കാഞ്ഞങ്ങാട് : രണ്ടുവർഷം മുൻപ് കാഞ്ഞങ്ങാട് നഗരത്തിൽ പ്രഖ്യാപിച്ച നഗരസൗന്ദര്യവത്കരണം വിളക്കുകാലുകളിൽ ഒതുങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഏറ്റെടുത്ത പദ്ധതിയാണ് എവിടെയുമെത്താതെ നിൽക്കുന്നത്. 2023-ലാണ് ജില്ലാഭരണകൂടം കാഞ്ഞങ്ങാട് നഗരത്തിന്റെ നഗരസൗന്ദര്യവത്കരണം പ്രഖ്യാപിച്ചത്.
കാഞ്ഞങ്ങാട് നഗരസഭ ഏറ്റെടുക്കാൻ തയ്യാറായ പദ്ധതിക്ക് നറുക്കുവീണത് ഡി.ടി.പി.സി.ക്കായിരുന്നു. സ്മൃതിമണ്ഡപം കവലമുതൽ നോർത്ത് കോട്ടച്ചേരി വരെയുള്ള ഡിവൈറുകളിൽ പുൽത്തകിടിയും പൂച്ചെടികളും വെച്ചുപിടിപ്പിക്കുകയും ഇവിടെയുള്ള സൗരോർജ തെരുവുവിളക്കുകൾക്കുപകരം വൈദ്യുത വിളക്കുകാലുകൾ സ്ഥാപിക്കുകയുമായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. തുടക്കം മുതൽ ഇഴഞ്ഞുനീങ്ങിയ പദ്ധതിയിൽ ഈവർഷം ഏപ്രിലാണ് വിളക്കുകൾ തെളിഞ്ഞത്.
പദ്ധതിക്കായി ഡിവൈഡറിൽ അങ്ങിങ്ങായി അവശേഷിച്ചിരുന്ന തണലും ചെടികളും കൊത്തിനീക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിവൈഡറുകളിലെ തുരുമ്പെടുക്കുന്ന ഇരുമ്പുവേലിക്കെട്ടിന്റെ നവീകരണവും പുൽത്തകിടി അടക്കമുള്ളവയുടെ സൗന്ദര്യവത്കരണവും ഇതുവരെ നടന്നിട്ടില്ല.
10 വർഷം മുൻപ് കെ.എസ്.ടി.പി. നവീകരണത്തിൽ ഒരുക്കിയ ഇരുമ്പുവേലി നിർമാണത്തിനു ശേഷം പെയിന്റിങ് നടത്താതിനാൽ മുഴുവനും തുരുമ്പെടുത്ത നിലയിലാണ്. തുരുമ്പെടുത്ത വേലി പലയിടത്തും വാഹനമിടിച്ചും മറ്റും തകർന്ന നിലയിലുമാണ്.
കാരാറുകാരനുമായുള്ള നിയമപ്രശ്നമാണ് നിലവിൽ പദ്ധതി മുടങ്ങിക്കിടക്കാനുള്ള കാരണമായി ഡി.ടി.പി.സി. സെക്രട്ടറി പറയുന്നത്. ഇതുകൊണ്ടുതന്നെ പദ്ധതി എന്നു പൂർത്തീകരിക്കാനാകുമെന്ന കാര്യത്തിലും വ്യക്തതയില്ല.
എം.എൽ.എ. അടക്കമുള്ള ജനപ്രതിനിധികളും ജില്ലാഭരണകൂടവും വിഷയത്തിൽ ശക്തമായി ഇടപെടേണ്ട ആവശ്യകതയിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
Published: 17 Oct 2026, 04:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented