ആളുകൾ നിലവിളിച്ചുകൊണ്ട് ഓടുന്നതു കണ്ട് രവിയും ഹരിയും അമ്പരന്നു പോയി!

To advertise here,

ചിത കത്തുന്നിടത്തേക്ക് അവർ ഓടി വന്നു

'എന്താ...? എന്തിനാ എല്ലാവരും ഓടുന്നത്..? ' രവി ചോദിച്ചു.

'രവി സാറേ....! പ്രേതം ചിതയിൽ നിന്ന് എണീറ്റ് വന്നു... '

അടുത്ത വീട്ടിലെ പയ്യൻ ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.

രവിക്കും ഹരിക്കും ഒന്നും മനസ്സിലായില്ല. അവർ ചിത കത്തുന്ന സ്ഥലത്തേക്ക് ചെന്നു.

ചിതയ്ക്ക് സമീപം കിരൺ നിൽപ്പുണ്ടായിരുന്നു 'എന്തിനാടാ എല്ലാവരും നിലവിളിച്ചുകൊണ്ട് ഓടിയത്...?' രവി തിരക്കി.

'എനിക്കറിയാന്മേല....' അവൻ പറഞ്ഞു.

രവിയും ഹരിയും ചുറ്റുപാടും നോക്കി. അവിടെ അസാധാരണമായ ഒന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. ചിത മെല്ലെ കത്തി തീർന്നു. ഒടുവിൽ കുറെ കനലുകൾ മാത്രം അവശേഷിച്ചു.

'നീ ഇവിടെ നിൽക്കണ്ട... വരൂ വീട്ടിലേക്ക് പോകാം...'

രവിയും ഹരിയും കിരണിനെ കൂട്ടി തറവാട്ട് വീട്ടിലേക്ക് പോയി.

ശാരദാമ്മയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്നു അനിത.

അന്ന് ആ വീട്ടിൽ ആർക്കും ഉറക്കം വന്നില്ല. എല്ലാവരും ശോഭയുടെ ഓർമ്മകളിൽ ലയിച്ചു കിടക്കുകയായിരുന്നു.

ഹരി തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നില്ല.

താനാണ് ശോഭേടത്തിയുടെ കോലയാളി എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.

സമയം കടന്നുപോയി.

പിന്നെപ്പോഴോ ഹരി മെല്ലെ ഉറക്കത്തിലേക്ക് വഴുതി

വീണു.

'ഹരീ... '

ആരോ അടുത്തുനിന്ന് വിളിക്കുന്നത് കേട്ട് ഹരി കണ്ണു തുറന്നു.

'അനുജാ..!'

'ങേ..!' ശബ്ദം കേട്ട് ഹരി ചാടി എണീറ്റു.

'ജയേട്ടൻ...' കിടക്കയുടെ തലയ്ക്കൽ ജയശങ്കർ നിൽക്കുന്നു.

'എന്റെ ശോഭയെ നിങ്ങൾ എന്താടാ ചെയ്തത്... കൊന്നുകളഞ്ഞില്ലേടാ അവളെ... '

ജയന്റെ ഭാവം മാറിയത് പെട്ടെന്നായിരുന്നു.

അയാൾ ഹരിയെ പുഷ്പം പോലെ എടുത്ത് പുറത്തേക്ക് എറിഞ്ഞു. വാതിൽ തകർത്തുകൊണ്ട് ഹരി വരാന്തയിൽ പോയി വീണു. വാതിൽ തകർന്നുവീഴുന്ന ശബ്ദം കേട്ട് രവി മുകളിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു.

'ഹരി എന്തു പറ്റിയെടാ..?'

വരാന്തയിൽ നിന്ന് എണീറ്റ് വരുന്ന ഹരിയോട് രവി ചോദിച്ചു.

'ജയേട്ടൻ... '

'എവിടെ..?'

ഹരി മുറ്റത്തേക്ക് കൈ ചൂണ്ടി.

പക്ഷേ രവി അവിടെ ആരെയും കണ്ടില്ല.

'വന്ന് കിടക്ക്...' ഹരിയെകൂട്ടിക്കൊണ്ട് രവി അകത്തേക്ക് പോയി.

നഗരത്തിലെ തിരക്കിൽ നിന്നും വിട്ട് ഒറ്റപ്പെട്ടു നിൽക്കുന്ന ഇരുനില വീട്ടിലാണ് ഡോക്ടർ പ്രമീളയുടെ താമസം. ഭർത്താവ് ബാലചന്ദ്രൻ അഞ്ചുവർഷമായി

അമേരിക്കയിലാണ്.

ഏക മകൾ അനാമിക ഊട്ടിയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു. ഡോക്ടറും വേലക്കാരി ഗീതയും മാത്രമാണ് ഇപ്പോൾ ആ വീട്ടിലെ താമസക്കാർ.

പ്രമീള ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ കയറി കിടന്നു. മുറിയിലെ സീറോ വാട്ട് മാത്രം കത്തി നിൽപ്പുണ്ടായിരുന്നു.

കണ്ണടച്ചപ്പോൾ അപ്രതീക്ഷിതമായിട്ടാണ് ആ മുഖം മനസ്സിലേക്ക് വന്നത്. അത് ശോഭയുടെ മുഖമായിരുന്നു.

ഒരിടത്തും വായിച്ചിട്ടു പോലും ഇല്ലാത്ത അനുഭവങ്ങൾ. ശോഭയുടെ വയറ്റിൽ നിന്നും പുറത്തുചാടിയ അത്ഭുത ശിശുവിന്റെ മുഖം പ്രമീളയുടെ മനസ്സിൽ ഒരു കണ്ണാടിയിൽ എന്നപോലെ തെളിഞ്ഞു വന്നു. ആ കുഞ്ഞു വായ പിളർന്നപ്പോൾ അറ്റം കൂർത്ത കോമ്പല്ലുകൾ പ്രമീള കണ്ടു. അതിൽ രക്തം പറ്റിപ്പിടിച്ചിരുന്നു.

'അയ്യോ...!' പ്രമീള അറിയാതെ നിലവിളിച്ചുപോയി. ഒന്നു രണ്ട് നിമിഷം കഴിഞ്ഞപ്പോഴാണ് താൻ സ്വപ്നം കണ്ടതാണെന്ന് പ്രമീളയ്ക്ക് മനസ്സിലായത്.

ആ സമയം പുറത്ത് നേരിയ കാറ്റടിക്കാൻ തുടങ്ങി. ആ കാറ്റിനു ശക്തി കൂടി. ജനാലയുടെ തുറന്നിട്ട വാതിലുകൾ ആഞ്ഞടിച്ച് ശബ്ദമുണ്ടാക്കി !

പ്രമീള എണീറ്റ് ബെഡ്‌റൂമിലെ തുറന്നിട്ട ജനാലകൾ അടച്ചു കുറ്റിയിട്ടു. പിന്നെ കർട്ടൻ വലിച്ചിട്ടു.

കർട്ടൻ കാറ്റിൽ വളഞ്ഞു പുളഞ്ഞ് ബന്ധന വിമുക്തമാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.

എവിടെനിന്നോ ഒരു ചാവാലിപ്പട്ടി ഓരിയിടാൻ തുടങ്ങി. അപ്പോൾ മഴത്തുള്ളികൾ ഹുങ്കാര ശബ്ദത്തോടെ പതിക്കുന്നത് പ്രമീള കേട്ടു. ജനാലച്ചില്ലകളിൽ ചരൽ വാരി എറിയുന്നതുപോലെ മഴവെള്ളം തെറിച്ചുവീണു.

പെട്ടെന്ന് കത്തി നിന്ന് സീറോ ബൾബും കെട്ടു. കറന്റ് പോയി!

' നാശം...' പ്രമീള എമർജൻസി ലൈറ്റ് ഓൺ ചെയ്തു.

മുറിക്കുള്ളിൽ പാൽപത പോലെ പ്രകാശം പരന്നു.

ശക്തമായി ഇടി വെട്ടുന്നത് കേട്ടുകൊണ്ടാണ് വേലക്കാരി ഗീത ഞെട്ടിയുണർന്നത്.

' മേഡം... മേഡം..' അവൾ ഉറക്കെ വിളിച്ചു. പിന്നെ പ്രമീളയുടെ മുറിയിലേക്ക് ചെന്നു. ബെഡിൽ ഇരിക്കുന്ന പ്രമീളയെ അവൾ കണ്ടു.

''കറന്റ് പോയോ മേഡം...?'

'ഉവ്വ്...പുറത്തു ശക്തമായ കാറ്റും മഴയും ഉണ്ട്.

നീ പോയി കിടന്നൊ...ഞാനും കിടക്കാൻ പോവാ.. '

ഗീത തന്റെ മുറിയിലേക്ക് പോയി.

പ്രമീള കിടക്കയിൽ കയറി കിടന്നു. മഴയും കാറ്റും ശക്തി പ്രാപിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി.

മുറിക്കുള്ളിൽ എവിടെനിന്നോ ഒരു കുഞ്ഞിന്റെകരച്ചിൽ കേട്ട് പ്രമീള ഞെട്ടി ! അവൾ കിടക്കയിൽ എണീറ്റിരുന്നു.

ആശുപത്രിയിൽ ഉണ്ടായ സംഭവമാണ് പ്രമീളക്ക് ഓർമ്മവന്നത്. അവളുടെ മനസ്സിലേക്ക് അകാരണമായ ഭയം കയറി വന്നു.

വീണ്ടും കുഞ്ഞിന്റെ ശബ്ദം. അതു തന്റെ മുറിക്കുള്ളിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ പ്രമീള ചാടിയെണീറ്റു.

ജനാലകർട്ടൻ കാറ്റിൽ ചലിച്ചു. അപ്പോൾ പ്രമീള ആ കാഴ്ച കണ്ടു! ജനാലയ്ക്ക് മുമ്പിൽ ഒരു നിഴൽ?

'ആരാ അത്...?' പ്രമീള വിറച്ചു. കർട്ടനുപിന്നിൽ നിന്നും ആ രൂപം അവളുടെ മുമ്പിലേക്കു വന്നു.

പ്രമീള ഷോക്കടിച്ചതു പോലെ തരിച്ചു നിന്നുപോയി!

ഒരു വികൃത ജന്തു. തലയിൽ കൊമ്പുള്ള മനുഷ്യകാരത്തിലുള്ള ഒരു ജീവി. അത് വായ തുറന്നപ്പോൾ അറ്റം കൂർത്ത കോമ്പല്ലുകൾ പ്രമീള കണ്ടു. താൻ സ്വപ്നത്തിൽ കണ്ട ശിശു. ശോഭയുടെ വയറു കീറി പുറത്ത് ചാടിയ ചെകുത്താന്റെ സന്തതി....

'ഗീതേ...!' പ്രമീള ഉറക്കെ വേലക്കാരിയെ വിളിച്ചു.

ആ ശിശു വികൃതമായി ഒന്ന് ചിരിച്ചു. പിന്നെ ഒരു ഉൽക്ക പോലെ വന്ന് പ്രമീളയുടെ നെഞ്ചത്തിടിച്ചു. കൂടം കൊണ്ടുള്ള അടിയേറ്റതുപോലെ പ്രമീള കിടക്കയിലേക്ക് മലർന്നു വീണു.

ആ ജന്തു അവളുടെ വയറിലേക്ക് അള്ളിപ്പിടിച്ചു കയറി. പ്രമീള പുളഞ്ഞുകൊണ്ട് അതിനെ കുടഞ്ഞെറിയാൻ ശ്രമിച്ചെങ്കിലും ഉടുമ്പിനെ പോലെ പറ്റിപ്പിടിച്ചിരിക്കുക

യായിരുന്നു ആ ജന്തു.

'ഗീതേ....' പ്രമീള ഉറക്കെ നിലവിളിച്ചു.

ഗീത ഉറങ്ങാൻ തുടങ്ങിയിരുന്നു. ഡോക്ടറുടെ വിളി കേട്ട് അവൾ ചാടി എണീറ്റു.

' കൊച്ചമ്മേ.... എന്താ...?' അവൾ ഉറക്കെ വിളിച്ചു .

മറുപടി കിട്ടാതെ വന്നപ്പോൾ ഗീത പ്രമീളയുടെ മുറിയിലേക്ക് ഓടി.

പ്രമീള ഉറക്കെനിലവിളിച്ചു.

പെട്ടെന്നാ ജന്തു കടുകുമണി പോലെ ചെറുതായി പ്രമീളയുടെ വായിലൂടെ കയറിപ്പോയി.

