ചാത്തന്നൂർ : ബാലഗോകുലം ചിറക്കര ഉപനഗരം, വിവിധ ഹൈന്ദവ സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു.ആഘോഷങ്ങളുടെ ഭാഗമായി കോതേരി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽനിന്ന് ആരംഭിച്ച വർണാഭമായ ശോഭായാത്ര ഉളിയനാട് മഹാദേവക്ഷേത്രത്തിൽ സമാപിച്ചു. ഉണ്ണിക്കണ്ണന്മാരുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് നൂറുകണക്കിന് കുട്ടികളും വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്ന ഘോഷയാത്ര ഭക്തിസാന്ദ്രമായി. തുടർന്ന് ഉളിയനാട് മഹാദേവക്ഷേത്രത്തിൽ നടന്ന സമാപനസമ്മേളനം കാരുണ്യപ്രവർത്തകയും സേവാഭാരതി ചിറക്കര പഞ്ചായത്ത് സമിതി രക്ഷാധികാരിയുമായ കമലാഭായി അമ്മ ഉദ്ഘാടനം ചെയ്തു. ഉറിയടി, പ്രസാദവിതരണം എന്നിവയോടെയാണ് ആഘോഷപരിപാടികൾ സമാപിച്ചത്. ആഘോഷ പ്രമുഖ് കെ. വിനോദ്, സുധി, ജയൻ, അഭിലാഷ്, സജൻലാൽ, അനിൽ, കൊച്ചുണ്ണി, വിനയൻ, മദനൻ എന്നിവർ നേതൃത്വം നൽകി.

To advertise here,

 

വീഥികളിൽ വിസ്മയം

:ചാത്തന്നൂരിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം നടത്തി. മീനാട് ധർമശാസ്താക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ബി.ബി. ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കഥകളി ആചാര്യൻ ചാത്തന്നൂർ കൊച്ചുനാരായണപിള്ള ഗോകുലപതാക കൈമാറി. ബി.ജെ.പി. കൊല്ലം വെസ്റ്റ് പ്രസിഡന്റ് എസ്. പ്രശാന്ത് ശ്രീകൃഷ്ണജയന്തി സന്ദേശം നൽകി.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ ഉണ്ണിക്കൃഷ്ണവേഷം ധരിച്ച കുട്ടികളും നിശ്ചലദൃശ്യങ്ങളും ശ്രീകൃഷ്ണാവതാരക്കഥകളെ ഓർമ്മിപ്പിച്ചു. ശോഭായാത്ര ചാത്തന്നൂർ ശ്രീഭൂതനാഥക്ഷേത്രത്തിൽ സമാപിച്ചു.

പരവൂരിൽ

പരവൂർ : അഷ്ടമിരോഹിണി നാളിൽ പരവൂരിൽ ബാലഗോകുലങ്ങളുടെ കൂട്ടായ്മയിൽ ശോഭായാത്ര നടത്തി.പരവൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നൃത്തച്ചുവടുകളുമായി വാദ്യഘോഷങ്ങളോടെ ആടിത്തിമിർത്ത് നിരത്തുനിറഞ്ഞ് നീങ്ങി. ഘോഷയാത്ര കാണാൻ പാതയോരങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ തടിച്ചുകൂടി. ഒല്ലാൽക്ഷേത്രം, ദയാബ്ജി കവല, ക്ലാവറക്ഷേത്രം, കോട്ടപ്പുറം, കുന്നത്തുക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് വൻ ഘോഷയാത്രയായി പരവൂർ നഗര ഹൃദയത്തിൽ സംഗമിച്ച ശോഭായാത്രകൾ അവിടെനിന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡ് വഴി പോലീസ് സ്റ്റേഷനു മുന്നിലൂടെ വൈകീട്ട് ഏഴോടെ പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെത്തി സമാപിച്ചു. ശോഭായാത്രയ്ക്ക് ആഘോഷ പ്രമുഖ് ജി.പി. ജാൻ, ശിവപ്രസാദ്, സുനിൽകുമാർ, എൻ.ജി. അമർനാഥ്, ബി.ജെപി. കൗൺസിലർമാരായ പ്രദീപ് ജി, വിഷ്ണു, വി.എസ്. രാജീവ്, ഷീല, സ്വർണമ്മ സുരേഷ്, അജിമോൾ തുടങ്ങിയവർ നേതൃത്വം നൽകി.

മയിൽപ്പീലിയഴകിൽ കൊല്ലം

കൊല്ലം :മഞ്ഞപ്പട്ടുടുത്ത്, കൗതുകം നിറഞ്ഞ കണ്ണുകളും നറുപുഞ്ചിരിയൊളിപ്പിച്ച ചുണ്ടുകളുമായി കൈയിലെ കോലക്കുഴൽ ചുണ്ടോടു ചേർത്ത് നടന്നുനീങ്ങുന്ന ഉണ്ണിക്കണ്ണന്മാർ ജന്മാഷ്ടമി ദിനത്തിൽ മയിൽപ്പീലിച്ചേലുള്ള കാഴ്ചയായി.ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രഭരണസമിതികളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ കണ്ണനൂട്ടും ഗോപൂജയും നടത്തി. രണ്ടിടങ്ങളിൽ വീതം സമുദ്രപൂജ, നദീപൂജ, ഉറിയടി എന്നിവയും സംഘടിപ്പിച്ചു.കൊല്ലം നഗരത്തിലെ മഹാശോഭായാത്രയിൽ ആയിരത്തോളം ഉണ്ണിക്കണ്ണൻമാരും പുരാണകഥാപാത്രങ്ങളുടെ വേഷമണിഞ്ഞ കുരുന്നുകളും അണിനിരന്നു. ഗോകുലഗീതത്തോടെയാണ് ലക്ഷ്മിനടയിൽ പരിപാടികൾക്ക് തുടക്കമായത്. ക്രാന്തീയ കാര്യകാര്യസദസ്സ്യൻ വി. മുരളീധരൻ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജില്ലാ അധ്യക്ഷൻ ഗിരീഷ് ബാബു ജന്മാഷ്ടമി സന്ദേശം നൽകി. സ്വാഗതസംഘം ചെയർമാൻ ആർ. കൃഷ്ണകുമാർ ഗോകുലപതാക ഉയർത്തി. ശരവണൻ, എൻ. മണികണ്ഠൻ, സെന്തിൽ, ചേക്കോട്ട് പി. ഉണ്ണി, ബാലൻ മുണ്ടയ്ക്കൽ, കടവൂർ ദിലീപ് എന്നിവർ നേതൃത്വം നൽകി.