തുടങ്ങിയത് വിരലിലെണ്ണാവുന്ന സംരംഭങ്ങൾ മാത്രം

To advertise here,

ഇരിട്ടി : വികസന ഫണ്ടുകൾ ഉത്പ്പാദന ക്ഷമമല്ലാത്ത പദ്ധതികൾക്കായി വകയിരുത്തി നശിപ്പിക്കുന്നതിന്റെ നേർക്കാഴ്ചയാണ് പായം കാടമുണ്ടയിലെ വനിതാ വ്യവസായ എസ്റ്റേറ്റ്. വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി പഞ്ചായത്ത് ഒരുക്കിയ വനിതാ വ്യവസായ എസ്റ്റേറ്റിലെ കെട്ടിടങ്ങൾ ഇപ്പോൾ കാട്ടിനുള്ളിൽ നശിക്കുകയാണ്. വനിതകൾക്ക് തൊഴിലും സ്വയംതൊഴിൽ അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത്. എന്നാൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി എടുത്ത കെട്ടിടങ്ങളിൽ പലതും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുകയാണ്.

എസ്.സി. വനിതകളുടെ വ്യവസായ യൂണിറ്റ് ആരംഭിക്കുന്നതിനായി 10 വർഷം മുമ്പ് എടുത്ത കെട്ടിടത്തിൽ ഇതുവരെ ഒരു സംരംഭവും പ്രവർത്തനം ആരംഭിച്ചിട്ടില്ല. കാലപ്പഴക്കവും അറ്റകുറ്റപ്പണികളുടെ അഭാവവും കാരണം കെട്ടിടം ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. ഗാർമെന്റ്‌സ് യൂണിറ്റിനായി എടുത്ത മറ്റൊരു കെട്ടിടത്തിലും സമാനമായ അവസ്ഥയാണ്. ഫാൻ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ട് ഒരുവർഷം കഴിഞ്ഞെങ്കിലും ഇവിടെ ഇതുവരെ സംരംഭം ആരംഭിച്ചിട്ടില്ല. ഈ കെട്ടിടവും കാട്ടിനുള്ളിലാണ്. നിരവധി തൊഴിൽരഹിതരായ വനിതകൾ സംരംഭങ്ങൾ ആരംഭിക്കാൻ അവസരം തേടുമ്പോഴാണ് അവർക്കായി ഒരുക്കിയ കെട്ടിടങ്ങൾ ഉപയോഗം ഇല്ലാതെ നശിക്കുന്നത്.

നിലവിൽ ഖാദിയുടെ ഒരു യൂണിറ്റും അമൃതം പൊടി നിർമ്മാണ യൂണിറ്റും മാത്രമാണ് വനിതാ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്നത്. വനിതകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പദ്ധതിയുടെ കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താൻ അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.