പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി

To advertise here,

ഒന്നരമാസംകൊണ്ട് 12 കോടിയോളം രൂപയുടെ ഉത്പാദന നഷ്ടം

കോതമംഗലം: മൂന്നാർ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിൽ (പി.ഇ.എസ്.) നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് മാലിന്യം ഭീഷണിയാകുന്നു. ഇൻ-ടേക്കിൽ വന്നടിഞ്ഞ മാലിന്യക്കൂമ്പാരം മൂലം ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിവരെയെത്തി. സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നിലനിൽക്കുമ്പോഴും പ്രശ്നം പരിഹരിക്കുന്നതിൽ അധികൃതർ ഉദാസീനത തുടരുകയാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടവും ഉണ്ടാകുന്നുണ്ട്.

നദിയിലേക്ക് തള്ളുന്ന മാലിന്യം മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്സിലെ ഇൻ-ടേക്കിൽ അടിഞ്ഞുകൂടി ജലപ്രവാഹം തടസ്സപ്പെടുന്നതാണ് വൈദ്യുതി നിലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത്. വൻതോതിൽ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളുമാണ് ഇവിടെ അടിയുന്നത്.

അടുത്തിടെ മാലിന്യങ്ങൾ അടിഞ്ഞ് പവർഹൗസ് പ്രവർത്തനം തടസ്സപ്പെട്ടതിനേത്തുടർന്ന് ഒന്നരമാസംകൊണ്ട് 12 കോടിയോളം രൂപയുടെ ഉത്പാദന നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം ജനറേറ്റർ നിർത്തിവയ്ക്കേണ്ടിവന്നു. ഇതിലൂടെ വൈദ്യുതി ഉത്പാദനത്തിൽ 60 മെഗാവാട്ട് കുറവുണ്ടായി .

പെരിയാർ കേന്ദ്രമാക്കിയുള്ള മറ്റ് വൈദ്യുത പദ്ധതികളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കും. പള്ളിവാസൽ പദ്ധതി നിർത്തിവയ്ക്കേണ്ടിവരുമ്പോൾ ചെങ്കുളം, കല്ലാർകുട്ടി, ലോവർ പെരിയാർ പദ്ധതികളിലേയും ഉത്പാദനത്തെ ബാധിക്കും. മഴക്കാലത്ത് മൂന്നാർപുഴയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഇൻ-ടേക്കിലെ 'ട്രാഷ് റാക്കുകളിൽ' അടിഞ്ഞുകൂടും. ഇതുമൂലം ടണലിലേക്കും പെൻസ്റ്റോക്കിലേക്കുമുള്ള നീരൊഴുക്ക് ഗണ്യമായി കുറയും. തൊഴിലാളികളെ നിയോഗിച്ചും ഓട്ടമാറ്റിക് സംവിധാനങ്ങൾ വഴിയും ഇവ നീക്കംചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും മലവെള്ളപ്പാച്ചിലിൽ മാലിന്യത്തോത് വർധിക്കുകയാണ്. ഇതുമൂലം പൂർണതോതിൽ ജലം എത്തിക്കാൻ സാധിക്കാത്തതിനാൽ വൈദ്യുതോത്പാദനം വെട്ടിക്കുറയ്ക്കാനും യന്ത്രങ്ങൾ ഷട്ട്ഡൗൺ ചെയ്യാനും അധികൃതർ നിർബന്ധിതരാകുന്നു.

മാലിന്യങ്ങൾ ടണലിലൂടെ കടന്നുകൂടി മെഷീനുകളുടെ ജെറ്റുകളിലും റണ്ണറുകളിലും അടിച്ച് വലിയ കേടുപാടുകൾ ഉണ്ടാക്കുന്നുണ്ട്. ഹൈഡൽ ടൂറിസത്തിന്റെ ബ്ലോസം പാർക്ക് വഴി പഴയ പവർഹൗസിലേക്ക് വെള്ളമെത്തിച്ചിരുന്ന ചാനലിന്റെ വീതിയും ആഴവും വർധിപ്പിച്ച് മാലിന്യപ്രശ്നത്തിന്റെ രൂക്ഷത കുറയ്ക്കാനുള്ള നിർദേശം ഇപ്പോഴും ഫയലിലാണ് .

പുഴയിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നതുതടയാൻ ഫെൻസിങ് സ്ഥാപിക്കാനും പുഴയിൽ അത്യാധുനിക മാലിന്യശേഖരണ ക്രമീകരണങ്ങൾ ഒരുക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മറ്റ് അധികാരികളും മുന്നിട്ടിറങ്ങണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.