ആലുവ : മുട്ടം, അമ്പാട്ടുകാവ്, തായിക്കാട്ടുകര മേഖലകളിൽ ദേശീയപാതയ്ക്കരികിലെ അനധികൃത ലോറി പാർക്കിങ് തലവേദന സൃഷ്ടിക്കുന്നു. ലോറികളും വലിയ ചരക്കുവാഹനങ്ങളുമാണ് റോഡരികിൽ പാർക്ക് ചെയ്യുന്നത്.
സുരക്ഷാ മുന്നറിയിപ്പുകളോ ഇൻഡിക്കേറ്റർ ലൈറ്റുകളോ ഇടാതെയാണ് ഇവയുടെ പാർക്കിങ്. ദേശീയപാതയിലൂടെ പോകുന്ന വാഹനം നിയന്ത്രണം വിട്ടാൽ ലോറിയിലിടിച്ച് വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ദീർഘ ദൂര സർവീസ് നടത്തുന്ന ബ്രോക്കർമാർ കൂടുതലുള്ള മേഖലയാണിവിടം. ഈ ഭാഗം കേന്ദ്രീകരിച്ച് ലോറി പാർക്കിങ് കൂടാനുള്ള കാരണമാണിത്. വാഹനം സുരക്ഷിതമായി നിർത്തിയിടാനോ, ഡ്രൈവർമാർക്ക് വിശ്രമിക്കാനോ ഉള്ള സൗകര്യം ഇവിടെ ലഭ്യമല്ല.
മെട്രോ കടന്നുപോകുന്നതിനോടൊപ്പം, റോഡരികിൽ അനധികൃത ലോറി പാർക്കിങ്ങുകൂടി
ആകുന്നതോടെ ചെറിയ വാഹനങ്ങളും കാൽനടയാത്രക്കാരും ദേശീയപാതയിലൂടെ സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
മോട്ടോർ വാഹന വകുപ്പോ, പോലീസോ ഇടപെട്ട് മുട്ടം, അമ്പാട്ടുകാവ്, തായിക്കാട്ടുകര മേഖലകളിലെ അനധികൃത ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
അനധികൃത മാലിന്യം തള്ളൽ തടയാൻ ചൂർണിക്കര പഞ്ചായത്ത് മുട്ടംമുതൽ പുളിഞ്ചോടുവരെ ദേശീയപാതയുടെ ഇരുവശത്തും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു.
ഇവയിൽ പലതും ഇപ്പോൾ നിശ്ചലമാണ്. ക്യാമറകൾ പ്രവർത്തിപ്പിച്ച ശേഷം ഇതിലൂടെ അനധികൃത ലോറിപാർക്കിങ് കണ്ടെത്തി പിഴ ഈടാക്കാൻ പോലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Published: 06 Sept 2026, 12:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented