മഹേന്ദ്രപുരിയിലെ ജയപാലൻ രാജാവിന്റെ കൊട്ടാരത്തിൽ മനോഹരമായൊരു പൂന്തോട്ടമുണ്ട്. വർഷങ്ങൾ പഴക്കമുള്ള ആ പൂന്തോട്ടത്തെ ഭംഗിയാക്കുന്നത് പൂച്ചെടികളും ചെറുമരങ്ങളും വള്ളിച്ചെടികളും മാത്രമല്ല, അവിടെ പാറിക്കളിക്കുന്ന പലവർണത്തിലുള്ള അനേകം ചിത്രശലഭങ്ങളും കിളികളും ചെറുജീവികളുമൊക്കെയാണ്.

To advertise here,

രാജാവ് എന്നും പൂന്തോട്ടത്തിന്റെ ഭംഗിയാസ്വദിച്ച് കുറേനേരം ഉലാത്തും. അവിടെ ഒരുകാര്യം മാത്രമേ അദ്ദേഹത്തിന് ഇഷ്ടമല്ലാതുള്ളൂ. പൂന്തോട്ടത്തിനു നടുവിൽനിൽക്കുന്ന ഒരു പഴയ വമ്പൻ മരം. അതിന്റെ പൂക്കൾക്കൊന്നും ഒരു ഭംഗിയുമില്ല. കായ്കളാണെങ്കിൽ തിന്നാനും കൊള്ളില്ല. ഇലകളൊക്കെ പുഴുക്കൾ തിന്ന് വികൃതമായിരിക്കുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ആ വമ്പൻ മരം മുറിച്ചുമാറ്റിയാൽ പൂന്തോട്ടത്തിന് കുറച്ചുകൂടി ഭംഗിയുണ്ടാവുമെന്ന് രാജാവിന് തോന്നി. അങ്ങനെ ആ വമ്പൻ മരം മുറിച്ചുമാറ്റി അവിടെ ഒരു കൂറ്റൻ ജലധാര നിർമിക്കാൻ രാജാവ് ഉത്തരവിട്ടു.

വൈകാതെ ഉത്തരവ് നടപ്പിലാക്കി. പൂന്തോട്ടത്തിന്റെ നടുവിൽ വെള്ളം മുകളിലേക്ക് ചീറ്റിക്കൊണ്ട് ജലധാര വന്നു. ഇതുകാണാൻ ധാരാളം ആളുകളെത്തി.

പക്ഷേ, മാസങ്ങൾ കഴിഞ്ഞപ്പോഴാണ് രാജാവ് ഒരുകാര്യം ശ്രദ്ധിച്ചത്. പൂന്തോട്ടത്തിന് പണ്ടത്തെപ്പോലെ അത്രഭംഗിയില്ല. ചിത്രശലഭങ്ങളെയും കിളികളെയും കാണാനില്ല. ചെടികളിൽ പൂക്കളും കായ്കളും കുറഞ്ഞു.

ഇതിന്റെ കാരണം കണ്ടെത്താൻ രാജാവ് പണ്ഡിതന്മാരെ ചുമതലപ്പെടുത്തി. അവർ കാര്യങ്ങൾ പഠിച്ച് രാജാവിനുമുന്നിൽ അവതരിപ്പിച്ചു. എന്നാൽ അവരുടെ അഭിപ്രായങ്ങളൊന്നും രാജാവിന് സ്വീകാര്യമായില്ല.

വർഷങ്ങൾ കടന്നുപോയി. രാജാവിന് പ്രായമായി. കൊട്ടാരത്തിലെ പൂന്തോട്ടത്തിന്റെ പേരും പെരുമയും എല്ലാവരും മറന്നു.

അങ്ങനെയിരിക്കെ ഒരിക്കൽ ഒരു യുവാവ് രാജാവിനെ കാണാൻ കൊട്ടാരത്തിലെത്തി.

''പ്രഭോ, കൊട്ടാരത്തിലെ പൂന്തോട്ടം നശിക്കാനുള്ള കാരണം ഞാൻ പറയാം!'' അയാൾ രാജാവിനെ വണങ്ങിക്കൊണ്ട് പറഞ്ഞു.

''ഉം... പറയൂ...'', രാജാവ് കാതോർത്തു.

''പ്രഭോ, ശലഭപ്പുഴുക്കളില്ലാത്തതുകൊണ്ടാണ് പൂന്തോട്ടമില്ലാതായത് !'' യുവാവ് പറഞ്ഞതുകേട്ട് സദസ്സൊന്നടങ്കം ചിരിച്ചു.

രാജാവ് അവരെ രൂക്ഷമായി നോക്കി: ''നിശ്ശബ്ദരായിരിക്കൂ, അയാൾ പറയുന്നത് കേൾക്കട്ടെ. ഉം, ബാക്കി പറയൂ...''

''പ്രഭോ, ശലഭപ്പുഴുക്കളുണ്ടെങ്കിലേ ചിത്രശലഭങ്ങളുണ്ടാവൂ. അവയുണ്ടെങ്കിലേ ചെടികളിൽ കൂടുതൽ പൂക്കളും കായ്കളുമുണ്ടാവൂ. ശലഭങ്ങൾ മുട്ടയിട്ട് പുഴുക്കളുണ്ടായാലേ കിളികൾ അവയെ ഭക്ഷിക്കാൻവരൂ,'' ഒന്നുനിർത്തി യുവാവ് തുടർന്നു: ''ഇതിനെല്ലാം സഹായിച്ചിരുന്നത് അങ്ങ് മുറിച്ചുമാറ്റിയ പഴയ ആ വൻമരമായിരുന്നു. ആ മരംപോയതോടെ ശലഭങ്ങൾക്ക് മുട്ടയിടാനുള്ള ഇലകളില്ലാതായി. അവ മറ്റെവിടേക്കോ പറന്നുപോയി, അവയോടൊപ്പം പക്ഷികളും. ശലഭങ്ങളില്ലാതെ ചെടികളുടെ വളർച്ച മുരടിച്ചു. മരത്തിലെ പഴങ്ങൾ തിന്നാൻ വന്നിരുന്ന ചെറുജീവികളും വരാതായി!''

യുവാവ് പറഞ്ഞതെല്ലാം കേട്ടുകഴിഞ്ഞ് രാജാവ് ചോദിച്ചു: ''ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് താങ്കൾ എങ്ങനെ തെളിയിക്കും?''

''ഞാൻ ജനിക്കുന്നതിനുമുൻപാണ്. അന്ന് ഇവിടുത്തെ പൂന്തോട്ടത്തിൽനിന്ന് മുറിച്ചുമാറ്റിയ മരം എന്റെ അച്ഛനാണ് വാങ്ങിയത്. അതിന്റെ ഒരു കമ്പ് അദ്ദേഹം ഞങ്ങളുടെ പൂന്തോട്ടത്തിൽ നട്ടു. അത് വളർന്നു മരമായി. പലയിനം ശലഭങ്ങൾ മുട്ടയിടാനായി ആ മരത്തിലേക്കെത്തി, പിന്നാലെ കിളികളും. പൂന്തോട്ടത്തിലെ ചെടികളിലെല്ലാം പൂനിറഞ്ഞു. ചിത്രശലഭങ്ങൾ പൂക്കളിൽ പാറിക്കളിച്ചു. മരത്തിലെ പഴം തിന്നാൻ ചെറുജീവികളെത്തി. അങ്ങയുടെ പൂന്തോട്ടത്തിൽനിന്ന് നഷ്ടമായതൊക്കെ ഇന്ന് എന്റെ വീട്ടിലെ പൂന്തോട്ടത്തിലുണ്ട്.''

''എങ്കിൽ എനിക്കതൊന്ന് കാണണം,'' രാജാവ് യുവാവിനൊപ്പം പുറപ്പെട്ടു.

ആ പൂന്തോട്ടം കണ്ട രാജാവ് അദ്ഭുതത്തോടെ യുവാവിന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു: ''കുട്ടീ, എന്റെ പൂന്തോട്ടവും ഇതുപോലെയാക്കിത്തരണം.''

''അത് സാധ്യമല്ല പ്രഭോ. ഇത്തരം ഒരു പൂന്തോട്ടം ഉണ്ടായി വരുംവരെ അങ്ങേക്കും എനിക്കും ആയുസ്സുണ്ടാവില്ല. കാരണം അതിന് കാലങ്ങൾ വേണ്ടിവരും. അനേകവർഷങ്ങളെടുത്താണ് പ്രകൃതി ഭൂമിയിൽ ഓരോന്നും സൃഷ്ടിച്ചെടുക്കുന്നത്. പക്ഷേ, നമ്മളോ, അതെല്ലാം ഒറ്റനിമിഷംകൊണ്ട് ഇല്ലാതാക്കും.'' യുവാവ് പറഞ്ഞതുകേട്ട് രാജാവ് നിരാശനായി തലതാഴ്ത്തി മടങ്ങിപ്പോയി.

പ്രകൃതി നമുക്ക് കനിഞ്ഞരുളിത്തരുന്നതെന്തും നശിപ്പിക്കുംമുൻപ് അതുണ്ടാക്കുന്ന പ്രത്യാഘാതമെന്താണെന്ന് നല്ലവണ്ണം പഠിച്ചിരിക്കണമെന്നാണ് ഈ കഥ നമ്മെ ഓർമിപ്പിക്കുന്നത്.