കാസർകോട് : ഡിജിറ്റൽ അറസ്റ്റിന്റെപേരിൽ 80 വയസ്സുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയെടുത്ത കേസിൽ വിദേശത്ത് ജോലിചെയ്യുന്ന പ്രതി ഹൈദരാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ. മലപ്പുറം മേലാറ്റൂരിലെ ഷംസാദ് ചൂരകത്തിനെയാണ് (34) കാസർകോട് സൈബർ പോലീസ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്‌ അറസ്റ്റ് ചെയ്തത്.

To advertise here,

2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് സംഭവം. നീലേശ്വരം സ്വദേശിയായ ഡോക്ടറെ ഫോണിലൂടെയും വാട്‌സാപ്പ് വീഡിയോകോളിലൂടെയും ബന്ധപ്പെട്ട പ്രതികൾ 'ഡിജിറ്റൽ അറസ്റ്റ്' മുഖേന ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായാണ് പണം തട്ടിയത്.

മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡോക്ടർ ഉൾപ്പെട്ടിട്ടുണ്ടെന്നും 'ഡിജിറ്റൽ അറസ്റ്റ്' ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് ഒഴിവാക്കുന്നതിനും റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കുമായി പണം കൈമാറണമെന്നും വിശ്വസിപ്പിച്ചാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 1,19,35,000 രൂപ പ്രതികൾ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് അയപ്പിച്ചത്. തുടർന്ന് കാസർകോട് സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു.

46.25 ലക്ഷം അക്കൗണ്ടിൽ; 9.60 ലക്ഷം മറ്റൊരു അക്കൗണ്ടിലേക്ക്

പോലീസിന്റെ അന്വേഷണത്തിൽ പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17-ന് തട്ടിയെടുത്ത 46.25 ലക്ഷം നാഗാലാൻഡിലെ പുരാനബസാർ ശാഖയിലുള്ള ആക്‌സിസ് ബാങ്കിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.

ഇതേദിവസം ഈ തുകയിൽനിന്ന് 9.60 ലക്ഷം രൂപ രണ്ട് ഇടപാടുകളിലായി പ്രതിയായ ഷംസാദിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റിയതായും ഇതിൽ ഒൻപതുലക്ഷം ചെക്ക് മുഖേന പിൻവലിച്ചതായും പോലീസ് കണ്ടെത്തി.

ഷംസാദ് വിദേശത്ത് ജോലിചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിക്കുകയും ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയുംചെയ്തു.

സെപ്റ്റംബർ 17-ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ചതായി കാസർകോട് പോലീസിന് വിവരം ലഭിച്ചു.

ജില്ലാ പോലീസ് മേധാവി പി. നിധിൻരാജിന്റെ മേൽനോട്ടത്തിലും കാസർകോട് സൈബർ പോലീസ് ഇൻസ്പെക്ടർ കെ. രാജീവന്റെ നിർദേശപ്രകാരവും എസ്.ഐ. നൗഷാദ്, എ.എസ്.ഐ.മാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, വിപിൻ എന്നിവർ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തുടർന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.