കരുനാഗപ്പള്ളി : ദേശീയപാത 66-ൽ കായംകുളം കൊറ്റുകുളങ്ങര മുതൽ കാവനാട് ബൈപ്പാസ് വരെ നീളുന്ന റീച്ചിൽ ആദ്യ ഡിസൈനിലെ നിർമാണപ്രവൃത്തികളും അതിനൊപ്പം കൂട്ടിച്ചേർത്ത പ്രവൃത്തികളും കരാർ കമ്പനിയായ വിശ്വസമുദ്ര പൂർത്തീകരിക്കും.

To advertise here,

ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എൻ.എച്ച്.എ.ഐ.) കൺസഷനയറും തമ്മിൽ വ്യാഴാഴ്ച ഡൽഹിയിൽ ധാരണയിലെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ നിർമാണപ്രവർത്തനങ്ങൾ എത്രയുംവേഗം പുനരാരംഭിക്കാൻ വിശ്വസമുദ്ര കമ്പനി നടപടി തുടങ്ങി. ആകെ 31.5 കിലോമീറ്ററുള്ള റീച്ചിൽ വിവിധ സ്ഥലങ്ങളിലായി ഏകദേശം 6.38 കിലോമീറ്റർ ദൈർഘ്യത്തിലുള്ള എലിവേറ്റഡ് സ്ട്രക്ചർ ഒഴികെ 25.12 കിലോമീറ്റർ നീളത്തിലുള്ള ഹൈവേ വിശ്വസമുദ്ര കമ്പനി പൂർത്തീകരിക്കും. പുതുതായി ആവശ്യം ഉയർന്ന എലിവേറ്റഡ് ഹൈവേകൾ ദേശീയപാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടെങ്കിലും നിലവിലുള്ള നിർമാണപ്രവൃത്തികളിൽനിന്ന് ഇവ ഒഴിവാക്കിയിട്ടുണ്ട്.

ഇരുകരകളിലുമായി അധികമായി സ്പാനുകൾ നിർമിച്ച് നീണ്ടകര പാലത്തിന്റെ നീളം കൂട്ടുക, കരുനാഗപ്പള്ളിയിൽ നിലവിലുള്ള എലിവേറ്റഡ് ഹൈവേയ്ക്ക് അധികമായി അഞ്ചു സ്പാനുകൾ കൂടി നിർമിച്ച് താലൂക്ക് ആശുപത്രി ഭാഗത്തേക്ക്‌ നീട്ടുക, ഓച്ചിറയിൽ ഉയരപ്പാത രണ്ടു ഭാഗത്തേക്കും നാലുവീതം സ്പാനുകൾ നിർമിച്ച് നീട്ടുക തുടങ്ങിയവയാണ് ആദ്യ ഡിസൈൻ പ്രകാരമുള്ള നിർമാണപ്രവൃത്തികളിൽ കൂട്ടിച്ചേർക്കലായി വന്നിട്ടുള്ളത്.

2022 നവംബറിൽ നിർമാണം തുടങ്ങുമ്പോൾ കരാർത്തുക 1,580 കോടി രൂപയായിരുന്നു. ഇപ്പോൾ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്കായി 300 കോടി രൂപ അധികമായി വേണ്ടിവരും. ഇതിനായി പ്രത്യേകം കരാർ നൽകണമെന്നാണ് നിർമാണ കമ്പനി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകാതായതോടെ നിർമാണം നിർത്തിവെക്കുകയായിരുന്നു. ആഴ്ചകളായി നിർമാണം നിലച്ച സ്ഥിതിയിലായിരുന്നു.