കാസർകോട് : ഓട്ടൻതുള്ളലിന്റെ താളത്തിലും തനിമയിലും ഗിഫ്റ്റഡ് കുട്ടികൾക്ക് കലയും സംസ്‌കാരവും പരിചയപ്പെടുത്തുന്ന സർഗശാല ശ്രദ്ധേയമായി. ഗിഫ്റ്റഡ് ചിൽഡ്രൺ പദ്ധതിയുടെ ഭാഗമായി നടന്ന പ്രതിമാസ സർഗശാലയിൽ കല്യാണസൗഗന്ധികം കഥയെ ആസ്പദമാക്കിയാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. കലയും സംസ്‌കാരവും എന്ന വിഷയമേഖലയിൽ ഉൾപ്പെടുത്തിയാണ് ഓട്ടൻതുള്ളൽ അരങ്ങേറിയത്.

To advertise here,

പയ്യന്നൂർ ഫോക്‌ലാൻഡ്, ഇൻ ടാക്, ഡോർഫ് കെറ്റൽ തുടങ്ങിയവയുടെ സഹകരണത്തോടെ കാസർകോട് ജി.എസ്.ബി.എസ്. സ്‌കൂളിൽ നടന്ന ഓട്ടൻതുള്ളൽ കാണുന്നതിന് നിരവധി കുട്ടികളും രക്ഷിതാക്കളും എത്തിയിരുന്നു. കരിവെള്ളൂർ രത്‌നകുമാർ ഓട്ടൻതുള്ളൽ വേഷം അവതരിപ്പിച്ചു. പീതാംബരൻ കുറുമാത്തൂർ, മനോജ് വെള്ളൂർ, വിനോദ് കമ്പിൽ എന്നീവർ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. സവിത, റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ എൻ. നന്ദികേശൻ, ദിവ്യംഗന, കോഡിനേറ്റർ കെ. മിനിഷ് ബാബു, ഫോക്‌ലാൻഡ്‌ ഭാരവാഹികളായ കെ. സുരേശൻ, വി.എം. രജിത എന്നിവർ സംസാരിച്ചു.