ഒരിക്കൽ ഒരിടത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അധികം കളിക്കൂട്ടുകാരൊന്നും അവൾക്കുണ്ടായിരുന്നില്ല. എപ്പോഴും തന്റെ പാവയുമൊത്ത് കളിച്ചിരിക്കാനാണവൾക്കിഷ്ടം. വിദേശ

To advertise here,

നിർമ്മിതമായ ആ പാവ അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലമായിരുന്നു അത്. ജനങ്ങളെല്ലാം ബ്രിട്ടീഷുകാരെ തുരത്തിയോടിക്കാൻ പല സമരമാർഗങ്ങളും സ്വീകരിക്കുന്ന സമയം.

എല്ലാ ഇന്ത്യക്കാരും വിദേശവസ്ത്രങ്ങൾ ബഹിഷ്‌കരിക്കുക എന്ന ആശയവുമായി ഗാന്ധിജി മുന്നോട്ടുവന്നു. ഇന്ത്യയിലെ ജനങ്ങളെല്ലാം അത് അംഗീകരിച്ചു. വിദേശനിർമിതങ്ങളായ വസ്തുക്കളും വസ്ത്രങ്ങളുമെല്ലാം അവർ തീയിലിട്ടുകത്തിച്ചു.

അങ്ങനെയിരിക്കെ പെൺകുട്ടിയുടെ വീട്ടിലേക്ക് ഒരു ബന്ധു വന്നു. തന്റെ കളിപ്പാവയ്‌ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ. ഇതുകണ്ട് ബന്ധു ചോദിച്ചു: ''എല്ലാവരും വിദേശവസ്തുക്കൾ ഉപേക്ഷിച്ച് നാടിന്റെകൂടെ നിൽക്കുമ്പോൾ നീ മാത്രം വിദേശത്ത് നിർമിച്ച ഈ പാവയുമായി കളിക്കുന്നത്് ശരിയാണോ?''

ആ ചോദ്യം അവളുടെ കൊച്ചുമനസ്സിനെ വല്ലാതെ ഉലച്ചു. പിന്നെ വൈകിയില്ല. വിദേശനിർമിതങ്ങളായ മറ്റുവസ്തുക്കളോടൊപ്പം അവൾ തന്റെ പ്രിയപ്പെട്ട പാവയെയും തീയിലെറിഞ്ഞു.

സ്വന്തം നാടിനുവേണ്ടി തന്റെ പ്രിയപ്പെട്ട പാവയെ ഉപേക്ഷിച്ച ആ പെൺകുട്ടി പിൽക്കാലത്ത് പല ധീരമായ തീരുമാനങ്ങളും എടുത്ത് ഇന്ത്യയുടെ അഭിമാനമായി. ജവാഹർലാൽനെഹ്‌റുവിന്റെ പുത്രിയും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയായിരുന്നു ആ പെൺകുട്ടി.