മൊറാഴ : ദീർഘകാലത്തെ ഇടവേളക്ക് ശേഷം ആന്തൂർ നഗരസഭയിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം മേഖല സജീവമാകുന്നു.
വിവിധ സംയോജിത പദ്ധതികളുടെ സഹായത്താൽ 13 കോടി രൂപയുടെ വിവിധ നിർമാണങ്ങളാണ് ഇക്കോ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് നടക്കുന്നത്. വെള്ളിക്കീൽ വികസനത്തിന്റെ ഭാഗമായി ഇക്കോ പാർക്കിന്റെ ഇരുവശവും വേലികെട്ടിയ നടപ്പാതയും സൗരവിളക്കുകകളും ഒരുങ്ങി. ഇതോടെ
നിർമാണം നടക്കുമ്പോൾ തന്നെ നിത്യേന നിരവധി സന്ദർശകരാണെത്തുന്നത്. ഒൻപത് വർഷത്തിന് ശേഷമാണ് പാർക്ക് മേഖലയിൽ വെളിച്ചമെത്തിയത്.
സംസ്ഥാന സർക്കാർ 2022-ലെ പദ്ധതി ഇനത്തിൽ എട്ട് കോടിയും മറ്റു വകുപ്പുകളുടെ കീഴിൽ അനുബന്ധ പദ്ധതികളും സംയോജിപ്പിച്ചാണ് വെള്ളിക്കീലാൽ സമഗ്ര ഇക്കോ ടൂറിസ വികസനത്തിന് വിഭാവനംചെയ്തത്.
2016-വരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. തുടർന്ന് പ്രകൃതിക്ഷോഭവും അധികൃതരുടെ കടുത്ത അവഗണനയും മൂലം പദ്ധതിപ്രദേശമാകെ ഇരുട്ടിലായി. ഇരുഭാഗത്തും നിരവധി ഇരിപ്പിടങ്ങൾ, കുട്ടികൾക്ക് മിനി പാർക്ക്, ബോട്ട് സവാരി, ലഘുഭക്ഷണശാലകൾ, ഫ്ലോട്ടിങ്ങ് ഹോട്ടൽ, പാർക്ക് പ്രദേശമാകെ വെള്ളിവെളിച്ചം വിതറിയ നിരവധി സൗരവിളക്കുകൾ
എന്നിവയെല്ലാം പാർക്കിലുണ്ടായിരുന്നു. പ്രകൃതിക്ഷോഭത്തിൽ പല ഹട്ടുകളും സൗരവിളക്കുകളും പാർക്കിലെ പല അടിസ്ഥാനസൗകര്യങ്ങളും നശിച്ചു. തുടർന്ന് ഇത്രയും വർഷമായിട്ടും അവ പുനരുദ്ധരിക്കാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല.
വരുന്നത് വേറിട്ട പദ്ധതി
പാർക്കിലെ പുതിയ വികസന പ്രവർത്തനങ്ങളിൽ പ്രധാനം മൂന്ന് കിലോ മീറ്റർ ദൈർഘ്യമുള്ള സൈെക്കിൾ പാതയാണ്.
മൊറാഴ കുട്ടഞ്ചേരിയിൽനിന്ന് തുടങ്ങി വെള്ളിക്കീൽ ഇക്കോ പാർക്കിൽ എത്തിച്ചേരുന്ന വയലുകൾക്ക് നടുവിലെ തോട്ടിൻവരമ്പിലൂടെയാണ് സൈക്കിൾപാത. എന്നാൽ പ്രവൃത്തി നിലവിൽ സ്തംഭിച്ചു. ഇതോടൊപ്പം കണ്ടൽക്കാടുകൾക്കിടയിലൂടെ സഞ്ചാരപാത, ഗ്ലാസ് പാലം, സാഹസിക പാർക്ക്, തീയേറ്റർ, ബോട്ട് സൗകര്യം, ഫ്ലോട്ടിങ്ങ് ഭക്ഷണശാല എന്നിവയെല്ലാം ഒരുക്കുമെന്നാണ് പദ്ധതി വാഗ്ദാനം. ദീർഘകാലത്തിന് ശേഷം പാർക്ക് റോഡിന്റെ ഇരുഭാഗവും നടപ്പാതയും സൗരവിളക്കുകളും തെളിഞ്ഞത് ശുഭസൂചകമാണെന്നാണ് നാട്ടുകാർ പറയുന്നത്. പാർക്കിലെ പ്രധാന സഞ്ചാരപാത ഇരുഭാഗവും നടപ്പാതയാക്കി മാറ്റിയതോടെ
വാഹന പാർക്കിങ് സഞ്ചാരികൾക്ക് വലിയ വിനയായി മാറി.
Published: 22 Sept 2026, 03:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented