കുമ്പളം : കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തലയോലപ്പറമ്പ്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗായൂസ് ബസാണ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച എളംകുളം മെട്രോ സ്റ്റേഷനുസമീപമാണ് അപകടം ഉണ്ടായത്. ബസുകളുടെ മത്സരയോട്ടമായിരുന്നു അപകടമുണ്ടാക്കിയത്. ബസിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രികനെ ആശുപത്രിയിൽ ഉപേക്ഷിച്ച് മുങ്ങുകയാണ് സ്വകാര്യ ബസ് ജീവനക്കാർ ചെയ്തത്. കുമ്പളം കൊപ്പറമ്പിൽ കെ.പി രവീന്ദ്രനാണ് (67) കൈകാലുകൾ അനക്കാൻ പറ്റാത്ത വിധം പരിക്കേറ്റത്. മെട്രോ സ്റ്റേഷനുസമീപം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം.
മത്സരയോട്ടം നടത്തിവരുകയായിരുന്ന ബസുകളിൽ ഒന്നാണ് രവീന്ദ്രനെ തട്ടിയിട്ടത്. പിൻചക്രത്തിനടിയിൽ പെടാതിരുന്നതും തൊട്ടു പിന്നാലെ വരുകയായിരുന്ന കാറ് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടും മാത്രമാണ് ദുരന്തം ഒഴിവായത്.
മറ്റു വാഹനങ്ങളിലെ യാത്രക്കാർ ശ്രദ്ധയിൽ പെടുത്തിയതോടെ ബസ് അല്പം മുന്നിലേക്ക് മാറ്റിനിർത്തി. ഓടിക്കൂടിയ ആളുകളാണ് രവീന്ദ്രനെയും വാഹനത്തെയും റോഡരികിലേക്കുമാറ്റിയത്.
ആശുപത്രിയിൽ എത്തിക്കാമെന്നുപറഞ്ഞ ബസുകാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കാതെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
കിഴക്കേക്കോട്ടയിൽ ഇറക്കി ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിച്ചു. ഒ.പി. ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ടപ്പോഴേക്കും ബസുകാർ മുങ്ങി. പിന്നീട് ഓട്ടോറിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്.
ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടർ നിർദേശിച്ചിട്ടുള്ളത്. ബഹളത്തിനിടയിൽ ബസിന്റെ പേരും റൂട്ടും മറ്റും നോക്കാൻ രവീന്ദ്രൻ വിട്ടുപോയിരുന്നു. കൈകാലുകൾ അനക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിലും ഒരുവിധമെത്തി പനങ്ങാട് പോലീസിൽ പരാതിനൽകി. തോർത്ത് വിൽപ്പന കൊണ്ടാണ് രവീന്ദ്രൻ ജീവിതം പുലർത്തുന്നത്. പരിക്കേറ്റതന്നെ ആശുപത്രിയിൽ ഉപേക്ഷിച്ച ബസുകാർക്കെതിരേ നടപടിയും നഷ്ടപരിഹാരവും വേണമെന്നാവശ്യപ്പെട്ടുള്ള രവീന്ദ്രന്റെ പരാതിയെ തുടർന്നാണ് പോലീസ് ബസ് കസ്റ്റഡിയിലെടുത്തത്.
Published: 19 Sept 2026, 02:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented