ഏരൂർ : മലയോര ഹൈവേയിൽ മേൽമൂടിയില്ലാത്ത ഓടയിൽ കാൽതെറ്റിവീണ് ഓട്ടോറിക്ഷാ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഏരൂർ സ്വദേശി വടക്കേവിളയിൽ ബിജു(52)വിനാണ് പരിക്കേറ്റത്.

To advertise here,

ഞായറാഴ്ച സന്ധ്യയ്ക്ക് ആലഞ്ചേരി വിദേശമദ്യശാലയ്ക്കു മുന്നിലായിരുന്നു അപകടം. കുളത്തൂപ്പുഴ-അഞ്ചൽ പാതയോരത്തുകൂടി നടന്നുവരികയായിരുന്ന ബിജു കാൽതെറ്റി പത്തടിയോളം താഴ്ചയുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട് ഒരു മണിക്കൂറിലധികം ഇയാൾ കുഴിയിൽ കിടന്നതായാണ് നാട്ടുകാർ പറയുന്നത്. ബിജുവിന്റെ നിലവിളികേട്ടെത്തിയ നാട്ടുകാർ ഓടയിൽനിന്ന് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് പുനലൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തി ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ ഓടയിൽനിന്ന് പുറത്തെത്തിക്കാനായത്.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഏറെ അപകടഭീഷണി ഉയർത്തുന്ന ഓടയിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.