പള്ളിക്കര : ഓവുചാലിന് മുകളിൽ ഉറപ്പിച്ചിട്ടുള്ള ഇരുമ്പ് ഗ്രിൽ കമ്പികൾ ഇളകിയത് അപകടമുണ്ടാക്കുന്നു. ബേക്കൽ ഹദ്ദാദിൽനിന്നും ബിലാൽ നഗറിലേക്ക് പോകുന്ന ഹസ്സൻ ബസാർ റോഡിന്റെ ഓവുചാലിന് മുകളിൽ ഉറപ്പിച്ചിരിക്കുന്ന ഇരുമ്പ് ഗ്രില്ലുകളിൽ പലതിന്റെയും കമ്പികൾ നഷ്ടപ്പെട്ടത്‌ അപകടം ക്ഷണിച്ചുവരുത്തുന്നു. കഴിഞ്ഞയാഴ്ച 50 വയസ്സ് കഴിഞ്ഞ ഒരു വീട്ടമ്മയുടെ കാൽ ഇരുമ്പ് കമ്പികളില്ലാത്ത വിടവിൽവീണ് അപകടത്തിൽപ്പെട്ടിരുന്നു.

To advertise here,

ചില വിടവുകൾക്ക് കുട്ടികൾ ചോർന്നുപോകുന്നത്ര വലിപ്പമുണ്ട്. കമ്പികൾ വെൽഡ് ചെയ്ത് ഘടിപ്പിച്ചതിലെ ഗുണനിലവാരക്കുറവ് മൂലമാണ് ഇവ ഇളകിപ്പോകുന്നതെന്ന് നാട്ടുകാർ പറയുന്നു. വീതി കുറവായതുമൂലം ഓവുചാലും റോഡും ഒരേ ലെവലിൽ നിർമിച്ചശേഷം ഓവുചാലിന്റെ മുകൾഭാഗം റോഡ് നിരപ്പിൽ കോൺക്രീറ്റുചെയ്തതാണ്. വെള്ളം ഓവുചാലിലേക്ക് ഒഴുകിവീഴാൻ ഇടവിട്ട് ഇരുമ്പ് ഗ്രില്ലും ഘടിപ്പിച്ചിട്ടുണ്ട്. അവയിലെ ഇരുമ്പ് കമ്പികളാണ് വെൽഡിങ് ഇളകി അപകടമുണ്ടാക്കുംവിധമായിരിക്കുന്നത്.

മിനിലോറി പോലുള്ള വാഹനങ്ങൾ ഗ്രില്ലിൽ കയറുമ്പോൾത്തന്നെ വെൽഡിങ്ഗ്‌ ഇളകുന്നതായി പരിസരവാസികൾ പറഞ്ഞു. കമ്പികൾ ഇളകി വിടവ് ഉണ്ടാകുന്നിടത്ത്, നാട്ടുകാർ പലക കഷണങ്ങൾ നിരത്തിവെച്ച് കവചംതീർക്കുന്നുണ്ട്. ഉടൻ അറ്റകുറ്റപ്പണി നടത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.