കാർഷികകീടങ്ങളെ കൊന്നൊടുക്കുന്ന മിത്രകീടങ്ങളെക്കുറിച്ച് നിങ്ങൾ പഠിച്ചിട്ടുണ്ടാവും. അവയിൽ ഏറെ കൗതുകകരമായ ചിലതിനെ നമുക്ക് പരിചയപ്പെട്ടാലോ.

To advertise here,

മുഞ്ഞയാണ് പ്രിയം
റേന്തപത്രകീടം എന്ന് മലയാളത്തിലറിയപ്പെടുന്ന ഗ്രീൻ ലേസ്‌വിങ് (Green lacewing) പച്ചനിറവും സുതാര്യമായ ചിറകുകളുമുള്ള ചെറിയ ഷട്പദമാണ്. ഇതിലെ പലയിനങ്ങളും മുട്ടയിടുമ്പോൾ, ഓരോ മുട്ടയും നീളമുള്ള, നേർത്ത തണ്ടിന്റെ അറ്റത്ത് സ്ഥാപിക്കും. മുട്ട വിരിഞ്ഞുവരുന്ന ലാർവകൾ തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി, അന്യോന്യം തിന്നാതിരിക്കാൻ സഹായിക്കുമെന്നതാണ് ഇതിന്റെ പ്രധാന ഗുണം. അത്രയ്ക്ക് ആർത്തിയുള്ള ജീവികളാണ് ഇവ.

ലേസ്‌വിങ് ലാർവ, ഇരയെ വളഞ്ഞ കൊമ്പുപോലുള്ള വായ ഉപയോഗിച്ച് പിടിച്ചുയർത്തി, ദഹന എൻസൈമുകളടങ്ങിയ സ്രവം ഇരയുടെ ശരീരത്തിലേക്ക് കയറ്റും. ഇത് ശരീരത്തിനുള്ളിലെ കോശങ്ങളെ ദഹിപ്പിക്കുന്നു. തുടർന്ന് ഈ ശരീരദ്രവം ലാർവ ഊറ്റിക്കുടിക്കും. ഈ വിചിത്രമായ ഭക്ഷണരീതിക്ക് extra-oral digestion എന്നാണ് പേര്. ചില ലേസ്‌വിങ് ലാർവകൾ തങ്ങൾ കൊന്ന കീടങ്ങളുടെ അവശിഷ്ടങ്ങളും മെഴുകുപോലുള്ള വസ്തുക്കളും ചെടിയിലെ ചെറിയ മാലിന്യങ്ങളും സ്വന്തം ശരീരത്തിനു മുകളിൽ ചുമന്നുനടക്കും. ശത്രുക്കളിൽനിന്നുള്ള മറയും ഇരകളെ പറ്റിക്കാനുള്ള തന്ത്രവുമാണിത്. മുഞ്ഞകൾ ഇവയുടെ പ്രധാന ഇരകളിലൊന്നാണ്. ജീവിതചക്രത്തിനിടെ നൂറുകണക്കിന് മുഞ്ഞകളെ (ആഫിഡ്) ഇവയ്ക്കു തിന്നാൻ കഴിയും. അതിനാൽ ഈ ലാർവകൾക്ക് 'ആഫിഡ് ലയൺ' എന്ന രസകരമായ പേരും ലഭിച്ചിട്ടുണ്ട്.

കുമിളിന്റെ കുരുക്ക്
മണ്ണിനടിയിൽ ചെടികളുടെ വേരുകളെ ആക്രമിച്ച് വിളകൾക്ക് ദോഷം ചെയ്യുന്ന നിമറ്റോഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ? ഇവയെ നിമാവിരകളെന്നും വിളിക്കുന്നു. മണ്ണിനടിയിൽ ഇവയ്ക്കായി ഒരു വേട്ടക്കാരൻ ഒളിഞ്ഞിരിക്കുന്നുണ്ട് - ആർത്രോബോട്രിസ് (Arthrobotrys) എന്ന കുമിൾ (Fungus). നിമറ്റോഡുകളെ പിടികൂടി ഭക്ഷണമാക്കുന്ന മാംസഭുക്കായ സൂക്ഷ്മജീവിയാണിത്. കുമിളിന്റെ ശരീരമായ ഹൈഫകൾ (hyphae) മണ്ണിലൂടെ നൂലുപോലെ പടർന്നുവളരുന്നു. നിമറ്റോഡുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ആർത്രോബോട്രിസ് ചില ഹൈഫകളെ പ്രത്യേക രീതിയിൽ വളർത്തി, ഒട്ടിപ്പിടിക്കുന്ന ത്രിമാനവലപോലുള്ള കുരുക്കുകളുണ്ടാക്കുന്നു. ഈ വലയുടെ ഉപരിതലത്തിൽ നിമറ്റോഡ് ഒട്ടിപ്പിടിക്കാനുള്ള പ്രത്യേക പദാർഥങ്ങളുണ്ട്. നിമറ്റോഡ്, ഈ വലയിലൂടെ ഇഴഞ്ഞുനീങ്ങുമ്പോൾ വലയിൽ ഒട്ടിപ്പിടിച്ച് രക്ഷപ്പെടാനാകാതെ കുടുങ്ങുന്നു. നിമറ്റോഡ് കുടുങ്ങിയശേഷം കുമിളിന്റെ ഹൈഫകൾ അതിന്റെ പുറംതൊലി തുളച്ച് ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കും. തുടർന്ന്, നിമറ്റോഡിന്റെ ശരീരകലകളെ വിഘടിപ്പിച്ച് അവയിൽനിന്നുള്ള പോഷകങ്ങൾ ആഗിരണംചെയ്യുന്നു. അങ്ങനെ നിമറ്റോഡ്, കുമിളിന് നൈട്രജനും മറ്റ് പോഷകങ്ങളും നൽകുന്ന ഭക്ഷണമായിമാറും.

കൊലയാളി ബാക്ടീരിയ
ബാസിലസ് തുറിഞ്ചിയൻസിസ് (Bt - Bacillus thuringiensis) മണ്ണിലും സസ്യങ്ങളുടെ ഉപരിതലത്തിലും സസ്യാവശിഷ്ടങ്ങളിലും സ്വാഭാവികമായി കാണപ്പെടുന്ന ഒരു ബാക്ടീരിയയാണ്. ഇതിലെ ചില ഇനങ്ങൾ കീടങ്ങൾക്കെതിരേ, പ്രത്യേകിച്ച് ശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും പുഴുക്കൾക്കെതിരേ ശക്തമായി പ്രവർത്തിക്കുന്നു. Bt യുടെ ഏറ്റവും അദ്ഭുതകരമായ ആയുധം അതിന്റെ ക്രിസ്റ്റൽ പ്രോട്ടീനുകളാണ് (crystalline insecticidal proteins). ബാക്ടീരിയ വളരുമ്പോൾ ചില പ്രത്യേക പ്രോട്ടീനുകൾ ക്രിസ്റ്റൽ രൂപത്തിൽ ഉണ്ടാക്കുന്നു. ഒരു പുഴു Bt ഉള്ള ഇല ഭക്ഷിക്കുമ്പോൾ ഈ ക്രിസ്റ്റലുകളും അതിന്റെ ശരീരത്തിനുള്ളിലെത്തും. പുഴുവിന്റെ മധ്യദഹനനാളിയിലെ ക്ഷാരസ്വഭാവമുള്ള അന്തരീക്ഷത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള പ്രോട്ടീൻ ലയിക്കുന്നു. തുടർന്ന് ദഹന എൻസൈമുകളുടെ പ്രവർത്തനത്തിലൂടെ അത് സജീവമായ വിഷമായി മാറും. ഈ വിഷം കീടത്തിന്റെ കുടലിലെ ഭിത്തിയിൽ ചെറിയ ദ്വാരങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. പിന്നീട് കുടലിന്റെ പ്രവർത്തനം തകരുകയും അണുബാധയും മറ്റും ഉണ്ടായി പുഴു ചാവുകയും ചെയ്യും.