കൊട്ടാരക്കര :പരിശോധനകൾ കർശനമാക്കുകയും നടപടികൾ ശക്തമാക്കുകയും ചെയ്തിട്ടും ഫിറ്റ്‌നസ് ഇല്ലാത്ത ടിപ്പറുകൾ തലങ്ങും വിലങ്ങും ഓടുന്നു. കഴിഞ്ഞദിവസവും മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ഫിറ്റ്‌നസ് ഇല്ലാതെയും നികുതി അടയ്ക്കാതെയും ലോഡ് കടത്തിയ രണ്ടു ടിപ്പറുകൾ പിടികൂടി.
എഴുകോൺ ആഞ്ഞിലിമൂട്ടിൽനിന്നു പിടികൂടിയ ലോറി 2023 രജിസ്‌ട്രേഷനാണ്. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ ടാക്‌സ് അടച്ചതല്ലാതെ പിന്നീട് നികുതി അടച്ചിട്ടില്ല. ഫിറ്റ്‌നസ് കാലാവധി 2025-ൽ അവസാനിച്ചത് പുതുക്കിയിട്ടുമില്ല. എഴുകോണിൽതന്നെയാണ് മറ്റൊരു ടിപ്പറും ഫിറ്റ്‌നസ് ഇല്ലാതെ ഓടുന്നതു പിടികൂടിയത്.
മുക്കോണിമുക്കിലെ ടിപ്പർ അപകടത്തിനുശേഷം സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയരുകയും ട്രാൻസ്‌പോർട്ട് കമ്മിഷണർ കൊട്ടാരക്കരയിലെത്തി കർശന നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പലതരത്തിലുള്ള ശാസ്ത്രീയപഠനങ്ങൾ നടത്തുമെന്നും ഫിറ്റ്‌നസ് ഇല്ലാതെയും ശരിയായ രേഖകളില്ലാതെയും സർവീസ് നടത്തുന്ന വാഹനങ്ങൾ പിടികൂടാൻ പ്രത്യേക സംഘങ്ങൾ രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
വിദേശ മാതൃകയിൽ പോസ്റ്റ് ക്രാഷ് ഇൻെവസ്റ്റിഗേഷൻ ടീം ഓരോ ജില്ലയിലും രൂപവത്കരിക്കുമെന്നും പ്രഖ്യാപിച്ചു. അപകടം നടന്ന ആദ്യ ആഴ്ചയിൽ സംസ്ഥാനമൊട്ടാകെ സ്‌പെഷ്യൽ ഡ്രൈവ് നടത്തിയിട്ടും നിരത്തുകളിൽനിന്ന് അനധികൃത ടിപ്പറുകൾ അപ്രത്യക്ഷമായില്ല. ഫിറ്റ്‌നസ് പുതുക്കാത്തതും നികുതി ഒടുക്കാത്തതുമായ വാഹനങ്ങളുടെ പട്ടിക മോട്ടോർ വാഹനവകുപ്പിന്റെ പക്കൽ ലഭ്യമാണ്.
എന്നാൽ ഇവ സർവീസ് നടത്തുന്നുവെന്ന് ഉറപ്പാക്കാതെ പിടികൂടാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. യൂണിഫോമിലും വകുപ്പുവാഹനത്തിലും പരിശോധനയ്ക്കിറങ്ങിയാൽ ഇത്തരം വാഹനങ്ങളെ പിടികൂടാൻ കഴിയില്ല. ഉദ്യോഗസ്ഥരെത്തുന്ന വിവരം കൈമാറാൻ വഴിനീളെ എസ്‌കോർട്ട് സംഘങ്ങളുണ്ട്. മഫ്തിയിലാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പരിശോധനയ്ക്കിറങ്ങുന്നത്.
Published: 18 Sept 2026, 02:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented