കാസർകോട് : വർഷങ്ങൾ നീണ്ട സേവനത്തിന് വിരാമമായി. ബഡിക്കും കാമിക്കും ജില്ലാ പോലീസ് ആസ്ഥാനത്തുനിന്ന് ഔദ്യോഗിക യാത്രയയപ്പ് നൽകി. ജില്ലയിലെ കെ9 സ്‌ക്വാഡിലെ എക്‌സ്‌പ്ലോസീവ് വിഭാഗം നായകളായ ബഡിക്കും കാമിക്കും ഇനി തൃശ്ശൂർ വിശ്രാന്തികേന്ദ്രത്തിൽ വിശ്രമകാലം. ഇരുവർക്കും ജില്ലാ പോലീസ് ആസ്ഥാനത്ത് തിങ്കളാഴ്ച ഔദ്യോഗിക യാത്രയയപ്പ് നൽകി.

To advertise here,

പോലീസ് നായകളല്ല, ഇവർ തങ്ങളുടെ സഹപ്രവർത്തകരും അതിലുപരി അഭിമാനവുമാണെന്ന് യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് പറഞ്ഞു.

ഔദ്യോഗിക ചുമതലയ്ക്ക് പുറമേ അഖിലേന്ത്യാ പോലീസ് ഡ്യൂട്ടി മീറ്റിൽ മെഡൽ നേടിയ കോരളത്തിലെ ഏക പോലീസ് നായയാണ് ബഡി. പത്തുവർഷമായി സേനയുടെ ഭാഗമായ ബഡിയും 2018-ൽ സേനയിലെത്തിയ കാമിയും കൃത്യനിർവഹണത്തിലും അച്ചടക്കത്തിലും നിഷ്‌കർഷരാണ്. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിലും വി.വി.ഐ.പി. സുരക്ഷാപരിശോധനയിലും ഒരു ദശാബ്ദത്തോളം മികച്ച സേവനം നൽകിയാണ് ഇരുവരും വിരമിക്കുന്നത്.ഇണക്കവും അനുസരണയുമുള്ള നായകളാണ് ഇരുവരുമെന്ന് പരിപാലകരായ ആർ. ഷിജിത്തും പി. അനീഷും പറഞ്ഞു. ഇവരെ കൂടാതെ നിലവിൽ ലാബ്രഡോർ ഇനത്തിൽപെട്ട മൂന്നും ബെൻജിയൻ മാലിനോയിസ് ഇനത്തിൽപെട്ട രണ്ടും നായകൾ ജില്ലയിൽ കെ9 സ്വാഡിലുണ്ട്.