തൊണ്ടയിൽ നിന്ന് ഒരു തീഗോളംവയറ്റിലേക്ക് ഇറങ്ങിപ്പോകുന്നതു പോലെ പ്രമീളയ്ക്കു തോന്നി.

അവൾ വേദന കൊണ്ട് പുളഞ്ഞു.

'അമ്മേ..'

നിലവിളിച്ചുകൊണ്ട് ചാടി എണീറ്റു.

'എന്താ കൊച്ചമ്മേ...?'

ഗീത ഓടി വന്ന് പ്രമീളയെപിടിച്ചു. പ്രമീള വയറിൽ അമർത്തിപിടിച്ചുകൊണ്ട് പുളയുകയായിരുന്നു.

'കൊച്ചമ്മേ...! വയറിന് സുഖമില്ലേ...?'

ഒന്നും മനസ്സിലാകാതെ ഗീത പകച്ചു നോക്കി.

പ്രമീളയ്ക്കു വേദന കാരണം ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല.

അടുത്ത നിമിഷം അത് സംഭവിച്ചു!

പ്രമീളയുടെ വയറ് പിളർന്ന് വികൃത ജന്തു പുറത്തേക്ക് ചാടി. ആ കാഴ്ച കണ്ട് ഒരു നിലവിളിയോടെ ഗീത ബോധം കെട്ടു വീണു.

ആ വികൃത ജന്തുവിന്റെ സ്ഥാനത്ത് എറോക്ക് പ്രത്യക്ഷപ്പെട്ടു. പിന്നെ ഒരു സോപ്പു കുമിള പോലെ അലിഞ്ഞ് ഇല്ലാതായി!

പിറ്റേന്ന് രാവിലെ ആ വാർത്ത അറിഞ്ഞ രവിശങ്കർ ഞെട്ടിപ്പോയി!

ഡോക്ടർ പ്രമീള മരിച്ചു. ശോഭേടത്തിയുടെ വയറ്റിൽ നിന്നും പുറത്തു വന്ന വികൃത ജന്തുവാണ് ഡോക്ടറെയും കൊന്നത്.

രവിക്കു പരിചയമുള്ള ക്ലിനിക്കിലെ അറ്റന്ററാണ് വിളിച്ചു പറഞ്ഞത്.

വിവരമറിഞ്ഞ ഹരിയും അമ്പരന്നു പോയി.

'ഏട്ടാ....ഇത്രയും നാളും നമ്മുടെ കുടുംബത്തിൽ മാത്രമായിരുന്നു അവന്റെ കളി. ഇപ്പോഴവന്റെ പ്രവർത്തനം പുറത്തേക്കു കൂടി വ്യാപിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല.

നാട്ടിലെ പലരും അവന്റെ ആക്രമണത്തിൽ അപമൃത്യുവിന് ഇരയായി തീരും. നമ്മൾ എന്തെങ്കിലും ചെയ്‌തേ പറ്റൂ....'

രവിശങ്കറിന് അതിന് മറുപടി പറയാൻ കഴിഞ്ഞില്ല.

രാത്രി.

'മോളെ... അനിതേ...കുറച്ചു വെള്ളം എടുത്തുകൊണ്ടുവരൂ...' ഹരിശങ്കർ വിളിച്ചുപറഞ്ഞു.

അനിത ഒരു ഗ്ലാസ് വെള്ളമെടുത്തു കൊണ്ടുവന്ന് ഹരിക്കു കൊടുത്തു.

'ഇതാ ചെറിയച്ഛാ...'

ഹരി വെള്ളം വാങ്ങി ചുണ്ടോടു ചേർത്ത് ഒറ്റ വലിക്ക് പകുതിയിലധികം കുടിച്ചു.

പെട്ടെന്ന് വായിൽ എന്തോ അരുചി തോന്നി. ഗ്ലാസിനുള്ളിലേക്ക് നോക്കി.

ഹരി ഞെട്ടിപ്പോയി !

വെള്ളത്തിനു പകരം ഗ്ലാസിൽ ചോര! അയാൾ ചുണ്ടിൽ കൈവിരലുകൊണ്ട് തുടച്ചു. കൈക്കുള്ളിലും ചോര !

'അയ്യോ...!' ഹരി നിലവിളിച്ചു.

ഗ്ലാസ് തറയിൽ വീണു ചിതറി. ചോര തറയിൽ പടർന്നു.

(തുടരും….)