കശ്യപപ്രജാപതിയ്ക്ക് വിനതയിൽ ജനിച്ച പുത്രരാണ് അരുണനും ഗരുഡനും. അരുണൻ സൂര്യന്റെ തേരാളിയാണ്. അരുണന് ശ്യേനി എന്ന പക്ഷിണിയിലുണ്ടായ പുത്രരാണ് ജടായുവും സമ്പാതിയും.
ഒരിക്കൽ ജടായുവും സമ്പാതിയും പന്തയം വെച്ച് സൂര്യനടുത്തേക്ക് പറന്നുയർന്നു. എന്നാൽ കടുത്ത ചൂടു കാരണം ജടായു തളർന്നു പോയി. അനിയനെ രക്ഷിക്കാൻ തന്റെ ചിറകുയർത്തി സംരക്ഷണം നൽകി സമ്പാതി. ഫലമോ, സൂര്യതാപമേറ്റു സമ്പാതിയുടെ ചിറകുകൾ കരിഞ്ഞു പോയി. ശക്തി ക്ഷയിച്ച സമ്പാതി വിന്ധ്യാപർവ്വതത്തിൽ തളർന്നു വീണു. അവിടെ തപസ്സുചെയ്ത നിശാകരൻ എന്ന മുനിയുടെ സംരക്ഷണത്തിൽ മഹേന്ദ്രഗിരിയിലെ ഒരു ഗുഹയ്ക്കുള്ളിൽ അഭയം തേടി. ജടായുവിനെ സമ്പാതി പിന്നെ കണ്ടതേ ഇല്ല. ഒറ്റയ്ക്കായ ജടായു പിന്നീട് രാമപത്നിയായ സീതയെ രക്ഷിക്കാൻ രാവണനോട് പൊരുതി. രാവണന്റെ വെട്ടേറ്റ് ചിറകു നഷ്ടപ്പെട്ട ജടായു മൃതപ്രാണനായി ഭൂമിയിൽ വീണു. ശിഷ്ടകാലം രാമനാമം ജപിച്ചു കഴിഞ്ഞ ജടായുവിനെ സീതാന്വേഷണത്തിനായി പുറപ്പെട്ട രാമലക്ഷ്മണന്മാർ കണ്ടു. സീതയെ രാവണൻ അപഹരിച്ചു കൊണ്ടുപോയ വിവരം അവരെ ധരിപ്പിച്ചയുടൻ ജടായു മരിച്ചു. രാമലക്ഷ്മണന്മാർ ജടായുവിന്റെ ശരീരം ദഹിപ്പിക്കുകയും ജടായുവിന് മോക്ഷം ലഭിക്കുകയും ചെയ്തു.
എന്നാൽ മറ്റൊരിടത്ത് മഹേന്ദ്രഗിരിയിലെ ഗുഹയ്ക്കുള്ളിൽ ക്ഷീണിതനായി തന്റെ നാളുകൾ തള്ളി നീക്കുകയായിരുന്നു സമ്പാതി. ഈ സമയം സീതാന്വേഷണത്തിനായി സുഗ്രീവന്റെ വാനരപ്പട അവിടെയെത്തി ഗുഹാമുഖത്ത് വിശ്രമിച്ചു.
വാനരരെ കണ്ട സമ്പാതി വിശപ്പുമൂലം അവരെ ഭക്ഷിക്കാനൊരുങ്ങി. എന്നാൽ ജടായുവിനെ പോലെയുള്ള പക്ഷിശ്രേഷ്ഠരുള്ള കുലത്തിൽ ഇങ്ങനെയും ദുഷ്ടരുണ്ടോ എന്ന് ചോദിച്ച വാനരന്റെ വായിൽ നിന്നും തന്റെ സഹോദരനെ പറ്റി അറിഞ്ഞ സമ്പാതി അവരോട് കാര്യങ്ങൾ തിരക്കുന്നു.
സീതയെ രാവണൻ അപഹരിച്ചതും ജടായു തടഞ്ഞതും വെട്ടേറ്റതും ഒടുവിൽ ജടായു മോക്ഷം പ്രാപിച്ചതുമായ കഥകൾ വാനരൻമാർ സമ്പാതിയെ ധരിപ്പിച്ചു. നിശാകരൻ എന്ന മുനി സീതാന്വേഷണത്തിനായി വരുന്ന വാനരർക്ക് സീത ഇരിക്കുന്ന സ്ഥലത്തെപ്പറ്റി പറഞ്ഞുകൊടുത്താൽ തനിക്ക് ആരോഗ്യം തിരിച്ചുകിട്ടുമെന്ന് പറഞ്ഞ കാര്യം സമ്പാതിയ്ക്ക് അപ്പോഴാണ് ഓർമ്മ വന്നത്. കടൽക്കരയിലെത്തിയ സമ്പാതി ഉടൽ നിവർത്തി നോക്കിയതും പരന്നു കിടക്കുന്ന മഹാസമുദ്രവും അതിനുള്ളിലെ സുബേലം എന്ന പർവ്വതവും അതിലെ ഉന്നതമായ ലങ്കാരാജ്യവും കണ്ടു. പിന്നീട് അശോകവനിയും അവിടെ കണ്ണീരോടെ ഇരിക്കുന്ന സീതയേയും കണ്ടു. ഈ വിവരങ്ങൾ വാനരപ്പടയെ അറിയിച്ചതും സമ്പാതി പൂർണ ആരോഗ്യവാനായി മാറി.
വാനരപ്പടയോടൊപ്പം രാവണനെതിരെ യുദ്ധം ചെയ്യാൻ തനിക്ക് താത്പര്യമുണ്ടെങ്കിലും അതിനു പറ്റാത്ത രീതിയിൽ താൻ രാവണനു നൽകിയ ഒരു വാഗ്ദാനമുണ്ടെന്ന് സമ്പാതി വെളിപ്പെടുത്തി. പണ്ട് താൻ പൂർണ ആരോഗ്യവാനായ കാലത്ത,് രാവണൻ അളകാപുരിയിലെ ഒരു യക്ഷകന്യകയെ അപഹരിച്ച് പുഷ്പകവിമാനത്തിൽ കടത്തി കൊണ്ടു പോകാൻ ശ്രമിച്ചതിന് സാക്ഷിയായി. ഇത് തടയാൻ ചെന്ന് പുഷ്പകവിമാനം തല്ലിത്തകർത്തെങ്കിലും അത് വീണ്ടും പഴയ പടിയായി. രാവണനുമായുള്ള യുദ്ധത്തിനിടെ ചന്ദ്രഹാസം കൊത്തിയെടുത്തു. പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ രാവണൻ ക്ഷീണിതനാവുകയും പോരാട്ടം നിർത്താൻ അപേക്ഷിക്കുകയും ചെയ്തു. രണ്ടുപേരും അനാക്രമണ സന്ധി (നേർക്കു നേർ ഇനി പോരാടില്ല) ചെയ്തു. അതിനാൽ തനിക്ക് യുദ്ധത്തിൽ ചേരാൻ കഴിയില്ലെന്നറിയിച്ച് സമ്പാതി മറ്റു സഹായങ്ങൾ നൽകി വാനരരെ യാത്രയാക്കി.
Content Highlights: Arunudu's sons Jatayu and Sampati flew too close to the sun
Published: 06 Nov 2026, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented