ഭയങ്കര ഭക്ഷണപ്രിയനും സൽക്കാരപ്രിയനുമായിരുന്നു ജംബുവർമ്മൻ. ഒരിക്കൽ രാജാവ് ഒരു ഉത്തരവിറക്കി ''കൊട്ടാരത്തിൽ വരുന്നവർക്കെല്ലാം യഥേഷ്ടം വിഭവസമൃദ്ധമായ ഭക്ഷണംകഴിച്ചു പോവാം.'' അതോടെ തീറ്റക്കൊതിയന്മാരും മടിയന്മാരും പിശുക്കന്മാരും കയറിയിറങ്ങി. രാജാവ് അതിഥിസത്കാരത്തിൽ മുഴുകി. കൊട്ടാരത്തിലെ ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും രാജാവിനെ വാനോളം പുകഴ്ത്തി. ''രാജാവ് നീണാൾ വാഴട്ടെ...'' തന്റെ അന്തസ്സ് പതിന്മടങ്ങ് വർധിച്ചതുപോലെ അദ്ദേഹത്തിനു തോന്നി.
ഈസമയം, രാജ്യത്തെ ജനങ്ങൾ പട്ടിണിയും വരൾച്ചയുംകൊണ്ട് പൊറുതിമുട്ടുന്ന കാര്യമുണ്ടോ രാജാവറിയുന്നു. കൊട്ടാരത്തിൽ രാജ്ഞിമാത്രം ഇതോർത്ത് ദുഃഖിതയായി. ഇങ്ങനെപോയാൽ അധികം വൈകാതെ ഖജനാവ് കാലിയാകും. ഉടനൊരു പരിഹാരം കണ്ടെത്തണം. രാജ്ഞി ഒരു സൂത്രം പ്രയോഗിച്ചു.
ഒരുദിവസം രാജ്ഞി രാജാവിനോടു ചോദിച്ചു: ''പ്രഭോ, നമുക്കു രണ്ടുപേർക്കുംകൂടി ഇവിടെയടുത്തൊരു സ്ഥലംവരെ പോകണമായിരുന്നു.''
രാജാവ് പറഞ്ഞു: ''നാടുകാണാനെങ്കിൽ ഞാനില്ല. നമ്മുടെ പാചകപ്പുരയിൽ പുതിയൊരു ഭക്ഷണം പാകമായിക്കൊണ്ടിരിക്കുകയാണ്. ആ ഭക്ഷണത്തിന്റെ രുചിയറിയാൻ ഞാൻ കാത്തിരിക്കുകയാണ്.''
അപ്പോൾ രാജ്ഞി പറഞ്ഞു: ''അതിവിദഗ്ധനായ ഒരു പാചകക്കാരനെ കാണാൻ വേണ്ടിയാണ് നാം പോകുന്നത്. അങ്ങ് വരില്ലെന്നു പറയരുത്. പക്ഷേ, കാൽനടയായി വരണമെന്നാണ് അദ്ദേഹത്തിന്റെ നിബന്ധന.'' ഇതുകേട്ടതും രാജാവ് സമ്മതിച്ചു. അങ്ങനെ അവർ യാത്രതിരിച്ചു. കുറച്ചുദൂരം നടന്നപ്പോഴേക്കും രാജാവ് തളർന്ന് ദാഹിച്ച് പരവശനായി.
രാജ്ഞി രാജാവിനെയും കൂട്ടി കുറച്ചകലെയുള്ള അരുവിയിലിറങ്ങി വെള്ളം കുടിച്ചതിനുശേഷം തൊട്ടടുത്തുള്ള മരത്തിനുകീഴെ വിശ്രമിച്ചു.
അപ്പോഴാണ് അതുവഴി കീറിപ്പറിഞ്ഞ വസ്ത്രവുമായി ക്ഷീണിതരായ സ്ത്രീകളുടെയും പുരുഷന്മാരുടെയും നീണ്ട നിര രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ അരുവിയിലെ വെള്ളവും നിറച്ച് രാജാവിനെ ശ്രദ്ധിക്കാതെ നടന്നകന്നുപോയി.
''നമ്മുടെ രാജ്യത്ത് ഇത്രയും യാചകരോ! ഹും, ഈ യാചകർക്ക് ഇത്ര അഹംഭാവമോ! അഹങ്കാരികൾ... ഇവരെ ഞാൻ വെറുതെ വിടില്ല...'' രാജാവ് തന്റെ അരയിൽ തിരുകിയ വാളെടുത്ത് ചാടിയെഴുന്നേൽക്കാൻ ഭാവിക്കുമ്പോഴേക്കും രാജ്ഞി തടസ്സംനിന്നു. തന്റെ കൈകൾകൂപ്പി രാജാവിനോടഭ്യർഥിച്ചു:
''പ്രഭോ, അവർ യാചകരല്ല, അങ്ങയുടെ പ്രജകളാണ്. അങ്ങയുടെ പ്രവൃത്തിയാണ് അവരെ ഇത്തരം പട്ടിണിക്കോലങ്ങളാക്കിയത്.''
''ഈ അരുവിയിലെ വെള്ളംകൂടി വറ്റിയാൽ, ആ പാവങ്ങൾ വെള്ളം കിട്ടാതെ മരിച്ചുവീഴും. അവരെ സംരക്ഷിക്കേണ്ട അങ്ങ് ഭക്ഷണത്തിലും അതിഥിസത്കാരത്തിലും മുഴുകിയാലോ...?''
കൊട്ടാരത്തിൽ തിരിച്ചെത്തിയ രാജാവ് തന്റെ തെറ്റുതിരുത്തി, കൊട്ടാരത്തിൽ സംഭരിച്ച മുഴുവൻ ധാന്യങ്ങളും നാട്ടുകാർക്കായി വിതരണം ചെയ്തു. ശേഷം പ്രജകളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനും തുടങ്ങി.
Content Highlights: A tale about a gluttonous king named Jambuvarman who ignored his starving subjects.
Published: 23 Oct 2026, 11:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented