ഒരിക്കൽ നാരദമഹർഷി സ്വർഗത്തിൽനിന്നും ശ്രീകൃഷ്ണനെ കാണാൻ ദ്വാരകയിലെത്തി. അദ്ദേഹത്തിന്റെ കൈയിൽ ഒരു പാരിജാതപ്പൂവുമുണ്ടായിരുന്നു. സ്വർഗത്തിൽ മാത്രം കാണുന്ന അത്യപൂർവമായ ചെടിയായിരുന്നു പാരിജാതം. ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴി കടഞ്ഞപ്പോൾ കിട്ടിയതാണ് പാരിജാതച്ചെടി. ദേവേന്ദ്രൻ അതു നേരെ കൊണ്ടുപോയി സ്വന്തം പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു.
ആ ചെടിയുടെ പൂവുമായി നാരദൻ ഭൂമിയിലെത്തിയപ്പോൾ ശ്രീകൃഷ്ണന് വളരെ സന്തോഷമായി.
അപ്പോൾ നാരദൻ പറഞ്ഞു: ''നോക്കൂ, ഈ വിശിഷ്ടമായ പൂവ് രുക്മിണിക്കുവേണ്ടി കൊണ്ടുവന്നതാണ്. വേഗം ചെന്ന് ഇതു സമ്മാനിച്ചാലും.'' പൂവുവാങ്ങി ശ്രീകൃഷ്ണൻ അന്തഃപുരത്തിലേക്കുപോയി.
അപ്പോൾ നാരദൻ ശ്രീകൃഷ്ണന്റെ മറ്റൊരു ഭാര്യയായ സത്യഭാമയുടെ അടുത്തുചെന്നു. ''ഞാൻ സത്യഭാമയ്ക്കുവേണ്ടി കൊണ്ടുവന്ന പാരിജാതപ്പൂ കൃഷ്ണൻ രുക്മിണിക്കു കൊടുത്തു. രുക്മിണിയോടാണ് ഭഗവാന് കൂടുതൽ പ്രിയമെന്നുതോന്നുന്നു.'', നാരദൻ വളരെ സങ്കടം നടിച്ച് സത്യഭാമയോടു പറഞ്ഞു.
ഇതുകേട്ടതും ദേഷ്യംകൊണ്ട് സത്യഭാമയുടെ മുഖം ചുവന്നു. ''നാരദമഹർഷി കൊണ്ടുവന്ന പാരിജാതപ്പൂ അങ്ങ് രുക്മിണിക്കു കൊടുത്തു. അല്ലേ? എന്നാൽ എനിക്ക് ഒരു പാരിജാതച്ചെടി തന്നെ കൊണ്ടുവന്നുതരണം.''
ശ്രീകൃഷ്ണൻ ആകെ വിഷമിച്ചു. പാരിജാതച്ചെടി കിട്ടിയില്ലെങ്കിൽ സത്യഭാമ പിണങ്ങും. ശ്രീകൃഷ്ണൻ ഇന്ദ്രന്റെ അടുത്തുചെന്ന് കാര്യം പറഞ്ഞു. ദേവേന്ദ്രൻ ഒരു പാരിജാതത്തൈ ശ്രീകൃഷ്ണന് കൊടുക്കുകയും ചെയ്തു.
ഇനിയൊരു കലഹമുണ്ടാകാതിരിക്കാൻ സത്യഭാമയുടെ പൂന്തോട്ടത്തിൽ തന്നെ പാരിജാതം നട്ട കൃഷ്ണൻ അതിന്റെ ശിഖരങ്ങൾ രുക്മിണിയുടെ പൂന്തോട്ടത്തിലേക്കെത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. അങ്ങനെയാണ് പാരിജാതം ഭൂമിയിലെത്തിയതെന്നാണ് പുരാണങ്ങൾ പറയുന്നത്.
Content Highlights: Narada brings a rare Parijatham flower from heaven to Lord Krishna.
Published: 07 Nov 2026, 03:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented