ആര്യങ്കാവ് : പ്രവേശനനികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തമിഴ്നാട്ടിൽനിന്ന് മുട്ടയുമായെത്തിയ ലോറികൾ ആര്യങ്കാവ് അതിർത്തി ചെക് പോസ്റ്റിൽ പിടിച്ചിട്ടു. തമിഴ്‌നാട് നാമക്കലിൽനിന്നെത്തിയ ലോറികളാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ മൃഗസംരക്ഷണ വകുപ്പ് ചെക് പോസ്റ്റിൽ തടഞ്ഞത്. ഇങ്ങനെ പിടിച്ചിട്ട 12 ലോറികൾ അതിർത്തിയിൽ വരിയായി കിടന്നു. ഉച്ചകഴിഞ്ഞാണ് വിട്ടതെന്ന് വ്യാപാരികൾ പറഞ്ഞു.
2024-ലെ സർക്കാർ ഉത്തരവ് പ്രകാരം അതിർത്തി കടന്നെത്തുന്ന ഒരു മുട്ടയ്ക്ക് രണ്ടു പൈസ നിരക്കിൽ പ്രവേശനനികുതി നൽകണം. ഇതുസംബന്ധിച്ച് മുട്ടവ്യാപാരികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അന്തിമവിധി വന്നിട്ടില്ല. എന്നാൽ ഇടയ്ക്കിടെ നികുതിപിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടാകാറുണ്ട്. നിർബന്ധമായും നികുതി അടയ്ക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞതാണ് തർക്കത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. നികുതി ഈടാക്കാനുള്ള സർക്കാർ ഉത്തരവ് ഇതുവരെ ലഭ്യമല്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. പ്രതിദിനം ഒരുകോടിയിലധികം മുട്ടകൾ കേരളത്തിലേക്ക് വരുന്നുണ്ടെന്നും അതിനാൽ ഈ ഫീസ് വ്യാപാരികൾക്കും സാധാരണക്കാർക്കും വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുമെന്നും അവർ പറഞ്ഞു.
ജി.എസ്.ടി. നിയമപ്രകാരം മുട്ട, പാൽ, പച്ചക്കറികൾ തുടങ്ങിയ അവശ്യ കാർഷിക ഉത്‌പന്നങ്ങളെ നികുതിയിൽനിന്നു പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. ജി.എസ്.ടി. ഇളവുള്ള ഒരു ഉത്‌പന്നത്തിന്മേൽ അതിർത്തികളിൽ പ്രവേശന ഫീസ് അല്ലെങ്കിൽ നികുതി ചുമത്തുന്നത് ജി.എസ്.ടി. നിയമങ്ങളുടെ ലംഘനവും അനധികൃതവുമാണെന്നാണ് വ്യാപാരികളുടെ വാദം.
എന്നാൽ നികുതി പിരിവുമായി ബന്ധപ്പെട്ട് ഇപ്പോൾ സർക്കാർ ഉത്തരവൊന്നും ഇറക്കിയിട്ടില്ലെന്നും നാമമാത്രമായ പ്രവേശനനികുതി 2024 ഓഗസ്റ്റ്മുതൽ നിലവിലുണ്ടെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. നാമമാത്രമായ ഈ തുക നികുതിയല്ല, മറിച്ച് അതിർത്തി കടന്നുവരുന്ന മുട്ടകളിൽ രോഗകാരികളായ ബാക്ടീരിയകൾ, ഉണ്ടോയെന്ന് കണ്ടെത്താൻ മൃഗസംരക്ഷണ വകുപ്പിന്റെ റീജണൽ ലാബുകളിൽ നടത്തുന്ന സാമ്പിൾ പരിശോധനകളുടെ ചെലവിലേക്കായി ഈടാക്കുന്ന ഫീസാണെന്നും അധികൃതർ പറഞ്ഞു.
Published: 20 Oct 2026, 03:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented