കൊല്ലം: രാജ്യവ്യാപകമായി തീവണ്ടിവഴിയുള്ള ലഹരിക്കടത്ത്‌ തടയാൻ കർശന നടപടിയുമായി റെയിൽവേ. വിവിധ ഏജൻസികളുമായി സഹകരിച്ച് തീവണ്ടികളിലും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷൻ പരിസരങ്ങളിലുമെല്ലാം വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കും. സ്റ്റേഷനുകളിലെയും തീവണ്ടികളിലെയും സി.സി.ടി.വി.ക്യാമറകൾ വഴിയുള്ള നിരീക്ഷണം, ലഹരിക്കടത്തിന് സാധ്യതയുള്ള തീവണ്ടികളിലും റൂട്ടുകളിലും പ്രത്യേക പരിശോധന എന്നിവ നടത്തും. പരിശീലനം ലഭിച്ച നായകളുടെ സേവനവും പ്രയോജനപ്പെടുത്തും.

To advertise here,

 

അസം, ബിഹാർ, ഝാർഖണ്ഡ്, ഡൽഹി, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ കഞ്ചാവും എംഡിഎംഎയും വ്യാജമദ്യവും തീവണ്ടിവഴി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ലഹരിക്കടത്തിന് തടയിടാൻ റെയിൽവേ സുരക്ഷാസേന ‘നർക്കോസ്’ എന്ന പേരിൽ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുന്നുണ്ട്. നർകോട്ടിക് കൺട്രോൾ ബ്യൂറോ, റെയിൽവേ പോലീസ്, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

2019 ഏപ്രിൽമുതൽ നർകോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്രോട്രോപിക് സബ്സ്റ്റൻസ് ആക്ട് (എൻ.ഡി.പി.എസ്.) പ്രകാരം പരിശോധന നടത്താനും ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും റെയിൽവേ സുരക്ഷാസേനയ്ക്ക് അധികാരം നൽകിയിരുന്നു.

സംസ്ഥാനത്ത് റെയിൽവേ സുരക്ഷാസേനാംഗങ്ങൾ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ പരിശോധനകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം ഡിവിഷനിൽ ജനുവരിമുതൽ സെപ്റ്റംബർവരെ നടത്തിയ പരിശോധനയിൽ 54.98 കോടി രൂപ വിലവരുന്ന 943 കിലോ ലഹരി ഉത്പന്നങ്ങളാണ് പിടികൂടിയത്. 7.66 ലക്ഷം രൂപ വിലവരുന്ന വ്യാജമദ്യവും നിരോധിത ലഹരി ഉത്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.