പത്തനാപുരം : പട്ടാഴി ദേവീക്ഷേത്രത്തിന്റെ പുരയിടത്തിൽ ഭക്തർ നട്ട നാലായിരത്തോളം ചെണ്ടുമല്ലിച്ചെടികളിൽ പൂക്കൾ നിറഞ്ഞു. ക്ഷേത്രത്തിലെ ഓണക്കാലപൂജകൾക്കും പൂക്കളത്തിനുമായി നട്ട ചെടികളാണ് പ്രതീക്ഷിച്ചതിലും രണ്ടാഴ്ച വൈകി പൂവിട്ടത്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾക്ക് പൂക്കൾക്ക് ആവശ്യക്കാർ ഏറിയതിനാൽ വൻതോതിൽ വിളവെടുത്ത പൂക്കളെല്ലാം ഉപയോഗിക്കാനായി. പട്ടാഴി കൃഷിഭവനിൽനിന്നു ലഭിച്ച ചെണ്ടുമല്ലിത്തൈകൾ ക്ഷേത്രോപദേശകസമിതി ഭാരവാഹികളും ഭക്തരും വാങ്ങിയാണ് പത്തുസെന്റോളം സ്‌ഥലത്ത് നട്ടു പരിപാലിച്ചത്. വളം പലരും വാങ്ങിനൽകി.

To advertise here,

 

വളമിടൽ ഭക്തർ ശ്രമദാനമായി ചെയ്തു. കനത്ത മഴ പൂവിടൽ വൈകിപ്പിച്ചു. തിരുവോണദിവസം ലഭിച്ച കുറച്ചു പൂക്കൾ ക്ഷേത്രമുറ്റത്ത് പൂക്കളം തീർക്കാൻ ഉപയോഗിച്ചു. പിന്നീട് പൂക്കൾ സമൃദ്ധമായപ്പോൾ ശ്രീകൃഷ്ണജയന്തിക്കായി കരുതിവെച്ചു. രണ്ടുദിവസമായി വിവിധ ബാലഗോകുലങ്ങൾ ഇവിടെനിന്ന്‌ പൂക്കൾ ശേഖരിക്കുന്നുണ്ട്‌. ഇനി ഉണ്ടാകുന്ന പൂക്കൾ മാലയാക്കി ക്ഷേത്രത്തിലും ഉപദേവാലയങ്ങളിലും ചാർത്തുമെന്ന് ഉപദേശകസമിതി സെക്രട്ടറി പ്രദീപ് അറിയിച്ചു.