കേശു കൃഷിചെയ്യാനായി ഒരു പറമ്പ് വാങ്ങി. അതിൽ ഒരു കിണർ കുഴിക്കാൻ അയാൾ തീരുമാനിച്ചു. വിദഗ്ധനായ ഒരാളെ കൊണ്ടുവന്ന് കിണറിന്റെ സ്ഥാനം കാണുകയും ചെയ്തു. പിറ്റേന്ന് മുതൽ കേശു കിണർ കുഴിതുടങ്ങി.
കുറച്ചുദിവസംകൊണ്ട് പതിനഞ്ച് അടിയോളം താഴ്ചയിലെത്തി. എന്നാൽ വെള്ളത്തിന്റെ ഒരുലക്ഷണവും കാണാതിരുന്നതിനാൽ കേശു നിരാശനായി. വിഷമിച്ച് ഒരിടത്ത് ഇരിക്കുമ്പോഴാണ് ഒരാൾ അതുവഴിവന്നത്. കേശുവിനോട് അയാൾ കാര്യം തിരക്കി. കേശുപറഞ്ഞത് കേട്ട് വഴിപോക്കൻ ഉറക്കെചിരിച്ചു. ''എടോ, ഈ സ്ഥലത്ത് കുഴിച്ചാൽ തനിക്ക് ഒരു തുള്ളിവെള്ളംപോലും കിട്ടില്ല. ദാ, ഇവിടെ കുഴിച്ചുനോക്ക്'', എന്ന് പറഞ്ഞ് അയാൾ മറ്റൊരുസ്ഥലം കാണിച്ചുകൊടുത്തു.
പിറ്റേന്ന് മുതൽ അയാൾ അവിടെ കുഴിക്കാൻ തുടങ്ങി. എന്നാൽ ഇരുപത് അടി എത്തിയിട്ടും ഒരുതുള്ളിവെള്ളംപോലും കിട്ടിയില്ല. ഇനി എന്തുചെയ്യണമെന്ന് കരുതി ഇരിക്കുമ്പോഴാണ് മറ്റൊരാൾ വന്ന് കിണർ കുഴിക്കാൻ വേറൊരുസ്ഥലംകാണിച്ചുകൊടുത്തത്. കേശു അവിടെയും കുഴിക്കാൻ തുടങ്ങി. കുറേ താഴ്ചയിലെത്തിയിട്ടും വെള്ളം കിട്ടിയില്ല.
ഒടുവിൽ ഇനി കിണർകുഴിക്കേണ്ട എന്ന് തീരുമാനിച്ച് കേശു വീട്ടിലേക്കുമടങ്ങി. കാര്യങ്ങൾ അറിഞ്ഞപ്പോൾ കേശുവിന്റെ ഭാര്യ പറഞ്ഞു: ''നിങ്ങൾക്ക് ബുദ്ധിയില്ലേ മനുഷ്യാ. ആരെങ്കിലും ഈരീതിയിൽ കിണർ കുഴിക്കുമോ. ആദ്യം കുഴിച്ചിടത്തുതന്നെ കുഴിച്ചിരുന്നേൽ ഇത്രയും അധ്വാനിക്കാതെ തന്നെ വെള്ളം കിട്ടിയേനെ. ഓരോരുത്തരുടേയും വാക്കുകൾ കേട്ട് ഓരോന്ന് പ്രവർത്തിക്കാൻ പോയാൽ ജീവിതത്തിൽ ഒരുലക്ഷ്യവും നേടാൻ കഴിയില്ല.''
ഭാര്യയുടെ വാക്കുകൾ കേശുവിനെ ചിന്തിപ്പിച്ചു. പിറ്റേന്നുതന്നെ അയാൾ പറമ്പിലെത്തി ആദ്യം കുഴിച്ച കിണർ വീണ്ടും കുഴിക്കാൻ തുടങ്ങി. ഏതാനും അടിതാഴ്ച എത്തിയപ്പോഴേക്കും കിണറിൽ വെള്ളം കാണുകയും ചെയ്തു.
Content Highlights: Illustrates the importance of consistency and perseverance., Warns against constantly changing direction based on others' opinions.
Published: 06 Nov 2026, 12:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented