രാത്രി 2:15

To advertise here,

പേമാരിയുടെ ശക്തി കുറഞ്ഞിരിക്കുന്നു

ലാബിന്റെ വാതിൽ തുറന്ന് വരാന്തയിലെ തണുത്ത കാറ്റിലേക്ക് രത്തൻ റാവുത്തർ കാലെടുത്തു വെച്ചു. എങ്കിലും അയാളുടെ ശരീരം മുൻപോട്ട് നീങ്ങിയപ്പോഴും മനസ്സ് പിന്നിലെ ലാബിൽ തങ്ങിനിന്നു.

അവിടെ താൻ ഉപേക്ഷിച്ചിട്ട് പോന്ന ആ ഭീകരമായ രഹസ്യം.. മാന്ത്രികമായ സൗന്ദര്യമുള്ള ആ ഇരുപതുകാരൻ...

വരാന്തയിലെ ഒരു തൂണിന്റെ മറവിൽ അയാൾ ഒരല്പം നിന്നു. താൻ കണ്ടതും അനുഭവിച്ചതും സത്യമാണോ? ഭയം വീണ്ടും അയാളെ കീഴ്പ്പെടുത്തി. അയാൾ തിരിഞ്ഞ് ലാബിന്റെ വാതിൽക്കലേക്ക് നോക്കി. ഇല്ല, അവിടെ ഒന്നുമില്ല. അടഞ്ഞുകിടക്കുന്ന ലാബിന്റെ കട്ടിയുള്ള ഗ്ലാസ് ഡോർ മാത്രം!

വാതിലിന്റെ ചില്ലിലൂടെ ഉള്ളിലേക്ക് നോക്കി. അവൻ അപ്രത്യക്ഷനായോ? അതോ, ഇതെല്ലാം വെറുമൊരു മനോവിഭ്രാന്തിയായിരുന്നോ?

അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. തന്റെ യുക്തി, തന്റെ അഞ്ച് പതിറ്റാണ്ടിലേറെയുള്ള ലാബിലെ അനുഭവങ്ങൾ, എല്ലാം ഈ ഒരൊറ്റ രാത്രിയിൽ തകർന്നുപോയി.

അപ്പോഴാണ്, വാതിലിന്റെ ചില്ലിൽ പെട്ടെന്ന് ആ മുഖം തെളിഞ്ഞത്! മനോഹരമായ, ചുറുചുറുക്കുള്ള ആ യുവാവിന്റെ മന്ദഹസിക്കുന്ന മുഖം! ഭിത്തിയിൽ ഒട്ടിച്ച പോസ്റ്റർ പോലെ, എന്നാൽ അതിലേറെ ജീവനുള്ളത്. തന്റെ ജോലി ശ്രദ്ധിച്ച് 'പെട്ടെന്ന് പോയി വരൂ' എന്ന് തന്നോട് പറയുംപോലെയുള്ള ആ ചിരി.

രത്തൻ റാവുത്തർ വിറച്ചുപോയി.

അവൻ അവിടെ വാതിൽക്കൽ തന്നെ കാവലുണ്ട്. തന്റെ ഓരോ ചുവടും അവൻ നിരീക്ഷിക്കുന്നു. ആ ചിരി, ഒരു സിനിമയിലെ നായകന്റേതായിരുന്നില്ല, ഒരു പ്രതികാര യുദ്ധത്തിലെ സൈന്യാധിപന്റേതായിരുന്നു.

അവന്റെ കണ്ണുകൾ തന്റെ ബോധത്തെ നിയന്ത്രിക്കുന്ന അദൃശ്യമായ ചരടുകളാണെന്ന് അയാൾക്ക് തോന്നി.

അറിയാതെ അയാളുടെ കാലുകൾ സ്റ്റോറിലേക്ക് ചലിച്ചു. പത്തടി കൂടി നടന്നാൽ മെഡിക്കൽ കോളേജ് കാമ്പസിലെ പ്രധാന ഡിപ്പാർട്ട്മെന്റ് സ്റ്റോർ ആയി. വിദ്യാർത്ഥികളുടെയും സ്റ്റാഫിന്റെയും ആവശ്യങ്ങൾക്കായി രാത്രി വൈകിയും അത് തുറന്നിരിക്കും.

സ്റ്റോറിന്റെ കൗണ്ടറിൽ അബു എന്ന അബൂബക്കർ ഗൗരവത്തിൽ കണക്കുകൾ നോക്കുകയാണ്. പുറത്തേക്ക് ശ്രദ്ധിക്കുന്നില്ല.

ഈ അസമയത്ത്, അവിചാരിതമായി സ്റ്റോറിലേക്ക് കടന്നുചെന്ന്, ആ യുവാവ് പറഞ്ഞ സാധനങ്ങൾ വാങ്ങുന്ന തന്നെ അബു എങ്ങനെ കാണും?

ആർക്കാണ് ഈ വസ്ത്രങ്ങൾ എന്ന് ചോദിച്ചാൽ താൻ എന്തു മറുപടി പറയും?

അയാൾ ആശയക്കുഴപ്പത്തിലായി. മറുപടി പറയാൻ തനിക്കാവുമോ?

എന്തായാലും വേണ്ടില്ല, താൻ ഈ ദൗത്യം പൂർത്തിയാക്കണം. ചന്ദ്രകാന്ത് വർമ്മയുടെ അദൃശ്യമായ സ്വാധീനം അയാളുടെ ബോധത്തെ പൂർണ്ണമായും കീഴടക്കിയിരുന്നു. അത് ഒരു തരം മെന്റൽ ഹൈജാക്കിംഗ് ആയിരുന്നു.

അയാൾ രണ്ടും കൽപ്പിച്ച് സ്റ്റോറിന്റെ വാതിൽ തള്ളിത്തുറന്നു. തണുത്ത എയർകണ്ടീഷൻ കാറ്റ് അയാളെ തഴുകിയപ്പോൾ, ലാബിലെ ഫിനോയിലിന്റെ ഗന്ധത്തിൽ നിന്ന് താത്കാലികമായെങ്കിലും ഒരു ആശ്വാസം ലഭിച്ചു.

'റാവുത്തറണ്ണനോ!?' കൗണ്ടറിൽ നിന്ന് അബു തലയുയർത്തി, കണ്ണട ഊരി അയാൾ രത്തനെ കണ്ടപ്പോൾ ഒരു ചിരി ചിരിച്ചു. 'എന്താ, ഈ അസമയത്ത് ഇവിടേയ്ക്ക്? ലാബിൽ എന്തെങ്കിലും അത്യാവശ്യമുണ്ടോ?'

അബുവിന്റെ ചോദ്യത്തിന് മറുപടി പറയാതെ, രത്തൻ ഒരു വിളറിയ ചിരി ചിരിച്ചു.

'എനിക്കു ചില സാധനങ്ങൾ വേണം മോനേ. അത്യാവശ്യമാണ്. ഒരു ലിസ്റ്റ് പറയാം.'

പെട്ടെന്ന് രാവുത്തർക്ക് തോന്നി, എന്തൊക്കെയാണ് അവൻ വാങ്ങാൻ പറഞ്ഞത്..?താൻ കേൾക്കാത്ത ചില ബ്രാൻഡ് സാധനങ്ങളാല്ലോ, അതിന്റെ പേര് തനിക്കു ഓർമയും വരുന്നില്ല ..!

അബുവിന്റെ നോട്ടം. എന്താണ് വേണ്ടത് എന്ന ചോദ്യം.

അപ്പോഴാണ് ചന്തു തന്റെ തൊട്ടു മുന്നിൽ നിൽക്കുന്നതായി അയാൾക്ക് തോന്നിയത്, അവൻ ആവശ്യപ്പെട്ടവ തന്നെ ഓർമ്മിപ്പിക്കുന്നു..!

അയാൾ ഞെട്ടിപ്പോയി! ഇത്രവേഗം ലാബിൽ നിന്നും അവൻ ഇവിടെ എത്തിയെന്നോ?

ഇല്ല അവൻ എവിടെയുമില്ലല്ലോ..തന്റെ തോന്നൽ,, അല്ലെങ്കിൽ മറന്ന സാധനങ്ങളുടെ പേരുകൾ ഓർമിപ്പിക്കാൻ തന്റെ മുന്നിൽ വന്നു..?

അയാൾ, ചന്തു പറഞ്ഞ സാധനങ്ങളുടെ ലിസ്റ്റ് യാന്ത്രികമായി പറഞ്ഞു:

'നീല ജീൻസും തൂവെള്ള ഷർട്ടും. പിന്നെ തവിട്ടുനിറത്തിലുള്ള ഓവർകോട്ട് , ഒരു കൗബോയ് ഹാറ്റ്. അതുപോലെ ഒരു ജോഡി മൂൺവാക്ക് ഷൂ.'

അബു ഒരു നിമിഷം അയാളെ പകച്ചു നോക്കി.

'മൂൺവാക്ക് ഷൂവോ? അതൊക്കെ.. ആർക്കാണ് ഏട്ടാ? ലാബിൽ ഭ്രൂണങ്ങൾക്കോ മറ്റോ ആണോ?' അബു കളിയാക്കി ചിരിച്ചു.

'എന്നെ ഏൽപ്പിച്ചതാണ്. പെട്ടെന്ന് വേണം..' രത്തൻ റാവുത്തർ തിടുക്കം കാണിച്ചു. 'ആർക്കാണെന്നോ എന്തിനാണെന്നോ ചോദിക്കാതെ എടുത്തുവെക്കൂ മോനേ.'

രത്തന്റെ വാക്കുകളിലെ അസ്വാഭാവികമായ തിടുക്കവും കണ്ണുകളിലെ ഭീതിയും അബുവിനെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.

ലാബ് സൂക്ഷിപ്പുകാരനായ റാവുത്തറുടെ വിചിത്രമായ ആവശ്യങ്ങൾ അബുവിനെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും വേഗം സാധനങ്ങൾ തിരഞ്ഞെടുത്തു.

ബില്ലിങ് കൗണ്ടറിൽ, പാന്റും ഷർട്ടും ഓവർക്കോട്ടും വെച്ചതിന് ശേഷം അബു തിരഞ്ഞെടുത്ത കൗബോയ് ഹാറ്റ് കണ്ടപ്പോൾ രത്തൻ വീണ്ടും ഞെട്ടി. ഒരു ഇംഗ്ലീഷ് സിനിമയിലെ നായകന്റെ അതെ കറുത്ത തൊപ്പി. യാതൊരു മടിയുമില്ലാതെ അബു അതെടുത്തു വെച്ചു.

ആ ഇരുണ്ട തൊപ്പിയിൽ എന്തോ ഒരു ഭീകരത ഒളിപ്പിച്ചുവെച്ചതുപോലെ തോന്നി.

അതിനേക്കാൾ ഞെട്ടിച്ചത് മൂൺവാക്ക് ഷൂസ് ആയിരുന്നു. ഒരു ഗ്ലാസ് പേടകത്തിനുള്ളിൽ വെച്ചിരുന്ന ആ ഷൂസ് കണ്ടപ്പോൾ രത്തൻ തരിച്ചുപോയി.

താൻ ഇതുവരെ കണ്ടിട്ടില്ലാത്ത മോഡൽ!

അതിന്റെ വില അബു കമ്പ്യൂട്ടറിൽ നോക്കിയപ്പോൾ, രത്തന്റെ കണ്ണുകൾ തള്ളിപ്പോയി.

'ഏട്ടാ.. ആകെ ? 10,580 ആയി. ഈ മൂൺവാക്ക് ഷൂവിന് മാത്രം 5,800 ഉണ്ട്.'

തന്റെ മാസശമ്പളത്തിന്റെ ഒരു വലിയ പങ്കാണത്.

അപ്പോഴാണ് ഒരു പരമാർത്ഥം, ഒരു ബോംബ് പോലെ അയാളുടെ മനസ്സിൽ പതിച്ചത്: ഈ സാധനങ്ങൾക്കുള്ള കാശ് എവിടെ?

ഒരു ജാറിൽ നിന്ന് പുറത്തുവന്ന ഒരുവന് എങ്ങനെ ഇത്രയും വില കൂടിയ ഷൂവിനുള്ള പണം നൽകാൻ കഴിയും? രത്തൻ റാവുത്തർ കിതച്ചുപോയി. അവന്റെ ചിന്തകൾ താളം തെറ്റി.

'ഏട്ടാ, എങ്കിൽ ശരി. എനിക്ക് തിരക്കുണ്ട്..' അബു, കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്ത് കൗണ്ടറിൽ നിന്ന് എഴുന്നേറ്റു.

'എന്താ, മോനേ.. പൈസ..?' രത്തൻ കിടുങ്ങിപ്പോയി.

'പൈസയോ? ഏട്ടന്റെ അക്കൗണ്ടിൽ നിന്ന് കുറച്ചല്ലോ. ബില്ല് ശ്രദ്ധില്ലേ? പോക്കറ്റിൽ വെച്ച് തന്നല്ലോ ആ കാർഡ്,' അബു ചിരിച്ചുകൊണ്ട് പറഞ്ഞു.

രത്തൻ റാവുത്തർ ഞെട്ടി അബുവിനെ പകച്ചു നോക്കി.

താൻ എപ്പോഴാണ് അബുവിന് പണം നൽകിയത്? തന്റെ പോക്കറ്റിൽ നിന്ന് കാർഡ് എടുത്ത് നൽകിയതോ, ബില്ല് ശ്രദ്ധിച്ചതോ അയാൾക്ക് ഓർമ്മയില്ല.

ചന്ദ്രകാന്ത് വർമ്മ തന്റെ ബോധത്തെ പൂർണ്ണമായും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു എന്ന ഭീകര സത്യം അയാൾ തിരിച്ചറിഞ്ഞു.

അവന്റെ ആജ്ഞ തന്റെ ബോധത്തെ പോലും മരവിപ്പിച്ചിരിക്കുന്നു..! താൻ ഒരു കളിപ്പാവയായി മാറിയിരിക്കുന്നു.

അബു സാധനങ്ങൾ ഒരു വലിയ കവറിലാക്കി രത്തന്റെ കൈയിലേക്ക് വെച്ചു.

'പെട്ടെന്ന് പോയിക്കോളൂ ഏട്ടാ. ബാക്കിയുള്ള കണക്കുകൾ നാളെ നോക്കാം.' അബുവിന്റെ തിരക്ക് കണ്ടപ്പോൾ ചന്ദ്രകാന്ത് വർമ്മയുടെ തിരക്ക് ഓർമ്മ വന്നു. അബുവിനെയും അവൻ നിയന്ത്രിക്കുകയാണോ..?

രത്തൻ റാവുത്തർ തളർച്ചയോടെ ആ കവർ വാങ്ങി. സ്റ്റോറിന്റെ തണുത്ത എ.സി.യിൽ പോലും അയാൾ വല്ലാതെ വിയർത്തു. പണം നൽകിയതോ വാങ്ങിയതോ തനിക്കോർമ്മയില്ലാത്ത രീതിയിൽ, തന്റെ ബോധം പോലും ആ യുവാവ് ഹൈജാക്ക് ചെയ്തിരിക്കുന്നു!

10,580 രൂപയുടെ കുറവ് തന്റെ അക്കൗണ്ടിൽ വരുത്തിക്കൊണ്ട്, ചന്ദ്രകാന്ത് വർമ്മയുടെ ആദ്യത്തെ ആജ്ഞ നിറവേറ്റപ്പെട്ടിരിക്കുന്നു!

സ്റ്റോറിൽ നിന്ന് പുറത്തിറങ്ങി ഇരുണ്ട വരാന്തയിലൂടെ നടക്കുമ്പോൾ, ദൂരെ നിന്ന് ഒരു ടോർച്ച് വെട്ടം അയാളുടെ മുഖത്ത് പതിഞ്ഞു. അക്കാദമിയിലെ നൈറ്റ് സെക്യൂരിറ്റി ഗാർഡ് അന്തോണിയായിരുന്നു അത്.

'എന്താ റാവുത്തറണ്ണാ ഈ നേരത്ത്? കയ്യിലെന്താ വലിയൊരു കവർ?' അന്തോണി സംശയത്തോടെ അടുത്തു വരുമെന്നും ഇങ്ങനെയൊക്കെ ചോദിക്കുമെന്നും കരുതി അയാൾ പതറി.

എന്നാൽ, അയാളുടെ ഉള്ളിൽ നിന്ന് ചന്തുവിന്റെ ആ മന്ദ്രശബ്ദം വീണ്ടും മുഴങ്ങി: 'ഭയപ്പെടേണ്ട.. അന്തോണി നിങ്ങളെ കാണുന്നില്ല!'

അത്ഭുതമെന്നു പറയട്ടെ, അന്തോണി റാവുത്തറുടെ തൊട്ടരികിലൂടെ ടോർച്ച് അടിച്ചു കടന്നുപോയി. അയാൾ റാവുത്തറെ കണ്ട ഭാവമേ നടിച്ചില്ല!

തന്റെ മുന്നിൽ നിൽക്കുന്ന ഒരു മനുഷ്യനെ കാണാൻ കഴിയാത്ത വിധം അന്തോണിയുടെ കാഴ്ചയെ ചന്തു മറച്ചിരിക്കുന്നു.

ഇതൊരു വെറും മായക്കാഴ്ചയല്ല, ചന്തുവിന്റെ ശക്തി പ്രപഞ്ച നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്നു എന്ന് റാവുത്തർ ഉറപ്പിച്ചു.

പതുക്കെ, പേടിപ്പെടുത്തുന്ന നിശബ്ദതയുള്ള ലാബിലേക്ക് അയാൾ മടങ്ങി. കവറിനുള്ളിലെ കൗബോയ് ഹാറ്റും മൂൺവാക്ക് ഷൂവും തന്റെ നിയന്ത്രണം നഷ്ടപ്പെട്ട ജീവിതത്തിന്റെ ഭാരമായി അയാൾക്ക് തോന്നി.

അന്ന് രാത്രി, ലാബിലേക്ക് കയറുന്നതിന് മുൻപ് റാവുത്തർ തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു:

'ചന്ദ്രകാന്ത് വർമ്മ വെറുമൊരു ശരീരമല്ല, അവൻ എന്റെ ചിന്തകളെയും ഈ ലോകത്തിന്റെ കാഴ്ചകളെയും ഒരേപോലെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ പ്രഭാവമാണ്; അവന്റെ ആദ്യത്തെ വേഷപ്പകർച്ചയ്ക്കായി വിധിയുടെ ഉടയാടകളുമായി ഞാൻ ഇതാ മടങ്ങിയെത്തിയിരിക്കുന്നു !'

(തുടരും...)