ഹൊറര് നോവല്| കടല് ചെകുത്താന്| ഭാഗം 8

'ഹരീ..!' രവി ഉറക്കെ വിളിച്ചുവെങ്കിലും ശബ്ദം തൊണ്ടയിൽ കുടുങ്ങി..... അയാൾക്ക് ശ്വാസം കിട്ടിയില്ല. കണ്ണുകൾ പുറത്തേക്ക് തുറിച്ചു. കൈകൾ അന്തരീക്ഷത്തിൽ ഒരു പിടിവള്ളിക്കായി വീശിക്കൊണ്ടിരുന്നു.
അപ്പോൾ സ്റ്റെയർകേസിനു മുകളിൽ കിരൺ പ്രത്യക്ഷപ്പെട്ടു.
Also Read
അടുത്ത നിമിഷം കൈപ്പത്തിയുടെ പിടിഅയഞ്ഞു.
ഹരി ആ കൈപ്പത്തിയെ കഴുത്തിൽ നിന്നും അടർത്തിമാറ്റി വലിച്ച് പുറത്തേക്ക് എറിഞ്ഞുകളഞ്ഞു.
ആ കൈപ്പത്തി ചെന്നുവീണത് മുറ്റത്ത് നിരത്തിവെച്ചിരിക്കുന്ന പൂച്ചട്ടികളിൽ ഒന്നിനു മുകളിലാണ്.
അതവിടെക്കിടന്ന് പുകഞ്ഞ് കത്താൻ തുടങ്ങി. ഒടുവിൽ വെറും ചാരം മാത്രം അവശേഷിച്ചു. നേരിയ കാറ്റടിച്ചു. ആ ചാരം കാറ്റിൽ ലയിച്ചു.
അപ്പോൾ സരള മുറ്റത്ത് ചെടികൾ നനച്ചുകൊണ്ടിരിക്കുകയായിരുന്നു.
കൈപ്പത്തി വന്നുവീണ് പുകഞ്ഞു കത്തിയ ചെടിച്ചട്ടിയിലേക്ക് സരള ഹോസിൽനിന്നും വെള്ളം ചീറ്റിച്ചു.
ഹോസിൽനിന്നും വെള്ളത്തിനുപകരം തീജ്വാലകൾ ഉയർന്ന് റോസച്ചെടിക്ക് തീപിടിക്കുന്ന വിചിത്രമായ കാഴ്ച കണ്ട് സരള നിലവിളിച്ചു. അവൾ ഹോസ് നിലത്തേക്ക് വലിച്ചെറിഞ്ഞു!
സരളയുടെ നിലവിളികേട്ട് രാമേട്ടനും ഹരിയും ഓടി ഗാർഡനിലേക്കുവന്നു.
'എന്താ സരളെ എന്തുപറ്റി? ' അവർ ചോദിച്ചു. അവൾ ചെടിച്ചട്ടിക്കുനേരെ കൈചൂണ്ടി.
അവർ അങ്ങോട്ട് നോക്കി. പക്ഷെ ഹരിയും രാമേട്ടനും അവിടെ ഒരു പ്രത്യേകതയും കണ്ടില്ല.
'അവിടൊന്നുമില്ല.'
'അല്ല, ഹോസിൽനിന്നും തീ പടർന്ന് ചെടിക്കു പിടിച്ചു ഞാൻ കണ്ടതാ. ' വിറച്ചുകൊണ്ട് സരള പറഞ്ഞു.
ഹരി രാമേട്ടന്റെ മുഖത്തേക്ക് നോക്കി.
ആ ചെടിച്ചട്ടിയിലെ റോസ് ചെടി ഒരു കുഴപ്പവും കൂടാതെ നിൽക്കുന്നത് സരള കണ്ടു. താൻ കുറച്ചുമുമ്പു കണ്ടത് എന്തായിരുന്നു?
അവൾ ഹോസ് പൈപ്പ് എടുത്തു. അതിൽനിന്നും വെള്ളമായിരുന്നു വീണുകൊണ്ടിരുന്നത്.
ഇതെന്തു മറിമായം. തനിക്ക് തോന്നിയതാണോ?
സരള ജാള്യതയോടെ മുന്നോട്ടുനടന്നു.
ഹരിക്ക് സരള പറഞ്ഞത് സത്യമാണെന്ന് തോന്നി.
കാരണം ഈ വീട്ടിൽ അതല്ല, അതിലപ്പുറവും നടക്കുമെന്ന് അയാൾക്കറിയാമായിരുന്നു.
അന്നുരാത്രി ഭീതിയോടെയാണ് എല്ലാവരും ഉറങ്ങാൻ കിടന്നത്. പകലത്തെ സംഭവങ്ങളൊക്കെ ഓരോരുത്തരുടെയും സമനില തെറ്റിച്ചിരുന്നു.
രാമേട്ടൻ തന്റെ മുറിയിൽപോയി കിടന്നപ്പഴേ ഉറങ്ങിപ്പോയി.
കിരൺമോൻ രവിയുടെയും ജലജയുടെയും ഒപ്പമാണ് അന്നുറങ്ങാൻ കിടന്നത്.
സമയം ഇഴഞ്ഞുകൊണ്ടിരുന്നു. വാൾക്ലോക്കിൽ പന്ത്രണ്ടുമണി അടിച്ചു.
ഒന്നുരണ്ടു മിനിട്ടുകൂടി കഴിഞ്ഞപ്പോൾ ഉറങ്ങിക്കിടന്ന കിരൺ പെട്ടെന്ന് കണ്ണുകൾ തുറന്നു. പിന്നെ എണീറ്റിരുന്നു.
ആരോ നിയന്ത്രിക്കുന്നതുപോലെ അവൻ എണീറ്റ് വാതിലിനു നേരെ നടന്നു. വാതിലിന്റെ ഓടാമ്പലിൽ കൈ തൊട്ടതും വാതിൽ തനിയെ തുറന്നു.
അവൻ മുറ്റത്തിറങ്ങി. എന്നിട്ട് ചതുപ്പിലേക്കുള്ള പാതയിലൂടെ ചിരപരിചിതനെപ്പോലെ നടന്നു.
അപ്പോൾ കിഴക്കെ മലയുടെ നെറുകയിൽനിന്നും ഒരു തീഗോളം ഉയർന്നുവന്നു. അതു പതുക്കെ ആകാശത്തുകൂടി മുമ്പോട്ടു നീങ്ങി.
ആ തീഗോളം ചതുപ്പിന് നേരെ മുകളിൽ മരങ്ങൾക്കിടയിൽ നിശ്ചലമായി. പിന്നെ ആരോ വെടിവെച്ചു തകർത്തതുപോലെ ചിതറിത്തെറിച്ച് അപ്രത്യക്ഷമായി.
അബോധാവസ്ഥയിൽ എന്നവണ്ണം കിരൺ മുമ്പോട്ടു നടന്നുകൊണ്ടിരുന്നു. ഒടുവിൽ അവൻ ചതുപ്പിന് അടുത്തെത്തി.
അപ്പോൾ അവന്റെ പിന്നിൽ കൂർത്ത ചെവിയും, തലയിൽ കൊമ്പുമുള്ള വികൃതസത്വത്തിന്റെ നിഴൽ.
ജലജയുടെ നിലവിളി കേട്ട് രവി ചാടിയെണീറ്റു ലൈറ്റിട്ടു.
ബെഡ്ഡിൽ കിരൺമോനെ കാണാനില്ലായിരുന്നു. 'മോനെ കാണുന്നില്ല. ' ജലജ കരഞ്ഞുകൊണ്ടു പറഞ്ഞു.
രവി എണീറ്റു സിറ്റൗട്ടിലേക്ക് ചെന്നു. പുറത്തേക്കുള്ള രണ്ടു വാതിലുകളും തുറന്നുകിടക്കുന്നത് അയാൾ കണ്ടു.
കിരൺ എഴുന്നേറ്റ് പുറത്തേക്ക് പോയിട്ടുണ്ടെന്ന് രവിക്ക് മനസ്സിലായി. അയാൾ ഹരിയെ വിളിച്ചു. ഹരി എഴുന്നേറ്റുവന്നു.
ഇരുവരും ഓടിച്ചെന്ന് രാമേട്ടനെ വിളിച്ചുണർത്തി.
രവിയുടെ കയ്യിൽ തോക്കും, ഹരിയുടെ കയ്യിൽ ടോർച്ചും ഉണ്ടായിരുന്നു.
'വളരെ ദൂരത്തൊന്നും പോയിക്കാണാൻ ഇടയില്ല.'
ചുറ്റുപാടും ടോർച്ചടിച്ചു നോക്കിക്കൊണ്ട് ഹരി പറഞ്ഞു.
ആ സമയം ദൂരെനിന്നും ഒരു കരച്ചിൽ അവർ കേട്ടു.
'അയ്യോ അതു മോനാണല്ലോ.'' ഭീതിയോടെ രവി പറഞ്ഞു.
'ആ കരച്ചിൽ കേട്ടത് ചതുപ്പിന്റെ ഭാഗത്തുനിന്നുമാണ്. ' രാമേട്ടൻ ശബ്ദം കേട്ട് ദിശ മനസ്സിലാക്കിക്കൊണ്ടു പറഞ്ഞു.
'എങ്കിൽ വേഗം പോകണം. മോന് അപകടമൊന്നും ഉണ്ടാകുന്നതിനുമുമ്പ് അവനെ രക്ഷിക്കണം.' രവി പറഞ്ഞു.
കുറ്റിക്കാടുകൾ നിറഞ്ഞ വഴിയിലൂടെ അവർ മുമ്പോട്ടു നടന്നു. വഴിക്ക് അവർ കിരണിന്റെ കാൽപ്പാടുകൾ കണ്ടുപിടിച്ചു.
ദൂരത്തുനിന്നുതന്നെ അവർ ചതുപ്പിനു സമീപം ഒരാൾ നിൽക്കുന്നതു കണ്ടു. പക്ഷെ അത് കിരണല്ലെന്ന് അവർക്ക് മനസ്സിലായി.
ആറടിയിൽ അധികം പൊക്കമുള്ള രൂപമായിരുന്നു അത്.
'അതവനാണ്...എറോക്ക് !' രവി മന്ത്രിച്ചു.
അയാൾ ദേഷ്യത്തോടെ തോക്കു ചൂണ്ടി.
'അരുത്, അതിനെ പ്രകോപിപ്പിച്ചാൽ നമ്മുടെ കുഞ്ഞ് !'
രാമേട്ടൻ പറഞ്ഞതുകേട്ട് രവി തോക്ക് താഴ്ത്തി.
അവർ അടുത്തെത്തിയപ്പോൾ ചതുപ്പിലേയ്ക്ക് നോക്കി പുറം തിരിഞ്ഞു നിൽക്കുന്ന ഒരു വികൃത രൂപത്തെ കണ്ടു.
'എടാ.' രവി അലറി.
ഉടൽ അനക്കാതെ ആ സത്വത്തിന്റെ തല കഴുത്തിൽനിന്നും പിന്നിലേക്ക് തിരിഞ്ഞുവരുന്നത് അവർ കണ്ടു.
'എന്റെ മോനെവിടെ?' ' രവി തോക്കു ചൂണ്ടി.
അപ്പോൾ ആ രൂപം അവർക്കുനേരെ തിരിഞ്ഞു.
എറോക്ക്!
കാട്ടുപന്നി മുക്രയിടുന്നതുപോലെ ഒരു ശബ്ദം അത് പുറപ്പെടുവിച്ചു.
അതിന്റെ കണ്ണുകളിലേക്ക് ടോർച്ചടിച്ച ഹരിഞെട്ടിപ്പോയി. കണ്ണുകളിൽ കൃഷ്ണമണികൾ ഇല്ലായിരുന്നു. ചോരപോലെ ചുവന്ന കണ്ണുകൾ.
'എന്റെ മോനെവിടെ? ' രവി കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.
ആ വികൃതസത്വം ചതുപ്പിലേക്ക് കൈചൂണ്ടി. എന്നിട്ട് മിന്നൽപോലെ തിരിഞ്ഞു. അടുത്തനിമിഷം രവിയുടെ കയ്യിൽനിന്നും തോക്കു തട്ടിപ്പറിച്ച് ചതുപ്പിലേയ്ക്ക് വലിച്ചെറിഞ്ഞു.
രാമേട്ടൻ എളിയിൽനിന്നും രണ്ടു തലയ്ക്കും മൂർച്ചയുള്ള കഠാര വലിച്ചെടുത്തു. രണ്ടടി നീളമുണ്ടായിരുന്നു അതിന്.
'എടാ പിശാചെ നിനക്കു രക്ഷയില്ല.' അലറിക്കൊണ്ട് എറോക്കിനു നേരെ രാമേട്ടൻ ചാടിവീണു.
രവിയും ഹരിയും അങ്ങനെയൊരു നീക്കം രാമേട്ടനിൽ നിന്നുണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല.
രാമേട്ടന്റെ കൈ വായുവിൽ ഉയർന്നു താഴ്ന്നു. അന്തരീക്ഷത്തിൽ വൃത്തം വരച്ചതുപോലെ അതുവട്ടം കറങ്ങി. ഭീകരന്റെ ശരീരത്തു തൊടാൻ കഴിഞ്ഞില്ല.
അയാൾ വാശിയോടെ വീണ്ടും വീണ്ടും കഠാരകൊണ്ട് ആഞ്ഞു കുത്തി. പക്ഷെ എറോക്കിനെ ഒരു പോറൽ പോലും ഏൽപ്പിക്കാനായില്ല.
പക്ഷെ ആരും പ്രതീക്ഷിക്കാത്തതു സംഭവിച്ചു,
എറോക്ക് രാമേട്ടന്റെ നടുവിനു ചുറ്റിപ്പിടിച്ച് മുകളിലേക്കുയർത്തി. കഠാര താഴേക്കു വീണു.
അയാൾ അലറി വിളിച്ചു.
രാമേട്ടനെ എങ്ങനെയെങ്കിലും രക്ഷിക്കണം. അല്ലെങ്കിൽ പിശാച് അയാളെ ചെളിയിലേക്കു വലിച്ചെറിയും. ഹരി ഓർത്തു. ഹരി പാന്റ്‌സിന്റെ പോക്കറ്റിൽനിന്നും റിവോൾവറെടുത്ത് എറോക്കിന്റെ നേരെ പിടിച്ചു കാഞ്ചിവലിച്ചു.
അടുത്ത നിമിഷം എറോക്ക് രാമേട്ടനെ താഴേക്ക് താഴ്ത്തി.
ഹരിയുടെ തോക്കിൽ നിന്നും പാഞ്ഞ ബുള്ളറ്റ് രാമേട്ടന്റെ മാറിൽ പതിച്ചു.
അങ്ങനെയൊരു നീക്കം പ്രതീക്ഷിക്കാതെ നിന്ന ഹരിയും രവിയും ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി
'ആ... അയ്യോ... ' രാമേട്ടൻ നിലവിളിച്ചുകൊണ്ട് ഒന്നു പുളഞ്ഞു. പിന്നെ ആ ശരീരം നിശ്ചലമായി.
എറോക്ക് ഒരു മുരൾച്ചയോടെ ആ ശരീരം ചതുപ്പിലേക്ക് വലിച്ചെറിഞ്ഞു
ഹരി വീണ്ടും കാഞ്ചി വലിച്ചു. ഒരു വെടി പൊട്ടി.
ഭീകരന്റെ തലയിൽ വെടിയുണ്ട തുളഞ്ഞു കയറി.
അപ്പോൾ അതിന്റെ വായിൽ നിന്നും ഒരു സർപ്പത്തിന്റെ തല പുറത്തേക്ക് വന്നു.
ഹരിയുടെ തോക്ക് ഒരിക്കൽ കൂടി ഗർജിച്ചു.
പാമ്പിന്റെ തലയ്ക്ക് വെടിയേറ്റു. എറോക്ക് ചതുപ്പിലേക്ക് ചാടി.
ചതുപ്പിൽ നിന്നും കിരൺമോനുമായി ഉയർന്നുവന്ന ആളെ കണ്ടു അവർ ഞെട്ടി പിന്നോട്ട് മാറി ! അത് രാമേട്ടനായിരുന്നു
(തുടരും)
Content Highlights: Intense supernatural suspense and eerie occurrences in the house.
Published: 18 Sept 2026, 02:36 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented