ഒരു രാജാവിന് സുന്ദരികളായ പന്ത്രണ്ട് പെൺകുട്ടികളുണ്ടായിരുന്നു. പന്ത്രണ്ട് രാജകുമാരിമാരും ഒരേ മുറിയിൽ പന്ത്രണ്ട് കട്ടിലുകളിലായാണ് ഉറങ്ങാറ്. വാതിലുകളെല്ലാം നന്നായി പൂട്ടിയശേഷമാണ് ഉറക്കം. എന്നാൽ എല്ലാ ദിവസവും രാവിലെ നോക്കുമ്പോൾ രാജകുമാരിമാരുടെ പാദുകങ്ങൾ രാത്രിയിൽ മുഴുവൻ നൃത്തം ചവിട്ടിയപോലെ തേഞ്ഞ് തുള വീണിരിക്കുന്നത് കാണാം. എന്താണ് രാജകുമാരിമാർക്ക് സംഭവിക്കുന്നതെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു. ഈ ''സംഭവത്തിന്റെ പിന്നിലെ രഹസ്യം കണ്ടെത്തുന്നവർക്ക് രാജകുമാരിമാരിലൊരാളെ വിവാഹംകഴിച്ച് ഭാവി രാജാവായിമാറാനുള്ള അവസരം ലഭിക്കും. മൂന്ന് പകലും രാത്രിയും ഇതിനായി നൽകും. പന്തയത്തിൽ പരാജയപ്പെട്ടാൽ പങ്കെടുത്തയാളുടെ കഴുത്തിന് മുകളിൽ തല കാണില്ല!''
വിചിത്രമായ ഈ വിളംബംരം കേട്ട് പല രാജ്യത്തുനിന്നും രാജകുമാരന്മാർ പന്തയത്തിൽ പങ്കെടുക്കാൻ എത്തിയെങ്കിലും എല്ലാവരും പരാജയപ്പെട്ടു.
അങ്ങനെയിരിക്കെ ഒരു സൈനികൻ രാജകൊട്ടാരത്തിലേക്ക് തിരിച്ചു. യാത്രയ്ക്കിടയിൽ അയാൾ ഒരു വൃദ്ധയായ സ്ത്രീയെ കണ്ടുമുട്ടി. അവർ ഒരു മന്ത്രവാദിനിയായിരുന്നു. സൈനികന്റെ യാത്രോദ്ദേശ്യം മനസ്സിലാക്കിയ മന്ത്രവാദിനി അയാളോട് പറഞ്ഞു: ''ഒരു കാര്യം ശ്രദ്ധിച്ചാൽമതി. വൈകുന്നേരം രാജകുമാരിമാർ നിനക്ക് നൽകുന്ന വീഞ്ഞ് അല്പംപോലും കഴിക്കാൻപാടില്ല. രാത്രിയിൽ അവർ വന്ന് നോക്കുമ്പോൾ ഉറങ്ങിയതുപോലെ അഭിനയിക്കുകയും വേണം. ഇതാ ഈ മേലങ്കി കയ്യിൽ വെച്ചോളൂ. ഇത് ധരിച്ചാൽ നിനക്ക് അദൃശ്യനായി മാറാൻ സാധിക്കും.'' മന്ത്രവാദിനിയമ്മൂമ്മയ്ക്ക് നന്ദിപറഞ്ഞ് അയാൾ കൊട്ടാരത്തിലേക്ക് നീങ്ങി.
കൊട്ടാരത്തിലെത്തിയ സൈനികനെ രാജാവ് സന്തോഷത്തോടെ സ്വാഗതംചെയ്തു. അയാൾക്ക് ധരിക്കാൻ രാജകീയവസ്ത്രങ്ങൾ സമ്മാനിച്ചു. വൈകുന്നേരമായപ്പോൾ, മൂത്ത രാജകുമാരി സൈനികന് കുടിക്കാൻ ഒരു കപ്പ് വീഞ്ഞുമായി എത്തി. സൈനികൻ അത് സ്വീകരിച്ചെങ്കിലും രാജകുമാരി കാണാതെ അയാൾ അത് ദൂരേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു.
രാത്രിയായപ്പോൾ അയാൾ തന്റെ കിടക്കയിൽ മതിമറന്ന് ഉറങ്ങുന്നതുപോലെ അഭിനയിച്ചു. ഉച്ചത്തിൽ കൂർക്കംവലിക്കാനും ആരംഭിച്ചു. ഇത് കേട്ട് രാജകുമാരിമാർ പരിഹാസത്തോടെ പരസ്പരം പറഞ്ഞു: ''ഇയാളുടെ നാളുകളും എണ്ണപ്പെട്ടുകഴിഞ്ഞു.'' സൈനികൻ ഉറക്കമാണെന്ന് വിചാരിച്ച രാജകുമാരിമാർ തങ്ങളുടെ ആമാടപ്പെട്ടികൾ തുറന്ന് നൃത്തംചെയ്യാനെന്നോണം വിലകൂടിയ വസ്ത്രങ്ങളും രത്നമാലകളും ധരിച്ചു.
നന്നായി അണിഞ്ഞൊരുങ്ങിയശേഷം അവർ സൈനികന്റെ അടുത്ത് പോയി നോക്കി. അയാൾ നല്ല ഉറക്കത്തിലാണെന്ന് കരുതിയ അവർ മുറിയിലേക്ക് തിരിച്ചുപോയി. ഉടൻതന്നെ മൂത്ത രാജകുമാരി തന്റെ കട്ടിലിൽ കയറിനിന്ന് മൂന്നുതവണ കൈകൊട്ടി. അദ്ഭുതം! കട്ടിൽ നിലത്തേക്ക് താഴ്ന്നുപോയി, ഒരു വാതിലായിമാറി. മൂത്ത രാജകുമാരി ആ വാതിൽ തുറന്ന് താഴേക്ക് ഇറങ്ങിപ്പോയി. പിന്നാലെ മറ്റുള്ള രാജകുമാരിമാരും. ഉറക്കം നടിച്ച് കിടന്ന സൈനികൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാൾ മന്ത്രവാദിനിയമ്മൂമ്മ സമ്മാനിച്ച മേലങ്കിയണിഞ്ഞ് അദൃശ്യനായി രാജകുമാരിമാരുടെ പിന്നാലെ ചെന്നു.
വാതിലിന് താഴേക്കുള്ള ഒരു വലിയ ഗോവണിയിലൂടെയാണ് രാജകുമാരിമാർ താഴേക്കിറങ്ങുന്നത്. സൈനികനും കൂടെയിറങ്ങി. എന്നാൽ അബദ്ധത്തിൽ ഇളയ രാജകുമാരിയുടെ ഉടുപ്പിന്റെ ഒരറ്റം സൈനികൻ ചവിട്ടിപ്പോയി. ''അയ്യോ എന്റെ ഉടുപ്പ് ആരോ പിടിച്ചുവലിക്കുന്നപോലെ'' അവൾ ഉച്ചത്തിൽ കരഞ്ഞു. ''ഗോവണിയിലെ ആണിയിൽ തടഞ്ഞതാവും.'' മൂത്ത രാജകുമാരി അവളെ സമാധാനിപ്പിച്ചു.
ഗോവണിപ്പടികൾ ഇറങ്ങിയപ്പോൾ ഒരു മായാലോകത്താണ് അവരെത്തിയത്.
വെള്ളികൊണ്ടുള്ള ഇലകൾ നിറഞ്ഞ ഒരു മരമാണ് സൈനികൻ ആദ്യം കണ്ടത്. മരത്തിലെ ഇലകൾ വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു. ഇതെല്ലാം രാജാവിനെ വിശ്വസിപ്പിക്കാൻ അയാൾക്ക് എന്തെങ്കിലും തെളിവ് കൊണ്ടുപോവേണ്ടതായുണ്ടായിരുന്നു. അയാൾ ആ മരത്തിന്റെ കൊമ്പ് ശക്തിയായി കുലുക്കി. അപ്പോൾ ഒരു ഭീകരമായ ഒച്ചയുണ്ടായി. ഇത് കേട്ട ഇളയ രാജകുമാരി നടുങ്ങിപ്പോയി. അവൾ നിലവിളിച്ചുകൊണ്ട് പറഞ്ഞു: ''അസാധാരണമാംവിധം ഒരു ശബ്ദം കേട്ടില്ലേ, എനിക്ക് പേടിയാകുന്നു.'' ഇത് കേട്ട് മൂത്ത രാജകുമാരി പറഞ്ഞു: ''നമ്മുടെ രാജകുമാരന്മാരുടെ ശബ്ദമായിരിക്കും, സന്തോഷത്താൽ അവർ കൂവിവിളിക്കുന്നതായിരിക്കും.''
പിന്നീട് സൈനികൻ സ്വർണത്തിന്റെയും വജ്രത്തിന്റെയും ഇലകളുള്ള മരങ്ങൾ കണ്ടു. ഓരോ തവണയും സൈനികൻ ഓരോന്നിന്റെയും ചില്ലകൾ കുലുക്കി സ്വർണവും വജ്രവും കൊണ്ടുള്ള വെട്ടിത്തിളങ്ങുന്ന ഇലകൾ ശേഖരിച്ചുവെച്ചു.
കുറേ ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ മനോഹരമായ ഒരു പൊയ്കയുടെ സമീപം അവരെത്തി. പൊയ്കയിൽ അതിമനോഹരമായ പന്ത്രണ്ട് വഞ്ചികളുണ്ടായിരുന്നു. ഓരോ വഞ്ചിയിലും തുഴ ഏന്തിക്കൊണ്ട് പന്ത്രണ്ട് രാജകുമാരന്മാരും.
രാജകുമാരിമാർ ഓരോരുത്തരായി ഓരോ വഞ്ചിയിൽ പോയിരുന്നു. ഇളയ രാജകുമാരി ഇരുന്ന വഞ്ചിയിൽ അദൃശ്യനായ സൈനികനും കയറിപ്പറ്റി.
ഈ വഞ്ചി നീങ്ങിത്തുടങ്ങിയപ്പോൾ രാജകുമാരൻ രാജകുമാരിയോട് പറഞ്ഞു: ''ഇന്നെനിക്ക് പതിവുപോലെ വഞ്ചി തുഴയാൻ സാധിക്കുന്നില്ല. ഭാരം കൂടിയതുപോലുണ്ട്. വല്ലാതെ ക്ഷീണം തോന്നുന്നു.''
''ഇന്ന് വളരെ ചൂടുള്ള ദിവസമാണ്, അതുകൊണ്ട് ക്ഷീണം തോന്നുന്നതാവാം.'' രാജകുമാരി രാജകുമാരനെ ആശ്വസിപ്പിച്ചു.
പൊയ്ക കടന്ന് അവരെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം നിറഞ്ഞ ഒരു ഗോപുരത്തിലായിരുന്നു. ആ ഗോപുരത്തിനുള്ളിൽ പ്രവേശിച്ചയുടൻ ഓരോ രാജകുമാരനും ഓരോ രാജകുമാരിക്കൊപ്പം ചേർന്ന് നൃത്തമാടാൻതുടങ്ങി. സൈനികനും അവർക്കൊപ്പം നൃത്തംചെയ്തു. പുലർച്ചെ ഏതാണ്ട് മൂന്നുമണിവരെ ഈ നൃത്തം തുടർന്നു. ശേഷം രാജകുമാരന്മാർതന്നെ
രാജകുമാരിമാരെ വഞ്ചിയിൽ കയറ്റി പൊയ്കയുടെ മറുകരയിൽ കൊണ്ടെത്തിച്ചു. ഇത്തവണ സൈനികൻ മൂത്ത രാജകുമാരി കയറിയ വഞ്ചിയിലാണ് കയറിപ്പറ്റിയത്.
ഒടുവിൽ തങ്ങളുടെ കീറിപ്പറിഞ്ഞ പാദുകങ്ങളുമായി അവർ തങ്ങളുടെ മുറിയിൽ തിരിച്ചെത്തി. ബുദ്ധിമാനായ സൈനികൻ അതിനുമുൻപുതന്നെ തിരിച്ചെത്തി ഒന്നും സംഭവിക്കാത്തതുപോലെ പഴയപടി ഉറക്കം നടിച്ച് കൂർക്കംവലിച്ച് കട്ടിലിൽ കിടന്നു. ഇത് കണ്ട രാജകുമാരിമാർ ഊറിച്ചിരിച്ചു.
ഒടുവിൽ രാജാവിന്റെ മുന്നിൽ സൈനികന് ഹാജരാക്കേണ്ട ദിവസം വന്നെത്തി. അന്നേദിവസം രാവിലെ രാജാവിന് മുന്നിൽ ഹാജരായ സൈനികൻ കഥകളെല്ലാം വിസ്തരിച്ച് പറഞ്ഞു. മായാലോകത്തുനിന്ന് തെളിവായി താൻ കൊണ്ടുവന്ന വെള്ളിയുടെയും സ്വർണത്തിന്റെയും വജ്രത്തിന്റെയും ഇലകളും സ്വർണ കപ്പുകളും സൈനികൻ രാജാവിന് കാണിച്ചുകൊടുത്തു. രാജാവ് പന്ത്രണ്ട് രാജകുമാരിമാരെയും വിളിപ്പിച്ചു.
സൈനികന്റെ തെളിവെടുപ്പിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെവന്ന രാജകുമാരിമാർ സത്യമെല്ലാം തുറന്ന് പറഞ്ഞു. ഇനി തങ്ങൾ ഇത് ആവർത്തിക്കില്ലെന്ന് രാജാവിന് വാക്കുനൽകുകയും ചെയ്തു. പന്തയത്തിൽ വിജയിച്ച സൈനികന്, അയാളുടെ ഇഷ്ടപ്രകാരം രാജാവ് തന്റെ മൂത്തപുത്രിയെ വിവാഹംചെയ്തുകൊടുത്തു. രാജാവിന്റെ കാലശേഷം രാജഭരണം ബുദ്ധിമാനായ സൈനികൻ ഏറ്റെടുക്കുകയും മികച്ച ഭരണം കാഴ്ചവയ്ക്കുകയും ചെയ്തു.
Content Highlights: A king's twelve daughters mysteriously wear out their shoes every night despite locked doors.
Published: 23 Oct 2026, 09:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented