ഒരു ഗ്രാമത്തിൽ അതി സുന്ദരികളായ രണ്ട് സഹോദരിമാർ താമസിച്ചിരുന്നു. ഒരാൾ ബാവാങ് പുതിഹും ഒരാൾ ബാവാങ് മേരാഹും. ബാവാങ് പുതിഹിന്റെ അമ്മ വർഷങ്ങൾക്കുമുൻപ് മരിച്ചുപോയതാണ്. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ച ഇളയമ്മയുടെ മകളാണ് ബാവാങ് മേരാഹ്. രണ്ട് സഹോദരിമാരും വ്യത്യസ്ത സ്വഭാവങ്ങൾ ഉള്ളവരായിരുന്നു. ബാവാങ് പുതിഹ് നന്മനിറഞ്ഞവളും സൽസ്വഭാവിയും പരോപകാരിയും ആയിരുന്നു. എന്നാൽ ബാവാങ് മേരാഹാവട്ടെ ദുഷ്ടതയും അസൂയാലുവും തരംകിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ ഉപദ്രവിക്കുന്നവളുമായിരുന്നു.

To advertise here,

ബാവാങ് മേരാഹും അമ്മയും ബാവാങ് പുതിഹിനെ പലരീതിയിലും കഷ്ടപ്പെടുത്തുമായിരുന്നു. എന്നാൽ അവൾ ഒരു പരാതിയും പറയാതെ എല്ലാം സഹിച്ചു. ഒരു ദിവസം പുഴവക്കിൽ ഇരുന്ന് ഇളയമ്മയുടെയും സഹോദരിയുടെയും വസ്ത്രങ്ങൾ അലക്കുകയായിരുന്നു ബാവാങ് പുതിഹ്. കഷ്ടകാലം നോക്കണേ, ഇളയമ്മയുടെ കുറച്ച് വസ്ത്രങ്ങൾ പുതിഹിന്റെ കയ്യിൽനിന്ന് അബദ്ധവശാൽ വെള്ളത്തിൽ വീണു. അത് ഒഴുക്കിലൂടെ അങ്ങനെ നീങ്ങി തുടങ്ങി. പേടിച്ചുപോയ പുതിഹ് കുറേ ശ്രമിച്ചെങ്കിലും വസ്ത്രങ്ങൾ കിട്ടിയില്ല. അവൾ പുഴക്കരയിൽ ഇരുന്ന് കരയാൻ തുടങ്ങി.

അതുവഴി പോയ ഒരു അമ്മൂമ്മ പുതിഹിന്റെ കരച്ചിൽ കേട്ടു. അവളുടെ അടുത്തെത്തിയ അമ്മൂമ്മ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. ശേഷം അവർ പറഞ്ഞു: ''വിഷമിക്കാതെ ഇരിക്കൂ കുട്ടി, എന്റെ കുടിലിലെ പണികളെല്ലാം ചെയ്തു സഹായിച്ചാൽ, നഷ്ടപ്പെട്ടുപോയ നിന്റെ വസ്ത്രങ്ങൾ ഞാൻ വീണ്ടെടുത്തുതരാം.'' അമ്മൂമ്മയുടെ വാക്കുകൾ കേട്ട പുതിഹ് ജോലികൾ ചെയ്തു കൊടുക്കാമെന്ന് ഏറ്റു. അധികം വൈകാതെ തന്നെ അവൾ അമ്മൂമ്മയോടൊപ്പം അവരുടെ കുടിലിലെത്തി. നിമിഷ നേരങ്ങൾകൊണ്ട് വളരെ ഭംഗിയോടും അടുക്കും ചിട്ടയോടും കൂടി പുതിഹ് അമ്മൂമ്മയുടെ കുടിലിലെ എല്ലാ പണികളും ചെയ്തുകൊടുത്തു. ഇതുകണ്ട് അമ്മൂമ്മയ്ക്ക് വളരെയധികം സന്തോഷം തോന്നി. പെട്ടെന്ന് അവർ വായുവിലേക്ക് നോക്കി എന്തൊ ഒരു ആംഗ്യം കാണിച്ചു. അതാ! പുതിഹിന് നഷ്ടമായ വസ്ത്രങ്ങൾ അവളുടെ കണ്മുന്നിൽ വീണുകിടക്കുന്നു. അവൾ സന്തോഷംകൊണ്ട് തുള്ളിച്ചാടി.

യാത്ര പറഞ്ഞു പോകാൻ നേരം അമ്മൂമ്മ അവൾക്ക് രണ്ട് മത്തങ്ങകൾ കാണിച്ചുകൊടുത്തു, ഒന്ന് വലുതും മറ്റൊന്ന് ചെറുതും. അതിൽ ഇഷ്ടമുള്ള ഒന്ന് എടുത്തുകൊള്ളാൻ അമ്മൂമ്മ അവളോട് പറഞ്ഞു. പുതിഹ് അതിൽ ഏറ്റവും ചെറിയ മത്തങ്ങയും എടുത്ത് അമ്മൂമ്മയോട് നന്ദി പറഞ്ഞ് തന്റെ വീട്ടിലേക്ക് തിരിച്ചു.

വീട്ടിലെത്തിയ ഉടൻ അവൾ ആ ചെറിയ മത്തങ്ങ മുറിച്ചുനോക്കി. അവൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! മത്തങ്ങയ്ക്കുള്ളിൽ നിറയെ വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും! അവൾ അതെല്ലാം ഭദ്രമാക്കി ഒരു പെട്ടിയിൽ സൂക്ഷിച്ചുവെച്ചു.

എന്നാൽ ഇതെല്ലാം അസൂയയോടെ ഒളിച്ചുനോക്കി മനസ്സിലാക്കിയ രണ്ടുപേർ അവിടെ ഉണ്ടായിരുന്നു. മറ്റാരുമല്ല, ബാവാങ് മേരാഹും അവളുടെ അമ്മയും!

ഉടൻതന്നെ ഇരുവരും ബാവാങ് പുതിഹിനെ ചോദ്യം ചെയ്ത് കാര്യങ്ങൾ മനസ്സിലാക്കി. ഒട്ടും വൈകാതെ ബാവാങ് മേരാഹ് ഒരു കെട്ട് തുണികളുമായി പുഴയോരത്തുചെന്നു. എന്നാൽ അലക്കുന്നതിനിടെ ഒരു തുണിയും പുഴയിൽ ഒലിച്ചുപോയില്ല. ദേഷ്യത്തോടെ അവൾ തുണികൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഉറക്കെ വാവിട്ട് നിലവിളിക്കാൻ തുടങ്ങി. അതുവഴി ആ അമ്മൂമ്മ വരികയും അവളോട് കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. തന്റെ കുടിലിലേക്ക് അവർ അവളെ കൂട്ടിക്കൊണ്ടുപോയി. കുടിലിലെ പണികൾ ചെയ്ത് സഹായിച്ചാൽ വസ്ത്രങ്ങൾ തിരിച്ചുകിട്ടാൻ സഹായിക്കാമെന്ന് അമ്മൂമ്മ അവളോട് പറഞ്ഞു. എന്നാൽ ബാവാങ് മേരാഹ് ഉണ്ടോ സമ്മതിക്കുന്നു. പണികൾ ഒന്നും ചെയ്യാൻ തന്നെക്കൊണ്ട് പറ്റില്ലെന്നും, എത്രയും പെട്ടെന്ന് ആ വലിയ മത്തങ്ങ തനിക്ക് തരണമെന്നും അവൾ അമ്മൂമ്മയോട് കാർക്കശ്യത്തോടെ പറഞ്ഞു. അമ്മൂമ്മ അവൾക്ക് വലിയ മത്തങ്ങ നൽകി.

സന്തോഷത്തോടെ വീട്ടിലേക്ക് ഓടിയ ബാവാങ് മേരാഹ് അമ്മയെ വിളിച്ച് മത്തങ്ങ കാണിച്ചുകൊടുത്തു. രണ്ടുപേരും ഉടൻ തന്നെ ആർത്തിയോടെ അത് രണ്ടായി മുറിച്ചു. അപ്പോഴല്ലേ രസം! മത്തങ്ങയ്ക്കുള്ളിൽനിന്ന് അതാ വിഷമുള്ള പാമ്പുകളും തേളുകളും ഇറങ്ങിവരുന്നു. പേടിച്ചുവിറച്ചുപോയ ബാവാങ് മേരാഹും ഇളയമ്മയും തങ്ങളുടെ തെറ്റിന്റെ ശിക്ഷയാണിത് എന്ന് മനസ്സിലാക്കി. അവർ ബാവാങ് പുതിഹിനോട് ചെയ്തതിനെല്ലാം മാപ്പ് പറഞ്ഞു. ഉടൻതന്നെ പാമ്പുകളും തേളുകളും അപ്രത്യക്ഷമായി. പിന്നീട് അവർ ദുഷ്ടതയെല്ലാം കളഞ്ഞ് സന്തോഷത്തോടെ ഒത്തൊരുമിച്ച് ജീവിച്ചു.