ഓണാഘോഷത്തിന്റെ തിരക്കിൽ നാടാകെ പരക്കംപായുന്നതിനിടെ ഓഗസ്റ്റ് 24-ന് പയ്യന്നൂർ പിലാത്തറക്ക് സമീപത്തെ മണ്ടൂർ ഗ്രാമം ഉണർന്നത് നടുക്കുന്ന അപകടവാർത്ത കേട്ടാണ്. പുലർച്ചെ തകരാറിലായ, മരത്തടികയറ്റിയ ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സംഭവിച്ച ദുരന്തം ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. പിലാത്തറ -പയ്യന്നൂർ കെ.എസ്.ടി.പി. റോഡിൽ രണ്ട് മെക്കാനിക്കുകളുടെ ദാരുണാന്ത്യം എവരേയും നടുക്കി.
നിർത്തിയിട്ട ചരക്കുലോറിയിൽ അതിവേഗത്തിൽ വന്ന സിമന്റ് ബൾക്കർ ലോറിയിടിച്ചാണ് രണ്ട് ജീവൻ പൊലിഞ്ഞത്. പുലർച്ചെ 3.30-ഓടെയായിരുന്നു ദുരന്തം. ഇടിയുടെ ആഘാതത്തിൽ ഒരാൾ ലോറിക്കുള്ളിൽ കത്തിയമർന്നു. മറ്റൊരാൾ ഇടിയുടെ ആഘാതത്തിലും മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കാലിലെ എബിനേസർ ആന്റോ (24), പാലക്കാട് ഒറ്റപ്പാലം എരവക്കോട് എക്കോരത്ത് വളപ്പിൽ മുഹമ്മദ് ഷിബൽ (22) എന്നിവരെയാണ് അന്ന് നഷ്ടമായത്. പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡ് തുറന്നുകൊടുത്ത് ഏഴരവർഷം കഴിയുമ്പോൾ ജീവൻ വെടിഞ്ഞവരുടെ കൂട്ടത്തിൽ ഇവരും ഉൾപ്പെട്ടു.
കല്യാശ്ശേരി സെൻട്രൽ കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ദ്വാരകയിൽ കാങ്കോട് നിർമൽകുമാർ (64) ആണ് അവസാനത്തെ ഇര. ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് മരിച്ചത്. സെപ്റ്റംബർ ഏഴിന് കല്യാശ്ശേരി കണ്ണപുരം യോഗശാലക്ക് സമീപത്തായിരുന്നു അപകടം നടന്നത്. പാതയോരത്ത് സ്കൂട്ടർ നിർത്തി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങാൻ പോകുന്നതിനിടയിലാണ് അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് തെറുപ്പിച്ചത്. നിർമൽ അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചുപോവാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്. തൊട്ടുമുൻപ് സെപ്റ്റംബർ 14-ന് പ്രഭാതസവാരിക്കിടെ കല്യാശ്ശേരി കണ്ണപുരം യോഗശാലയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിടിച്ച് കെ.വി. ശശിധരൻ എന്ന 67 -കാരനും മരിച്ചു.
ലഭ്യമായ കണക്കുകൾപ്രകാരം റോഡ് തുറന്നശേഷം 153 പേർക്കാണ് അപകടങ്ങളിലൂടെ ജീവൻ നഷ്ടപ്പെട്ടത്. കെ.എസ്.ടി.പി. റോഡ് കടന്നുപോകുന്ന പരിധിയിലെ നാല് പോലീസ് സ്റ്റേഷനുകളിലെ രേഖപ്രകാരം 2026 മേയ് വരെയുള്ള കണക്കാണിത്. പരിക്കേറ്റ് ദീർഘകാലത്തെ ചികിത്സയ്ക്കിടെ മരിച്ചവരുടെ എണ്ണംകൂടി ചേർക്കുമ്പോൾ മരണസംഖ്യ വീണ്ടുമുയരും. 21 പേരെങ്കിലും ചികിത്സയ്ക്കിടെ മരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്ക്. പിലാത്തറ റോഡ് കഴിഞ്ഞ് മണ്ടൂർ വളവിലും ഇറക്കത്തിലുമുണ്ടായ അപകടങ്ങൾക്ക് കൈയും കണക്കുമില്ല. കെ.എസ്.ടി.പി. റോഡ് നിർമാണം പൂർത്തിയാക്കി ഔപചാരിക ഉദ്ഘാടനത്തിന് മുൻപുതന്നെ തുറന്നുകൊടുത്തിരുന്നു. അപ്പോൾത്തന്നെ അപകടങ്ങളും തുടങ്ങി. 2017 നവംബറിൽ ഇതേസ്ഥലത്തിന് സമീപം സ്വകാര്യ ബസ് പാഞ്ഞുകയറി അഞ്ചുപേർ മരിച്ചതാണ് അപകടപരമ്പരകളുടെ തുടക്കം. 16 പേർക്കാണ് അന്ന് പരിക്കേറ്റത്. ഏതാനും മാസം മുൻപാണ് അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ കോടതി അഞ്ചുവർഷം തടവിന് ശിക്ഷിച്ചത്.
ചോരയും കണ്ണീരും വീണ വഴി
2022 ഫെബ്രുവരിയിൽ കല്യാശ്ശേരി കണ്ണപുരം പാലത്തിന് നമീപം മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞുമടങ്ങിയ രണ്ടുപേരും ജൂണിൽ സ്കൂട്ടറിൽ യാത്രചെയ്ത രണ്ടുപേരും 2024 ഫെബ്രുവരിയിൽ കാട്ടിലെപ്പളളി ഉറൂസിൽ പങ്കെടുത്തുമടങ്ങിയ ബന്ധുക്കളായ രണ്ട് സ്ത്രീകളും മരിച്ചത് ഇന്നും നടുക്കുന്ന ഓർമകളാണ്. ഈവർഷം ഏപ്രിലിൽ രണ്ട് യുവാക്കൾ ഇരിണാവ് യോഗശാലയ്ക്ക് സമീപം ബൈക്കപകടത്തിൽ മരിച്ചു. പുന്നച്ചേരിയിലും അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടു.
പോലീസ് രേഖപ്പെടുത്തിയതിനേക്കാൾ എത്രയോ അധികമാണ് ഈ റോഡിലെ അപകടങ്ങളുടെ എണ്ണം. ചുരുക്കത്തിൽ പാപ്പിനിശ്ശേരി-പിലാത്തറ റോഡ് ഒരു മരണപാതയായി മാറുകയാണ്. അമിതവേഗവും തകർന്ന റോഡും പാലങ്ങളും രാത്രിയിലെ കൂരിരുട്ടുമാണ് മിക്ക അപകടങ്ങൾക്കും കാരണം.
റോഡ് തുറന്നുകൊടുത്ത 2017 നവംബറിനും 2018 ഡിസംബറിനുമുള്ളിൽ 16 പേർ അപകടത്തിൽ മരിച്ചു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അഞ്ചുപേരുടെ ജീവനാണ് പൊലിഞ്ഞത്. 2026 ജൂൺ മുതൽ ഓഗസ്റ്റ് 31-വരെ ഏഴുപേർ മരിച്ചു. മൂന്നുപേർ പരിയാരം സ്റ്റേഷൻ പരിധിയിലാണ്. പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച 21 പേരും ഉൾപ്പെടെയാണ് 152 പേർ റോഡിൽ അനാസ്ഥയുടെ രക്തസാക്ഷികളായത്.
Published: 22 Sept 2026, 03:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented