കൊല്ലം : കശുവണ്ടി ഫാക്ടറിയിലെ ജോലിത്തിരക്കിനിടയിലും മികച്ച വിജയത്തോടെ ബിരുദം കരസ്ഥമാക്കിയപ്പോൾ പൂർത്തിയായത് ബിന്ദുവിന്റെ സ്വപ്നം മാത്രമല്ല, അധ്വാനിക്കുന്ന ഒരു സമൂഹത്തിന്റെയാകെ സ്വപ്നവും അഭിമാനവുമാണ്. നെടുമ്പായിക്കുളം കാഷ്യൂ കോർപ്പറേഷൻ ഫാക്ടറിയിലെ തൊഴിലാളിയായ നെടുവത്തൂർ പിണറ്റിൻമൂട് സ്വദേശിനി ബിന്ദു സന്തോഷ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽനിന്നാണ് ബി.എ. സോഷ്യോളജിയിൽ ഉയർന്ന മാർക്കോടെ വിജയിച്ചത്. പത്താം ക്ലാസും പ്ലസ് ടുവും തുല്യതാ പരീക്ഷകളിലൂടെയാണ് പാസായത്.സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബിന്ദുവിന് ബിരുദാനന്തര ബിരുദമോ നിയമപഠനമോ തിരഞ്ഞെടുത്ത് ഇനിയും മുന്നോട്ട് പോകാനാണ് ആഗ്രഹം.സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടറി എസ്. ജയമോഹൻ പൊന്നാടയണിയിച്ച് ബിന്ദുവിനെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാൽ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ട്രഷറർ എ.എം. ഇക്ബാൽ, പി. സജി, നെടുവത്തൂർ സുന്ദരേശൻ, ഹരിലാൽ, കെ.ജി. ബിന്ദു എന്നിവർ പങ്കെടുത്തു.

To advertise here,