മഹാമടിയനായ കുട്ടിയായിരുന്നു കുഞ്ചു. ഒരു ദിവസം അമ്മ, കുഞ്ചുവിനെ രാവിലെ വിളിച്ചുണർത്തിയിട്ട് സ്നേഹത്തോടെ പറഞ്ഞു: ''കുഞ്ചുക്കുട്ടാ... നമ്മുടെ വീട്ടിലെ പഞ്ചസാര തീർന്നു. നീ വേഗം പോയി കുറച്ചു പഞ്ചസാര വാങ്ങി വരൂ!''.
മടിയനായ കുഞ്ചുവുണ്ടോ, ഇത് വല്ലതും കേൾക്കുന്നു? കുഞ്ചു പറഞ്ഞു, ''അമ്മേ, എനിക്ക് മധുരം വേണ്ട. പഞ്ചസാര വേണ്ട,'' എന്നുപറഞ്ഞ് കുഞ്ചു മൂടിപ്പുതച്ച് കിടന്നു.
അപ്പോഴാണ്, അടുക്കളവാതിൽക്കൽ, പമ്മിയിരുന്ന കള്ളിപ്പൂച്ച ചടപടേന്ന് പാൽ പാത്രവും തട്ടിമറിച്ച് ഓടിയത്. 'അയ്യോ! ദേ, കള്ളിപ്പൂച്ച പാലും തട്ടിക്കളഞ്ഞല്ലോ? ഇനി എന്തു ചെയ്യും?' അമ്മ വേഗം പുതച്ചുമൂടി കിടന്ന മടിയൻകുഞ്ചുവിനോട് പറഞ്ഞു: ''പഞ്ചസാര ഒരു തരിപോലുമില്ല. പാലുമുഴുവൻ പൂച്ച തട്ടിമറിക്കുകയും ചെയ്തു. നീ വേഗം പോയി കുറച്ച് പഞ്ചസാരയും പാലും വാങ്ങിവരൂ. എന്നാലേ കാപ്പി കുടിക്കാനാകൂ!''
''അയ്യോ! അമ്മേ ഞാൻ അല്പനേരം കൂടി മൂടിപ്പുതച്ചുകിടന്നുറങ്ങട്ടെ. എനിക്ക് മധുരവും പാലും ഇല്ലാത്ത കാപ്പി തന്നാൽ മതി!''
അമ്മ അടുക്കളയിലെത്തി. കള്ളിപ്പൂച്ചയുടെ ഓട്ടത്തിനിടയിൽ കാപ്പിപ്പൊടി മുഴുവൻ താഴെ വീണു പോയിരുന്നു. ഇനിയെന്തുചെയ്യും? അമ്മ വീണ്ടും കുഞ്ചുവിന്റെ അടുത്തെത്തി. ''നീ വേഗം എഴുന്നേറ്റ് പോയി കാപ്പിപ്പൊടിയും പഞ്ചസാരയും പാലും വാങ്ങി വന്നാൽ അമ്മ ഒന്നാന്തരം കാപ്പി ഉണ്ടാക്കിത്തരാം!'' പാതിയുറക്കത്തിൽ പുതപ്പിനടിയിൽ കൂടി തല പുറത്തേക്കിട്ടു കുഞ്ചു പറഞ്ഞു: ''അമ്മേ! എനിക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും, പാലും ഇല്ലാത്ത കാപ്പി തന്നാൽ മതി!''
കുറേക്കഴിഞ്ഞ് കുഞ്ചു ഉറക്കമുണർന്നു. അവന് വല്ലാതെ തണുത്തു. ''അമ്മേ എനിക്ക് കാപ്പി വേണം!'', അവൻ പറഞ്ഞു. അമ്മ വേഗം അവന് ഒരു ഗ്ലാസ് ചൂടുവെള്ളം കൊടുത്ത് ചോദിച്ചു.
''പാലില്ലാ കാപ്പി
പൊടിയില്ലാ കാപ്പി
മധുരമില്ലാ കാപ്പി
എങ്ങനുണ്ട് കാപ്പി?''
അപ്പോഴാണ് അവന് അക്കാര്യം ഓർമ വന്നത്. ചമ്മിപ്പോയ അവൻ കടയിൽ പോയി അമ്മ പറഞ്ഞതെല്ലാം വാങ്ങി. അതിൽ പിന്നെയവൻ മടി കാട്ടിയിട്ടേയില്ല.
Content Highlights: Engaging moral story for children in Malayalam, Teaches children the consequences of laziness.
Published: 07 Nov 2026, 12:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented