കോലഞ്ചേരി : കടയിരുപ്പ് ആശുപത്രിക്കവലയിൽ അപകടങ്ങൾ പതിവാകുന്നു. ശനിയാഴ്ച രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂവാറ്റുപുഴ സ്വദേശിയായ യുവാവ് അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. പ്രധാന റോഡായ കോലഞ്ചേരി - പെരുമ്പാവൂർ പാതയിൽ ആലുവ - കടയിരുപ്പ് - മംഗലത്തുനട റോഡ് കുറുകേ കടന്നുപോകുന്ന സുപ്രധാന ജങ്ഷനാണിത്.

To advertise here,

നിരന്തരം വാഹനാപകടങ്ങൾ നടക്കുന്ന ഇവിടെ മുന്നറിയിപ്പ് ബോർഡുകളും വേഗനിയന്ത്രണ സംവിധാനങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡ്രൈവർമാരുടെ ശ്രദ്ധക്കുറവും അമിതവേഗവും കാരണം അപകടങ്ങൾ തുടരുകയാണ്. ജങ്ഷനിൽ ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ വേണമെന്ന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന്, വലമ്പൂരുള്ള ഫിറ്റ്‌നസ് സെന്റർ സ്പോൺസർ ചെയ്ത സ്പീഡ് ബ്രേക്കർ പുത്തൻകുരിശ് പോലീസ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

 

എന്നാൽ വേഗം കുറയ്ക്കുന്നതുകൊണ്ടുമാത്രം ഈ ജങ്ഷനിലെ അപകടങ്ങൾക്ക് പൂർണപരിഹാരമാകുന്നില്ലെന്നാണ് നിലവിലെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. എത്രയും വേഗം അപകടനിയന്ത്രണത്തിന്‌ ആവശ്യമായ നടപടിയെടുക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.