ആഘോഷമാക്കി ബംഗാൾ സ്വദേശികൾ

ഉമയനല്ലൂർ ഏലായിലെ ഞാറുനടൽ മറുനാട്ടുകാർക്ക് ആഘോഷകാലംകൂടിയാണ്. ഞാറുനടാൻ നൂറുകണക്കിന് പശ്ചിമബംഗാൾ സ്വദേശികളാണ് ഇവിടേക്ക് എത്തുക. മണിക്കൂറുകൾക്കുള്ളിൽ ഏക്കറുകണക്കിന് പാടത്ത് ഇവർ ഞാറുനടും. ബംഗാളിലും കാർഷികമേഖലയിൽ ജോലി ചെയ്യുന്നവരായതിനാൽത്തന്നെ പ്രത്യേക നിർദേശങ്ങളൊന്നും ഇവർക്ക് നൽകേണ്ടതില്ല. കൃഷിപ്പണിക്കായി തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരും മേഖലയിൽ ധാരാളമുണ്ട്.

കോവിഡ് കാലത്തിന് മുൻപുവരെ പരവൂർ, കാപ്പിൽ മേഖലയിൽനിന്നുള്ള സ്ത്രീത്തൊഴിലാളികളാണ് ഞാറുനടാൻ ഇവിടെ എത്തിയിരുന്നത്.