കൊല്ലം : വംശനാശഭീഷണി നേരിടുന്ന കടലോര ദേശാടനപ്പക്ഷിയായ റെഡ് നെക്ഡ് സ്റ്റിൻഡ് അഥവാ ചെങ്കണ്ഠൻ മണലൂതി കൊല്ലം വെള്ളനാതുരുത്തിൽ എത്തി. കേരള ബേർഡ് മോണിറ്റിങ് ടീം അംഗവും കൊല്ലം ബേർഡ് ബറ്റാലിയൻ അംഗവുമായ ഫൈസൽ ഫസലുദ്ദീനാണ് ഇതിനെ പകർത്തിയത്.
ഈ ഇനത്തിലെ പ്രായപൂർത്തിയാകാത്തതിനെ ആദ്യമായാണ് കേരളത്തിൽ കാണുന്നത് എന്ന പ്രത്യേകതയുമുണ്ട്. 2022 നവംബറിൽ വെള്ളനാതുരുത്തും 2024-ൽ കാസർകോട്ടും മുതിർന്നവയെ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രജനനകാലത്തോ പ്രായപൂർത്തിയാകാത്ത അവസ്ഥയിലോ ഇവയുടെ നെഞ്ചിലും മുഖത്തും ചുവപ്പുനിറം പടരുകയും ചിറകിന്റെ മുകൾഭാഗത്ത് തവിട്ടുനിറം തെളിഞ്ഞുനിൽക്കുകയും ചെയ്യും. കാഴ്ചയിൽ ചെറുതെങ്കിലും അതിജീവനക്കരുത്തിൽ വമ്പനാണിവൻ. കൊടിയ വേനലിലും അതികഠിനമായ തണുപ്പനുഭവപ്പെടുന്ന ആർട്ടിക് പ്രദേശത്ത് പ്രതികൂല കാലാവസ്ഥയിലാണിവയുടെ പ്രജനനം. അല്ലാത്ത കാലയളവ് ചെലവഴിക്കാനായി ഇവ 10,000 കിലോമീറ്ററിലധികം നീളുന്ന ദുഷ്കരമായ ദേശാടനവും നടത്തുന്നു. ഒറ്റയടിക്ക് 3,000 മുതൽ 5,000 വരെ കിലോമീറ്റർ ഇവ നൂറുമണിക്കൂറിലധികം നീളുന്ന പറക്കൽ നടത്താറുണ്ട്.
ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് പക്ഷികൾ പ്രജനനം നടക്കാത്ത പ്രദേശങ്ങളിൽ എത്തിച്ചേരുന്നത്. അല്ലാത്തസമയം സസ്യജാലങ്ങൾ കുറഞ്ഞ തീരപ്രദേശങ്ങളിലാണ്, പ്രത്യേകിച്ച് വേലിയേറ്റ-വേലിയിറക്ക മേഖലകളിലെ ചെളിപ്പരപ്പുകളിലാണ് ഇരതേടുന്നത്.
ചെറിയ ഒച്ചുകൾ, പ്രാണികൾ, ചെറിയ ഞണ്ടുകൾ, വിത്തുകൾ തുടങ്ങിയവയാണ് ആഹാരം. തീരപ്രദേശത്തെ ചെളിപ്പരപ്പുകളിൽനിന്ന് നാവിലെ ചെറിയ മുള്ളുകൾ ഉപയോഗിച്ച് ചുരണ്ടിയെടുക്കുന്ന സൂക്ഷ്മാണുക്കളും അവ പുറപ്പെടുവിക്കുന്ന ജൈവാവശിഷ്ടങ്ങൾ ചേർന്ന പാളിയും ഇവയുടെ ഭക്ഷണമാണെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. പാപുവ ന്യൂഗിനി, ബംഗ്ലാദേശ്, ഇന്ത്യ, ന്യൂസീലൻഡ് എന്നിവിടങ്ങളിൽ ഇവയെ ചെറിയ എണ്ണത്തിൽ കാണാറുണ്ട്. ദേശാടനത്തിനിടെയെത്തുന്ന 'യെല്ലോ സീ' മേഖലയിൽ നടത്തിയ കണക്കെടുപ്പുപ്രകാരം എണ്ണത്തിൽ പ്രതിവർഷം ഏകദേശം 1.6 ശതമാനം കുറവുണ്ടാകുന്നതായി കാണുന്നു.
Published: 19 Oct 2026, 01:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented